ഐ.എസ്.എല്‍: മുംബൈ കീഴടക്കി കൊല്‍ക്കത്ത ഫൈനലില്‍
മുംബൈ: ഐ.എസ്.എല്ലിലെ പ്രഥമ ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മൂന്നാം സീസണിലും ഫൈനലിലേക്ക്. നിര്‍ണായകമായ രണ്ടാം പാദ സെമിയില്‍ മുംബൈ സിറ്റി എഫ്.സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ആദ്യ പാദത്തിലെ 3-2ന്റെ വിജയത്തിന്റെ പിന്‍ബലത്തിലാണ് ടീം കലാശപ്പോരിനര്‍ഹരായത്. ഫൈനലിലെത്താന്‍ ഒരു സമനില മാത്രം മതിയായിരുന്ന കൊല്‍ക്കത്ത അതിനു കണക്കാക്കി പ്രതിരോധത്തിനു പ്രാധാന്യം നല്‍കിയാണ് കളത്തിലിറങ്ങിയത്. മൂന്നാം സീസണില്‍ ഫൈനലുറപ്പാക്കുന്ന ആദ്യ ടീമായും കൊല്‍ക്കത്ത മാറി.
ആദ്യ പകുതിയുടെ 34ാം മിനുട്ടില്‍ ലാല്‍ത്‌ലമൗനയും അവസാന നിമിഷങ്ങളില്‍ ബെലന്‍കോസോയും ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായിട്ടും അത്‌ലറ്റിക്കോ മുംബൈ നിരയെ ഗോളടിക്കാന്‍ അനുവദിച്ചില്ല.
ആദ്യ പാദത്തിലെ തോല്‍വിക്ക് പകരംവീട്ടി മികച്ച വിജയവും ഒപ്പം ഫൈനല്‍ ബര്‍ത്തും ഉറപ്പിക്കാനിറങ്ങിയ മുംബൈയ്ക്ക് സ്വന്തം തട്ടകത്തില്‍ കാര്യങ്ങള്‍ വേണ്ട വിധത്തില്‍ നടപ്പാക്കാനായില്ല. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായ മാര്‍ക്വീ താരം ഡീഗോ ഫോര്‍ലാന്റെ അഭാവം അവരുടെ കളിയെ സാരമായി തന്നെ ബാധിച്ചു. പകരം നായകന്റെ ആംബാന്‍ഡുമായി കളിക്കാനിറങ്ങിയ സുനില്‍ ഛേത്രിയുടെ മോശം ഫോമും അവര്‍ക്ക് വിലങ്ങായി നിന്നു. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ഇന്ത്യന്‍ നായകന്‍ തുലച്ചത്. മറുഭാഗത്ത് ആദ്യ പാദത്തില്‍ ഇരട്ട ഗോള്‍ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച ഇയാന്‍ ഹ്യൂം കളിക്കാനിറങ്ങിയില്ല. കൊല്‍ക്കത്തയുടെ കടുത്ത പ്രതിരോധം പൊട്ടിക്കാന്‍ കഴിയാതെ ഉഴറിയ മുംബൈ കടന്നാക്രമണം നടത്തി പ്രതിരോധം മുറിച്ചപ്പോഴെല്ലാം ഗോള്‍ കീപ്പര്‍ മജുംദാറിന്റെ മിന്നല്‍ സേവുകള്‍ കൊല്‍ക്കത്തയെ കാത്തു.
ഇന്നു നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- ഡല്‍ഹി ഡൈനമോസ് മത്സരത്തിലെ വിജയികളെയാണ് കൊല്‍ക്കത്ത ഫൈനലില്‍ നേരിടുക. ആദ്യ പാദത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനു ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹിയെ പരാജയപ്പെടുത്തിയിരുന്നു. ഇന്നു സമനില പിടിച്ചാല്‍ പോലും ബ്ലാസ്റ്റേഴ്‌സിനു ഫൈനലിലെത്താം. അങ്ങനെ വന്നാല്‍ ആദ്യ ഐ.എസ്.എല്‍ ഫൈനലിന്റെ ആവര്‍ത്തനമായി മൂന്നാം സീസണിലെ കലാശപ്പോരും മാറിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."