ആദിവാസി കോളനികളിലേത് തലതിരിഞ്ഞ വികസനമോ...?
കക്കൂസുണ്ട്, വീടില്ല; പെരുമ്പാടിക്കുന്ന് കോളനിയിലെ അ'വികസനത്തിന്റെ മാതൃക'
അമ്പലവയല്‍: അന്തിയുറങ്ങുന്നത് മരക്കാലുകളില്‍ കെട്ടിയ പ്ലാസ്റ്റിക് ഷീറ്റിന് ചുവട്ടില്‍. ഇതാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന സ്ഥിതിയില്‍. പേടി കൂടാതെ അന്തിയുറങ്ങാന്‍ വാസയോഗ്യമായ വീട് ആവശ്യമുള്ള ഇവര്‍ക്ക് ട്രൈബല്‍ വകുപ്പ് 15 ലക്ഷം രൂപ മുടക്കി കക്കൂസുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ആദിവാസികളോട് ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും കാണിക്കുന്ന അനീതിക്ക് നേര്‍ചിത്രമാണ് അമ്പലവയല്‍ പെരുമ്പാടിക്കുന്ന് കോളനി.
കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളില്‍പെട്ട മുപ്പതോളം കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. ഏതു നിമിഷവും പൊളിഞ്ഞ് വീഴാന്‍ പാകത്തിലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള വീടുകളിലാണ് ഇവര്‍ കഴിയുന്നത്. വീടിന്റെ അപകടാവസ്ഥ കാരണം ആറു കുടുംബങ്ങള്‍ കോളനിയിലെ സാംസ്‌കാരിക നിലയത്തിലാണ് അന്തിയുറങ്ങുന്നത്. ഇതിനിടെ ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പുതിയ വീടുകള്‍ നിര്‍മിക്കാന്‍ പഴയ വീടുകള്‍ പൊളിച്ചു മാറ്റി. ഇതോടെ ഇവരുടെ ദുരിതം ഇരട്ടിക്കുകയായിരുന്നു. കോളനിയിലെ ഒന്‍പത് വീടുകളാണ് പുതിയ വീടിന്റെ പ്രവൃത്തി തുടങ്ങാന്‍ പൊളിച്ചു മാറ്റിയത്. എന്നാല്‍ ഇവരില്‍ നിന്നും വീടു നിര്‍മാണത്തിനുള്ള പണത്തിന്റെ ആദ്യ ഘഡു കൈക്കലാക്കി കരാറുകാരന്‍ മുങ്ങുകയായിരുന്നു. നാളിതുവരെയായി ഒരു വീടിന്റെയും തറ പോലും കരാറുകാരന്‍ നിര്‍മിച്ചിട്ടില്ല. വിവരം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും അവരും കോളനിക്കാരെ അവഗണിക്കുകയാണ്. എന്തായാലും വീടില്ലാത്ത ഇവര്‍ക്ക് ട്രൈബല്‍ വകുപ്പ് കക്കൂസ് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് കോളനിയിലെ വികസന പ്രവൃത്തികള്‍ ഇത്തരത്തിലാകാനുള്ള പ്രധാന കാരണം. പ്രവൃത്തി പാതി വഴിയില്‍ ഉപേക്ഷിച്ച കരാറുകാരനെതിരേ നടപടി വേണമെന്നും കാലപ്പഴക്കം ചെന്ന വീടുകള്‍ക്ക് പകരം പുതിയ വീടുകള്‍ അനുവദിക്കാന്‍ അധികൃതരുടെഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
സര്‍ക്കാര്‍ പ്രഖ്യാപിച്ച വികസന പാക്കേജ് അട്ടിമറിച്ചുആഭ്യന്തര മന്ത്രിയെത്തിയിട്ടും ചാപ്പാ കോളനിയുടെ ശനിദശ മാറുന്നില്ല
കുഞ്ഞോം: മൂന്നുവര്‍ഷം മുന്‍പ്് സംസ്ഥാനത്ത് ആദ്യമായി പൊലിസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന തൊണ്ടര്‍നാട് പ്രദേശത്തെ ചാപ്പ കോളനിക്ക് മാറ്റമൊന്നുമില്ല. വാസയോഗ്യമായ വീടും കുടിവെള്ളവും റോഡും ഇന്നും കോളനിക്ക് അന്യമാണ്.
ഏറ്റുമുട്ടല്‍ നടന്നതിന് ശേഷം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും പട്ടിക വര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി.കെ ജയലക്ഷ്മിയും കോളനി സന്ദര്‍ശിക്കുകയും കോളനി വികസനത്തിന് അഞ്ചു കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാക്കേജ് അട്ടിമറിക്കപ്പെട്ടതോടെ കോളനിയിപ്പോഴും പഴയ നിലയില്‍ തന്നെ തുടരുകയാണ്. രണ്ടര കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ച് വേണം നേരത്തെ തന്നെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്ന കോളനിയിലെത്താന്‍.
കോളനി അവികസിതമായി തുടരുന്നത് മാവോയിസ്റ്റ് സാന്നിധ്യം നിരന്തരമുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ കോളനി വികസനത്തിന് പാക്കേജ് പ്രഖ്യാപിച്ചത്. അന്നത്തെ വയനാട് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ചിലരുടെ രാഷ്ട്രിയ താല്‍പര്യം പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാക്കി. ഇതോടെ കോളനിയുടെ വികസനം സാധ്യമായില്ലെന്നു മാത്രമല്ല വന്‍ അഴിമതിക്ക് കളമൊരുങ്ങുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. വീട്, ജീവിക്കാനുള്ള പശുക്കള്‍, അതിനുള്ള തൊഴുത്ത്, ആട്, കോഴി, കൃഷിക്ക് ആവശ്യമായ ജലസേചന കുളം, കൂടി വെള്ളത്തിനുള്ള കിണര്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പെട്ടിരുന്നത്. എന്നാല്‍ പദ്ധതിയില്‍ ഉള്‍പെട്ട ചില പ്രവൃത്തികള്‍ മാത്രമാണ് ഇതിന്റെ ഭാഗമായി നടന്നത്. മൂന്ന് പശുക്കളെയാണ് കോളനിക്കാര്‍ക്ക് നല്‍കിയത്. 10 ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന് പറഞ്ഞാണ് പശുവിനെ നല്‍കിയത്. എന്നാല്‍ രണ്ടുലിറ്റര്‍ പോലും ലഭിക്കുന്നില്ലെന്ന് കോളനിക്കാര്‍ പറയുന്നു. ജലസേചന കുളവും, കുടിവെള്ളത്തിനുള്ള കിണറും ഇതുവരെ നിര്‍മിച്ചിട്ടില്ല. കോളനികാര്‍ക്ക് ഏറെ ആവശ്യമുള്ള റോഡ് പ്രവൃത്തി തുടങ്ങി പാതിവഴിയില്‍ നിര്‍ത്തി. ഏറെ പ്രയാസപ്പെട്ടാണ് കോളനിയിലെ രോഗികളെ നിലവില്‍ ആശുപത്രികളിലെത്തിക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ കോളനിയെ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്. പദ്ധതി നിര്‍വഹണം കാര്യക്ഷമമായിരുന്നില്ലെന്ന് നിലവിലെ എം.എല്‍.എ ഒ.ആര്‍ കേളു പറയുന്നു.
കുടി വെള്ളമില്ലാതെ തൊണ്ടര്‍നാട് പഞ്ചായത്തിലെ ചപ്പ കോളനിയടക്കം 12ഓളം കോളനികളാണ് ഇത്തരത്തില്‍ കഷ്ടത അനുഭവിക്കുന്നത്. പാക്കേജ് അട്ടിമറിച്ചവര്‍ക്കെതിരേ അന്വേഷണം വേണമെന്നും പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നുമാണ് കോളനിക്കാരുടെ ആവശ്യം.
റോഡില്ല മഴുവന്നൂര്‍ കോളനിയുടെ വികസനം ഇനിയും അകലെ
തരുവണ: നാലുപതിറ്റാണ്ടായി വഴിയില്ലാത്തതിനാല്‍ ദുരിതം അനുഭവിക്കുകയാണ് തരുവണ മഴുവന്നൂര്‍ കോളനിവാസികള്‍. അടിസ്ഥാന സൗകര്യങ്ങളും കോളനിയില്‍ ഇനിയും അകലെയാണ്. വെള്ളമുണ്ട പഞ്ചായത്തിലെ പഴക്കമേറിയ കോളനികളിലൊന്നാണ് തരുവണ മഴുവന്നൂര്‍ ഇല്ലത്ത് കോളനി.
പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടും, ഓലകൊണ്ടും മേഞ്ഞതും അടച്ചുറപ്പില്ലാത്തതും ചുമരുകളില്ലാത്തവയുമാണ് ഇവിടെയുള്ള വീടുകള്‍.
വിവിധ വകുപ്പുകള്‍ വീട് അനുവദിച്ചാലും നിര്‍മ്മാണ ചുമതല ഏറ്റെടുക്കാനോ ഏറ്റെടുത്തവ പൂര്‍ത്തിയാക്കാനോ കഴിയാറില്ല. ഇത്തരത്തില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാത്ത നിരവധി വീടുകള്‍ ഉണ്ട്. 10 വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയവയാണ് മിക്ക വീടുകളും. നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച വീടിന്റെ തറകളില്‍ കൂര കെട്ടിയാണ് പലരും കഴിയുന്നത്. നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കാന്‍ വഴിയില്ലാത്തതാണ് വികസനത്തിന് എറ്റവും വലിയ തടസമായി മാറിയിരിക്കുന്നത്. കോളനി വാസികളുടെതായി 29 സെന്റ് ഭൂമിയാണ് ഉള്ളത്. 15 ഓളം വീടുകളില്‍ 25 ഓളം കുടുംബങ്ങളിലായി 100ലധികം അംഗങ്ങളുമാണ് ഇവിടെ വസിക്കുന്നത്. കോളനിയില്‍ കിണറില്ലാത്തതിനാല്‍ വയലിനോട് ചേര്‍ന്ന സ്ഥലത്തെ കുഴിയില്‍ നിന്നാണ് വെള്ളമെടുക്കുന്നത്. ഒരു വീട്ടില്‍ പോലും കക്കൂസ് സൗകര്യമില്ല. തുറസ്സായ സ്ഥലങ്ങളും വയലുകളുമാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കോളനിവാസികളുടെ ഏക ആശ്രയം.
റോഡിനായി സൗജന്യമായി സ്ഥലം വിട്ട് നല്‍കാന്‍ സ്വകാര്യ വ്യക്തികള്‍ തയ്യാറായി മാസങ്ങള്‍ കഴിഞ്ഞെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിനോ, റോഡ് നിര്‍മ്മിക്കുന്നതിനോ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
രേഖകളില്ലാതെ 'അഭയാര്‍ഥികളായി' നാല് സെന്റ് കോളനിക്കാര്‍;കോട്ടവയല്‍, ചെറുകുന്ന് കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല
പൂതാടി: വീടുകള്‍ ഏതു സമയത്തും നിലം പൊത്താം, പുതുക്കിപ്പണിയാന്‍ പണവുമില്ല, വീടിരിക്കുന്ന സ്ഥലത്തിനാണെങ്കില്‍ രേഖകളുമില്ല, പ്രതിസന്ധിയുമായി കഴിയുകയാണ് പൂതാടി കൊവളയില്‍ നാലുസെന്റ് കോളനിയിലെ കുടുംബങ്ങള്‍. 1994ല്‍ എട്ട് കുടുംബങ്ങളാണ് ഇവിടെ കുടില്‍ കെട്ടിയത്. പിന്നീടത് നാല്‍പത്തിയൊന്ന് കുടുംബങ്ങളായി. നിലവില്‍ കോളനിയില്‍ ശേഷിക്കുന്നത് ഇരുപത്താറ് കുടുംബങ്ങളാണ്. ഇതില്‍ എട്ട് കുടുംബങ്ങള്‍ക്കാണ് കൈവശാവകാശ രേഖ ലഭിച്ചത്. ഈ കുടുംബങ്ങള്‍ക്കാകട്ടെ പാതിയില്‍ പ്രവൃത്തി നിര്‍ത്തിയ ചോര്‍ന്നൊലിക്കുന്ന വീടുകളിലാണ് താമസിക്കുന്നത്.
ഇവരെ വിവിധ തരത്തില്‍ ചൂഷണം ചെയ്ത് ഫണ്ടുകള്‍ തട്ടിയെടുക്കുന്ന പ്രവണത വര്‍ധിക്കുന്നതല്ലാതെ കുറ്റക്കാര്‍ക്കെതിരേ ഒരു നടപടിയുമുണ്ടാവുന്നില്ല. സംവരണ വിഭാഗമായ പിന്നാക്കാവസ്ഥയിലുള്ള ഇവരെ കൈപിടിച്ചുയര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്നത് ഈ സമുദായത്തെ തകര്‍ക്കുകയാണെന്ന് അഖിലേന്ത്യാ ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറി എ.ഒ ഗോപാലന്‍ പറയുന്നു. ഈ കോളനിക്ക് സമീപത്തായുള്ള കോട്ടവയല്‍ കോളനിയിലെയും, ചെറുകുന്ന് കോളനിയിലെയും അവസ്ഥയും മറിച്ചല്ല. കോട്ടവയല്‍ കോളനിയില്‍ ശൗചാലയം പണിതത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണെന്നാരോപിച്ച് കോട്ടവയല്‍ കോളനിക്കാരെ സ്വകാര്യ വ്യക്തി കോടതി കയറ്റിയിരിക്കുകയാണ്. 35 സെന്റ് സ്ഥലമാണ് ചന്ദ്രപ്രഭ ഗൗഡര്‍ ഇവര്‍ക്കു നല്‍കിയത്. എന്നാലിപ്പോള്‍ അവരുടെ കൈവശം 17 സെന്റ് മാത്രമാണുള്ളത്. ശൗചാലയത്തിന്റെ പേര് പറഞ്ഞ് കള്ളക്കേസ് നല്‍കി ഭൂമി കൈവശ പെടുത്തുകയാണ് ചെയ്യുന്നതെന്ന് കോളനിക്കാര്‍ പറയുന്നു.
അക്ഷരം അന്യമാവുന്ന ആദിവാസി ബാല്യം
മേപ്പാടി: വയനാട്ടിലെ ആദിവാസി കോളനികളില്‍ കുട്ടികള്‍ കറങ്ങി നടക്കുന്നത് കാണാം. നിരവധി കുട്ടികളാണ് സ്‌കൂളില്‍ പോകാതെ കോളനികളിലുള്ളത്. ആദിവാസി കുട്ടികളെ വാഹനങ്ങളില്‍ സ്‌കൂളുകളിലെത്തിച്ചിരുന്ന ഗോത്ര സാരഥി പദ്ധതി മുടങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഉള്‍പ്രദേശത്തെ കോളനികളില്‍ നിന്നും കിലോമീറ്ററുകള്‍ നടന്ന് സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ തയ്യാറാവുന്നില്ല. കൊഴിഞ്ഞ് പോക്ക് തടയാന്‍ പല പേരുകളില്‍ പദ്ധതി ആരംഭിച്ചെങ്കിലും വേണ്ടത്ര വിജയം കണ്ടില്ല. കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി പ്രത്യേക കണക്കെടുപ്പ് തന്നെ ട്രൈബല്‍ പ്രൊമോട്ടര്‍ മുഖേന നടത്തിയിരുന്നു. എന്നാല്‍ കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. 30 ശതമാനം കുട്ടികള്‍ ഓണ പരീക്ഷക്ക് ശേഷം കൊഴിഞ്ഞ് പോയതായി കണ്ടെത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗവും ആദിവാസി കുട്ടികളാണ്. കല്‍പ്പറ്റ നഗരത്തിന് മീറ്ററുകള്‍ മാത്രം ആകലെയുള്ള ഓണിവയല്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന കുട്ടികള്‍ പോലും കൃത്യമായി സ്‌കൂളില്‍ പോകുന്നില്ല. 10 ലേറെ കുട്ടികളാണ് ഫ്‌ളാറ്റില്‍ സ്‌കൂളില്‍ പോകാതിരിക്കുന്നത്. ട്രൈബല്‍ പ്രൊമോട്ടറും നഗരസഭ കൗണ്‍സിലറും താമസിക്കുന്ന ഫ്‌ളാറ്റിലെ അവസ്ഥയാണിത്. സ്‌കൂളുകളോടുള്ള കുട്ടികളുടെ മടി മാറ്റിയെടുത്തില്ലങ്കില്‍ ആദിവാസി കുട്ടികള്‍ക്ക് അക്ഷരം അന്യമാവുമെന്നത് ഉറപ്പാണ്.
ഫ്‌ളാറ്റിലൊക്കെയാണ് താമസംപക്ഷേ കുടിക്കാന്‍ വെള്ളമില്ല
കല്‍പ്പറ്റ: ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യവുമായി കല്‍പ്പറ്റ ഓണിവയലില്‍ സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയ ഫ്‌ളാറ്റില്‍ ആദിവാസികള്‍ക്ക് കുടിക്കാന്‍ മലിന ജലം. മുപ്പതോളം കുടുംബങ്ങളിലായി 75 ഓളം പേര്‍ താമസിക്കുന്ന ഫ്‌ളാറ്റിലാണ് ഈ അവസ്ഥ.
ഫ്‌ളാറ്റിന് മുന്‍പില്‍ കിണറുണ്ടെങ്കിലും ഈ കിണറിലെ വെള്ളം ഉപയോഗ്യമല്ല. തീര്‍ത്തും മലിനമായി കിടക്കുകയാണ്. ഈ കിണര്‍ ചപ്പ് ചവറുകളും മറ്റും നിക്ഷേപിച്ച് മലിനമായ കിണര്‍ ശുചീകരിക്കാന്‍ നടപടിയില്ല. വാട്ടര്‍ അതോറിറ്റിയുടെ ഒരു പൊതു ടാപ്പ് മാത്രമാണ് ഇവരുടെ ഏക ആശ്രയം. എന്നാല്‍ ഈ ടാപ്പില്‍ ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് വെള്ളം ലഭിക്കുന്നത്. ഇപ്പോള്‍ പൊതു ടാപ്പിലും വെള്ളമില്ല. ദൂരെ നിന്നും തല ചുമടായി വെള്ളം കൊണ്ട് വരേണ്ട അവസ്ഥയാണ്. കിണര്‍ വൃത്തിയാക്കി തരണമെന്ന് ആദിവാസികള്‍ പലതവണ അധികൃതരോട് ആവശ്യപ്പെട്ടങ്കിലും നടപടി ഉണ്ടായില്ല. കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി അനാസ്ഥ കാരണം പ്രഹസനമാവുകയാണ്. 17 മുറികളിലായി 30 ലേറെ കുടുംബങ്ങളാണ് ഫ്‌ളാറ്റിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."