ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍; കരുതിയിരിക്കണമെന്ന് പൊലിസ്
സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാനത്ത് ഇതര സംസ്ഥാനതൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ തൊഴിലന്വേഷിച്ചെത്തുന്ന ഇതരസംസ്ഥാനക്കാരില്‍ പലരും അതാത് സംസ്ഥാനങ്ങളില്‍ കുറ്റവാളികളോ കുറ്റവാസനയുളളവരോ ആണെന്ന് കേരളാ പോലിസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. 2015-2016 കാലഘട്ടത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട 743 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മയക്കുമരുന്ന് കടത്തും വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് ഇവയിലധികവും. അന്യസംസ്ഥാനതൊഴിലാളികളുടെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ പൊലിസ് നവ മാധ്യമങ്ങളിലൂടെയും മറ്റും മുന്നറിയിപ്പ് പുറപ്പെടുവിച്ചുകഴിഞ്ഞു.
അന്യസംസ്ഥാനതൊഴിലാളികളെ കരുതിയിരിക്കണമെന്ന പ്രത്യേക മുന്നറിയിപ്പ് ഫേസ് ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയുമൊക്കെ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
വീടുകളുടെ പരിസരങ്ങളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി വസിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുളള പൊലിസ് സ്റ്റേഷനില്‍ അറിയിക്കണം. പൊലിസ് അവരെക്കുറിച്ച് അന്വേഷണം നടത്തുകയും വിവരങ്ങള്‍ സൂക്ഷിക്കുകയും ചെയ്യും. വില്‍പ്പനയ്ക്കുള്ള സാധനങ്ങളുമായി വീടുകളിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ ഒരു കാരണവശാലും വീടുകളുടെ ഉളളിലേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉള്ളില്‍പ്രവേശിച്ചാല്‍ വീടിനെക്കുറിച്ചുള്ള ഏകദേശ ധാരണ ഇവര്‍ക്ക് ലഭിക്കും. ഇത് പിന്നീട് വീട്ടില്‍ മോഷണം നടത്താന്‍ ഇവര്‍ക്ക് സഹായകമാകും. വീടുകളില്‍ സ്ത്രീകള്‍ മാത്രമുളള സാഹചര്യങ്ങളില്‍ വളരെയേറെ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു. രാത്രി കാലങ്ങളില്‍ സംശയാസ്പദമായി കറങ്ങി നടക്കുന്നരെ കണ്ടാല്‍ പൊലിസില്‍ വിവരമറിയിക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.നിര്‍മാണ തൊഴിലാളികളായി എത്തുന്നവരുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട കേണ്‍ട്രാക്ടര്‍മാര്‍ പൊലിസിന് നല്‍കണം. അത്യാവശ്യ ഘട്ടങ്ങളില്‍ 100 ലേയ്ക്ക് വിളിച്ച് പൊലിസിന്റെ സേവനം ആവശ്യപ്പെടാവുന്നതാണെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാടകവീടുകള്‍ കേന്ദ്രീകരിച്ച് അന്യസംസ്ഥാനതൊഴിലാളികളുടെ നേതൃത്വത്തില്‍ മയക്കുമരുന്ന് കച്ചവടം വ്യാപകമായി നടക്കുന്നതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. വീടുകളില്‍ വസ്ത്രങ്ങള്‍ ഇസ്തിരി ഇടാനും മറ്റും എത്തുന്ന അന്യസംസ്ഥാനതൊഴിലാളികളുടെ കുടുംബങ്ങളും നിരീക്ഷണത്തിലാണ്. രണ്ട് മാസം മുമ്പ് മാവേലിക്കരയില്‍ നിന്നും 15 വര്‍ഷമായി കഞ്ചാവ് വില്‍പ്പന നടത്തിവന്ന തമിഴ്‌നാട്ടുകാരനെ പൊലിസ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ക്ക് വീടുകളില്‍ പോയി വസ്ത്രം ഇസ്തിരി ഇടുന്ന ജോലിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."