ഒന്നുമില്ലാതെ മാനന്തവാടി പോളിടെക്‌നിക്ക്: 'ഇങ്ങനെയാണെങ്കില്‍ സ്ഥാപനം വേണ്ടായിരുന്നു'
മാനന്തവാടി: സ്വന്തമായി കെട്ടിടം, ലാബ്, അധ്യാപകര്‍, കുടിവെള്ളം, ശൗചാലയം ഇവയൊന്നുമില്ലാതെ ഒരു സ്ഥാപനത്തിന് പ്രവര്‍ത്തിക്കാനാകുമോ..? എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ പുതിയതായി അനുവദിച്ച പോളിടെക്‌നിക്ക് കോളജിന്റെ അവസ്ഥയാണിത്. ഭരണകൂടങ്ങളും രാഷ്ട്രീ നേതൃത്വങ്ങളും സ്ഥാപനത്തോട് ചിറ്റമ്മനയം തുടരുന്നതിനാല്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവിയും ഇരുട്ടിലാകുകയാണ്.
കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് മാനന്തവാടിയിലും മലപ്പുറത്തെ മഞ്ചേരിയിലും കഴിഞ്ഞ ഓഗസ്റ്റിലാണ് അധ്യയനം ആരംഭിച്ചത്. മാനന്തവാടിയില്‍ ദ്വാരക ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കെട്ടിടമാണ് താല്‍ക്കാലികമായി നല്‍കിയത്. ഇവിടെ സിവില്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നീ മൂന്ന് ട്രേഡുകളിലായി 164 കുട്ടികള്‍ പ്രവേശനം നേടുകയും ചെയ്തു. ഇതില്‍ 70 ഓളം പെണ്‍കുട്ടികളാണ്. പ്ലൈവുഡ് കൊണ്ട് സ്‌ക്രീന്‍ നിര്‍മിച്ചാണ് ക്ലാസ് റൂമുകള്‍ വേര്‍തിരിച്ചിരിക്കുന്നത്.
അധ്യാപകരും ഓഫിസ് സ്റ്റാഫും ഒന്നിച്ച് നിന്ന് തിരിയാന്‍ ഇടമില്ലാത്ത സ്ഥലത്തിരുന്നാണ് ജോലി ചെയ്യുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു ശൗചാലയം മാത്രമാണുള്ളത്. പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ പോലും ഇല്ലെന്നുള്ളതാണ് വസ്തുത. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ നിന്നുള്ള കുടിവെള്ളത്തെ ആശ്രയിച്ചാണ് ഇവര്‍ കഴിയുന്നത്. ടെക്‌നിക്കല്‍ സ്‌കൂളിന്റെ വര്‍ക്ക്‌ഷോപ്പാണ് ഇവരും ആശ്രയിക്കുന്നത്. ലാബ് പ്രവര്‍ത്തനങ്ങള്‍ക്ക് മീനങ്ങാടി പോളിയിലേക്ക് പോകണം.
ആഴ്ചയില്‍ രണ്ട് ദിവസമാണ് ഇത്തരത്തില്‍ കുട്ടികള്‍ മീനങ്ങാടിയിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത്. ആകെ ഒരു ക്ലറിക്കല്‍ പോസ്റ്റിലാണ് സ്ഥിര നിയമനം നടന്നിരിക്കുന്നത്. ആറ് ഗസ്റ്റ് ലക്ചര്‍മാരാണ് പഠിപ്പിക്കുന്നത്. കോട്ടക്കല്‍ പോളിടെക്‌നിക്കിലെ പ്രിന്‍സിപ്പലിനാണ് ഈ പോളിയുടെയും ചുമതല. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ അഞ്ച് ഏക്കര്‍ സ്ഥലം കൈമാറുകയും കെട്ടിട നിര്‍മാണങ്ങള്‍ക്ക് 12 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
മഞ്ചേരി പോളിയിലാകട്ടെ വര്‍ക്കിങ് അറേജ്‌മെന്റില്‍ മുഴുവന്‍ ജീവനക്കാരെയും നിയമിച്ചു കഴിഞ്ഞു. മാനന്തവാടിയിലെ ജീവനക്കാര്‍ക്കാകട്ടെ നാലു മാസമായി ശമ്പളം പോലും ലഭിച്ചിട്ടില്ല.
അടുത്ത അധ്യയന വര്‍ഷം പുതിയ കുട്ടികളെ എവിടെ പ്രവേശിപ്പിക്കണമെന്ന ആശങ്കയിലാണ് അധികൃതര്‍. സൗകര്യം ഒരുക്കാനുള്ള ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളുടെ ചിറ്റമ്മനയമാണ് സ്ഥാപനത്തിന്റെ വികസനത്തിന് വിലങ്ങുതടിയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."