ശബരിമലയില്‍ അനാചാരങ്ങള്‍ പിന്തുടരുന്നത് നിര്‍ത്തണം: തന്ത്രി കണഠര് രാജീവര്
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ കാണുന്നിടത്തെല്ലാം നാളികേരം ഉടയ്ക്കുന്നതും മാലയും വസ്ത്രങ്ങളും സന്നിധാനത്തും പമ്പയിലുമുള്‍പ്പടെ ഉപേക്ഷിക്കുന്നതുമടക്കമുള്ള അനാചാരങ്ങള്‍ പിന്തുടരുന്നത് നിര്‍ത്തണമെന്ന് തന്ത്രി കണഠര് രാജീവര്.
മാല ഉപേക്ഷിക്കുന്നതും വസ്ത്രങ്ങള്‍ പമ്പയില്‍ ഒഴുക്കുന്നതുമെല്ലാം ആചാരത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയില്‍ ഗുരുസങ്കല്‍പത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ഗുരുസ്വാമിയില്‍നിന്ന് മാല ധരിക്കുകയും ഉപദേശം കേള്‍ക്കുകയും 41 ദിവസത്തെ വ്രതം എടുക്കുകയും അടക്കം ഗുരുപാരമ്പര്യം അനുസരിച്ചാണ് എല്ലാം ചെയ്യേണ്ടത്. തിരിച്ച് നാട്ടിലെത്തി അതേ അമ്പലത്തില്‍നിന്ന് അല്ലെങ്കില്‍ നാട്ടിലെ ഏതെങ്കിലും അമ്പലത്തില്‍ ചെന്നുവേണം മാല ഊരാന്‍. അതും ഗുരുസ്വാമി മുഖേന തന്നെയാണ് വേണ്ടത്. അല്ലാതെ ഇവിടെ ഉപേക്ഷിച്ചുപോവുകയല്ല വേണ്ടത്. ആരോ ഒരാള്‍ ചെയ്ത ആചാരങ്ങള്‍ പലരും തുടര്‍ച്ചയായി ചെയ്തുവരുന്നു. ഇത് കൂടുതലും ചെയ്യുന്നത് കേരളത്തിന് വെളിയില്‍നിന്ന് വരുന്ന ഭക്തരാണ്. അവരെ ഉപദേശിക്കേണ്ട ചുമതല ഗുരുസ്വാമിമാര്‍ക്കാണ്.
മാളികപ്പുറത്ത് ഭക്തര്‍ ആചാരവിരുദ്ധമായ പല രീതികളും പിന്തുടരുന്നു. നാഗങ്ങളുടെ പുറത്ത് മഞ്ഞള്‍പ്പൊടി വിതറുക, മലര് തൂവുക ഇതെല്ലാം തെറ്റായ രീതിയാണ്. ഇത് ആചാരപരമല്ല, ആചാരവിരുദ്ധമാണ്. മാളികപ്പുറം ജീവനക്കാര്‍ വിചാരിച്ചാല്‍ ഒരു പരിധി വരെ ഇത് ഒഴിവാക്കാം. പതിനെട്ടാം പടി കയറുമ്പോളും തിരിച്ചു പോവുമ്പോഴുമായി രണ്ട് നാളികേരം ഉടയ്‌ക്കേണ്ട കാര്യമേ ഉള്ളൂ. പോകുന്നവഴിയെല്ലാം ഉടയ്‌ക്കേണ്ട കാര്യമില്ല.
മകരവിളക്ക് കാലത്ത് പമ്പ മുതല്‍ കാണുന്നിടത്തൊക്കെ നാളികേരം ഉടയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും തന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."