സര്‍ക്കാര്‍ പ്രഖ്യാപിച്ച വികസന പാക്കേജ് അട്ടിമറിച്ചു ആഭ്യന്തര മന്ത്രിയെത്തിയിട്ടും ചാപ്പാ കോളനിയുടെ ശനിദശ മാറുന്നില്ല
കുഞ്ഞോം: മൂന്നുവര്‍ഷം മുന്‍പ്് സംസ്ഥാനത്ത് ആദ്യമായി പൊലിസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന തൊണ്ടര്‍നാട് പ്രദേശത്തെ ചാപ്പ കോളനിക്ക് മാറ്റമൊന്നുമില്ല. വാസയോഗ്യമായ വീടും കുടിവെള്ളവും റോഡും ഇന്നും കോളനിക്ക് അന്യമാണ്.
ഏറ്റുമുട്ടല്‍ നടന്നതിന് ശേഷം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും പട്ടിക വര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി.കെ ജയലക്ഷ്മിയും കോളനി സന്ദര്‍ശിക്കുകയും കോളനി വികസനത്തിന് അഞ്ചു കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാക്കേജ് അട്ടിമറിക്കപ്പെട്ടതോടെ കോളനിയിപ്പോഴും പഴയ നിലയില്‍ തന്നെ തുടരുകയാണ്. രണ്ടര കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ച് വേണം നേരത്തെ തന്നെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്ന കോളനിയിലെത്താന്‍.
കോളനി അവികസിതമായി തുടരുന്നത് മാവോയിസ്റ്റ് സാന്നിധ്യം നിരന്തരമുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ കോളനി വികസനത്തിന് പാക്കേജ് പ്രഖ്യാപിച്ചത്. അന്നത്തെ വയനാട് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ചിലരുടെ രാഷ്ട്രിയ താല്‍പര്യം പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാക്കി. ഇതോടെ കോളനിയുടെ വികസനം സാധ്യമായില്ലെന്നു മാത്രമല്ല വന്‍ അഴിമതിക്ക് കളമൊരുങ്ങുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. വീട്, ജീവിക്കാനുള്ള പശുക്കള്‍, അതിനുള്ള തൊഴുത്ത്, ആട്, കോഴി, കൃഷിക്ക് ആവശ്യമായ ജലസേചന കുളം, കൂടി വെള്ളത്തിനുള്ള കിണര്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പെട്ടിരുന്നത്. എന്നാല്‍ പദ്ധതിയില്‍ ഉള്‍പെട്ട ചില പ്രവൃത്തികള്‍ മാത്രമാണ് ഇതിന്റെ ഭാഗമായി നടന്നത്. മൂന്ന് പശുക്കളെയാണ് കോളനിക്കാര്‍ക്ക് നല്‍കിയത്. 10 ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന് പറഞ്ഞാണ് പശുവിനെ നല്‍കിയത്. എന്നാല്‍ രണ്ടുലിറ്റര്‍ പോലും ലഭിക്കുന്നില്ലെന്ന് കോളനിക്കാര്‍ പറയുന്നു. ജലസേചന കുളവും, കുടിവെള്ളത്തിനുള്ള കിണറും ഇതുവരെ നിര്‍മിച്ചിട്ടില്ല. കോളനികാര്‍ക്ക് ഏറെ ആവശ്യമുള്ള റോഡ് പ്രവൃത്തി തുടങ്ങി പാതിവഴിയില്‍ നിര്‍ത്തി. ഏറെ പ്രയാസപ്പെട്ടാണ് കോളനിയിലെ രോഗികളെ നിലവില്‍ ആശുപത്രികളിലെത്തിക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ കോളനിയെ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്. പദ്ധതി നിര്‍വഹണം കാര്യക്ഷമമായിരുന്നില്ലെന്ന് നിലവിലെ എം.എല്‍.എ ഒ.ആര്‍ കേളു പറയുന്നു.
കുടി വെള്ളമില്ലാതെ തൊണ്ടര്‍നാട് പഞ്ചായത്തിലെ ചപ്പ കോളനിയടക്കം 12ഓളം കോളനികളാണ് ഇത്തരത്തില്‍ കഷ്ടത അനുഭവിക്കുന്നത്. പാക്കേജ് അട്ടിമറിച്ചവര്‍ക്കെതിരേ അന്വേഷണം വേണമെന്നും പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നുമാണ് കോളനിക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."