ബാല്ലന്‍ ഡി ഓര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്
പാരിസ്: റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലോകത്തെ മികച്ച താരത്തിനുള്ള ബാല്ലന്‍ ഡി ഓര്‍ പുരസ്‌കാരം. കരിയറിലെ സ്വപ്നതുല്ല്യ വര്‍ഷമായ 2016ലെ മികച്ച താരമായാണ് ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കപ്പെട്ടത്. ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സി, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആന്റോണിയോ ഗ്രിസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം. ഇതു നാലാം തവണയാണ് ക്രിസ്റ്റ്യാനോ ലോകത്തിലെ മികച്ച താരമാകുന്നത്.
2016ല്‍ റയല്‍ മാഡ്രിഡിനു പതിനൊന്നാം ചാംപ്യന്‍സ് ലീഗ് കിരീടവും പോര്‍ച്ചുഗലിനു യൂറോ കപ്പ് കിരീടവും നേടിക്കൊടുത്ത മികവിനാണ് പുരസ്‌കാരം. പോര്‍ച്ചുഗല്‍ സ്വന്തമാക്കിയ ആദ്യ മേജര്‍ കിരീടമെന്ന സവിശേഷതയും യൂറോ കപ്പിനുണ്ടായിരുന്നു. നേരത്തെ 2008, 2013, 2014 വര്‍ഷങ്ങളിലും ക്രസ്റ്റ്യാനോ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ലോകമെമ്പാടുമുള്ള 173 മാധ്യമ പ്രവര്‍ത്തകരാണ് മികച്ച താരത്തെ തെരഞ്ഞെടുക്കാനായി വേട്ടു ചെയ്തത്.
ഫ്രഞ്ച് ഫുട്‌ബോള്‍ മാഗസിന്‍ നല്‍കിയിരുന്ന ബാല്ലന്‍ ഡി ഓര്‍ 2010 മുതല്‍ ഫിഫയുമായി ചേര്‍ന്നാണ് നല്‍കിയിരുന്നത്. ഫിഫ വേള്‍ഡ് പ്ലയര്‍ ട്രോഫിയുമായി സംയോജിപ്പിച്ചു പുരസ്‌കാരത്തിന്റ പേര് ഫിഫ ബാല്ലന്‍ ഡി ഓര്‍ എന്നാക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ മുതല്‍ സ്വതന്ത്രമായി പഴയ വേള്‍ഡ് പ്ലയര്‍ പുരസ്‌കാരം തന്നെ നല്‍കാന്‍ ഫിഫ തീരുമാനിച്ചതോടെ മാഗസിന്‍ ഒറ്റയ്ക്കാണ് ബാല്ലന്‍ ഡി ഓര്‍ നല്‍കുന്നത്. 2008ല്‍ ക്രിസ്റ്റ്യാനോ ആദ്യമായി പുരസ്‌കാരം സ്വന്തമാക്കുമ്പോഴും മാഗസിന്‍ ഒറ്റയ്ക്കാണ് പുരസ്‌കാരം നല്‍കിയത്. മികച്ച താരത്തിനുള്ള ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം ജനുവരി ഒന്‍പതിനു പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."