രണ്ടരക്കിലോ കഞ്ചാവുമായി മൊത്തക്കച്ചവടക്കാരന്‍ പിടിയില്‍
തൊടുപുഴ: കഞ്ചാവ് മൊത്തക്കച്ചവടക്കാരന്‍ കുമളിയില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. രണ്ടരക്കിലോ കഞ്ചാവുമായി തമിഴ്‌നാട് കമ്പം വടക്കുപ്പെട്ടി സ്വദേശി അരസന്‍ (45) ആണ് പിടിയിലായത്. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡും, വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. എറണാകുളം സ്വദേശികളായ രണ്ട് പേരില്‍ നിന്നും പതിനായിരം രൂപാ അഡ്വാന്‍സ് വാങ്ങി നേരത്തേ പറഞ്ഞുറപ്പിച്ചതനുസരിച്ച് കഞ്ചാവുമായി കുമളി ഹോളിഡേ ഹോം ജങ്ഷനില്‍ കാത്ത് നില്‍ക്കവേയാണ് പ്രതി പിടിയിലായത്. ആന്ധ്രയിലെ തുനി എന്ന സ്ഥലത്ത് നിന്നും കഞ്ചാവ് മൊത്തമായി വാങ്ങികൊണ്ട് വന്ന് വില്‍പ്പന നടത്തുന്നയാളാണ് അരസന്‍.
ഒരു തവണ ഇരുപത് കിലോയോളം കഞ്ചാവ് ആന്ധ്രയില്‍ നിന്നും വാങ്ങിവരുമെന്നും, മാസത്തില്‍ കുറഞ്ഞത് രണ്ട് വട്ടമെങ്കിലും ആന്ധ്രയ്ക്ക് പോകുമെന്നും ഇയാള്‍ എക്‌സൈസിന് മൊഴി നല്‍കി. 2015 ഓഗസ്റ്റില്‍ മൂന്ന് കിലോ കഞ്ചാവ് കടത്തികൊണ്ട് വന്നതിന് ഇയാളുടെ പേരില്‍ വണ്ടിപ്പെരിയാര്‍ എക്‌സൈസ് റെയിഞ്ച് ഓഫിസില്‍ കേസ് നിലവിലുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് വില്‍പ്പനയില്‍ സജീവമാവുകയായിരുന്നു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുളള കൂടുതല്‍ പേരേക്കുറിച്ചുളള അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍രാജ് സി. കെ, പ്രിവന്റീവ് ഓഫിസര്‍ സേവ്യര്‍ പി. ഡി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രാജ്കുമാര്‍ ബി, അനീഷ് ടി. എ, രവി വി, ഷിജു പി. കെ, സുധീര്‍ മുഹമ്മദ്, ലിജോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."