നോട്ട് അസാധുവാക്കല്‍; ഉപഭോക്തൃ വില സൂചിക രണ്ടു വര്‍ഷത്തെ താഴ്ചയില്‍
ന്യൂഡല്‍ഹി: ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം രണ്ടു വര്‍ഷത്തെ താഴ്ച്ചയില്‍. നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് ഭക്ഷണ സാധനങ്ങളുടെ വില ഇടിഞ്ഞതാണ് ഉപഭോക്തൃ വില സൂചികയില്‍ (സി.പി.ഐ) കുറവു വരാന്‍ കാരണം. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്ന 3.9 ശതമാനത്തില്‍ നിന്നും താഴ്ന്ന് 3.63 ശതമാനത്തില്‍ എത്തുകയായിരുന്നു.
ഉപഭോക്തൃ വിലയുടെ അടിസ്ഥാനത്തിലുള്ള ചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ 4.2 ശതമാനമായിരുന്നു. ഭക്ഷണ പണപ്പെരുപ്പത്തിലെ ലഘൂകരണം കാരണം മൊത്ത പണപ്പെരുപ്പം ഒക്ടോബറിലെ 3.32 ശതമാനത്തില്‍ നിന്ന് 2.11 ശതമാനത്തിലേക്ക് താഴ്ന്നു.
ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് നിശ്ചയിക്കുന്നത്. ഇത് കുറഞ്ഞാല്‍ പലിശ നിരയ്ക്ക് കുറയ്ക്കാനാവും. ചില്ലറവില അടിസ്ഥാനമാക്കിയ ഉപഭോക്തൃ വില സൂചിക നിര്‍ണയത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരമാണ്.
സ്റ്റാറ്റിസ്റ്റിക് ഓഫിസ് പുറപ്പെടുവിച്ച വിവരപ്രകാരം പച്ചക്കറി വിലയില്‍ 10 ശതമാനം ഇടിവുണ്ടായി. അതേസമയം, പഞ്ചസാരയ്ക്കും മധുരപലഹാരത്തിനും 22 ശതമാനം വില കൂടുകയും ചെയ്തു.
ഭക്ഷണ, പാനീയ പണപ്പെരുപ്പം ഒക്ടോബറിലെ 3.71 ശതമാനത്തില്‍ നിന്ന് നവംബറില്‍ 2.56 ശതമാനത്തിലെത്തി.
ഫൂട്ട് വെയര്‍, ക്ലോത്തിങ് മേഖലയില്‍ ഇത് 5.24 ശതമാനത്തില്‍ നിന്ന് 4.98 ശതമാനത്തിലെത്തി. ഇന്ധന പണപ്പെരുപ്പം 2.8 ശതമാനത്തില്‍ നിന്ന് 2.81 ശതമാനത്തിലെത്തി.
ഉപഭോക്തൃ വില സൂചിക താഴ്ന്നത് പലിശ നിരക്ക് കുറയ്ക്കാന്‍ ആര്‍.ബി.ഐയെ പ്രേരിപ്പിക്കുമെങ്കിലും ഡിസംബര്‍ ഏഴിന് ചേര്‍ന്ന മോണിറ്ററി പോളിസി പരിശോധനയില്‍ ഒരു മാറ്റവും വരുത്തേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു. ക്രൂഡ് ഓയിലിന്റെ വില കൂടുമെന്ന ഭയമാണ് ആര്‍.ബി.ഐയെ പലിശ നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."