വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം: അഞ്ച് കോളജുകളില്‍ എന്‍ജിനീയറിങ് പരീക്ഷ മുടങ്ങി
തിരുവനന്തപുരം: വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാന സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ ഇന്നലെ ആരംഭിച്ച എന്‍ജിനീയറിങ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ അഞ്ചുകോളജുകളില്‍ മുടങ്ങി.
തിരുവനന്തപുരം സി.ഇ.ടി, തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍, പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനീയറിംഗ് കോളജ്, തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളജ്, പാലക്കാട് എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലാണ് പരീക്ഷ മുടങ്ങിയത്. ഈ മാസം രണ്ടിന് നടക്കേണ്ടിയിരുന്ന പരീക്ഷ ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.ഇതിനെതിരേ വിദ്യാര്‍ഥികള്‍ ഏതാനും ദിവസങ്ങളായി പ്രതിഷേധത്തിലായിരുന്നു.
തയ്യാറെടുപ്പിനു വേണ്ടത്ര സൗകര്യം കിട്ടിയില്ലെന്നും ഈ സാഹചര്യത്തില്‍ ക്രിസ്മസ് അവധിക്ക് ശേഷം പരീക്ഷ നടത്തിയാല്‍ മതിയെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ നിലപാട്. ഇതോടൊപ്പം സ്വകാര്യ കമ്പനിയുടെ ഓണ്‍ലൈന്‍ സേവനം ഉപയോഗിച്ച് പരീക്ഷ നടത്താനുള്ള അധികൃതരുടെ നീക്കവും പ്രതിഷേധത്തിനിടയാക്കി.
സാങ്കേതിക സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയും എ.ബി.വി.പിയും അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പഠിപ്പുമുടക്കി പ്രതിഷേധത്തിനു ആഹ്വാനം ചെയ്തിരുന്നു. ഇന്നലെ ഉച്ചക്ക് ഒന്നരയ്ക്ക് പരീക്ഷ ആരംഭിക്കാന്‍ തുടങ്ങിയതോടെ കോളജുകളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
തിരുവനന്തപുരം സി.ഇ.ടിയില്‍ എസ്.എഫ്.ഐയും പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എന്‍ജിനീയറിങ് കാളജില്‍ എ.ബി.വി.പിയുമാണ് പ്രതിഷേധിച്ചത്.
പാലക്കാട് എന്‍.എസ്.എസ് കോളജില്‍ എസ്.എഫ്.ഐയും എ.ബി.വി.പിയും പരീക്ഷ തടസ്സപ്പെടുത്തി. സാങ്കേതിക സര്‍വകലാശാല പരീക്ഷാ കമ്മിഷണറെ എസ്.എഫ്.ഐ ഉപരോധിക്കുകയും ചെയ്തു. അതേസമയം അഞ്ചു കോളജുകളില്‍ ഒഴികെ മറ്റെല്ലായിടത്തും കൃത്യസമയത്ത് തന്നെ പരീക്ഷ നടന്നുവെന്ന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചറിയ ഐസക് വ്യക്തമാക്കി. അതിനിടെ പരീക്ഷ ആരംഭിച്ചതിനു പിന്നാലെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന രീതിയില്‍ അഭ്യൂഹം പ്രചരിച്ചതും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി.
എന്നാല്‍ ഒരു സെന്ററില്‍നിന്നുപോലും ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും പ്രതിഷേധം നടന്ന കോളജുകളിലെ വിദ്യാര്‍ഥികള്‍ ചോദ്യപേപ്പര്‍ പിടിച്ചെടുത്തു ചോര്‍ന്നുവെന്ന രീതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നുവെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
ചില പരീക്ഷാ കേന്ദ്രങ്ങളില്‍നിന്നും പ്രതിഷേധക്കാര്‍ പിടിച്ചെടുത്ത ചോദ്യക്കടലാസ് വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചുവെന്നും പിന്നീട് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."