റോഡില്ല മഴുവന്നൂര്‍ കോളനിയുടെ വികസനം ഇനിയും അകലെ
തരുവണ: നാലുപതിറ്റാണ്ടായി വഴിയില്ലാത്തതിനാല്‍ ദുരിതം അനുഭവിക്കുകയാണ് തരുവണ മഴുവന്നൂര്‍ കോളനിവാസികള്‍. അടിസ്ഥാന സൗകര്യങ്ങളും കോളനിയില്‍ ഇനിയും അകലെയാണ്. വെള്ളമുണ്ട പഞ്ചായത്തിലെ പഴക്കമേറിയ കോളനികളിലൊന്നാണ് തരുവണ മഴുവന്നൂര്‍ ഇല്ലത്ത് കോളനി.
പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടും, ഓലകൊണ്ടും മേഞ്ഞതും അടച്ചുറപ്പില്ലാത്തതും ചുമരുകളില്ലാത്തവയുമാണ് ഇവിടെയുള്ള വീടുകള്‍.
വിവിധ വകുപ്പുകള്‍ വീട് അനുവദിച്ചാലും നിര്‍മ്മാണ ചുമതല ഏറ്റെടുക്കാനോ ഏറ്റെടുത്തവ പൂര്‍ത്തിയാക്കാനോ കഴിയാറില്ല. ഇത്തരത്തില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാത്ത നിരവധി വീടുകള്‍ ഉണ്ട്. 10 വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയവയാണ് മിക്ക വീടുകളും. നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച വീടിന്റെ തറകളില്‍ കൂര കെട്ടിയാണ് പലരും കഴിയുന്നത്. നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കാന്‍ വഴിയില്ലാത്തതാണ് വികസനത്തിന് എറ്റവും വലിയ തടസമായി മാറിയിരിക്കുന്നത്. കോളനി വാസികളുടെതായി 29 സെന്റ് ഭൂമിയാണ് ഉള്ളത്. 15 ഓളം വീടുകളില്‍ 25 ഓളം കുടുംബങ്ങളിലായി 100ലധികം അംഗങ്ങളുമാണ് ഇവിടെ വസിക്കുന്നത്. കോളനിയില്‍ കിണറില്ലാത്തതിനാല്‍ വയലിനോട് ചേര്‍ന്ന സ്ഥലത്തെ കുഴിയില്‍ നിന്നാണ് വെള്ളമെടുക്കുന്നത്. ഒരു വീട്ടില്‍ പോലും കക്കൂസ് സൗകര്യമില്ല. തുറസ്സായ സ്ഥലങ്ങളും വയലുകളുമാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കോളനിവാസികളുടെ ഏക ആശ്രയം.
റോഡിനായി സൗജന്യമായി സ്ഥലം വിട്ട് നല്‍കാന്‍ സ്വകാര്യ വ്യക്തികള്‍ തയ്യാറായി മാസങ്ങള്‍ കഴിഞ്ഞെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിനോ, റോഡ് നിര്‍മ്മിക്കുന്നതിനോ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."