സ്‌നേഹവസന്തം പെയ്തിറങ്ങി നാടെങ്ങും നബിദിന സന്തോഷം
മലപ്പുറം: സ്‌നേഹ വസന്തം പെയ്തിറങ്ങിയ നബിദിന സുദിനത്തില്‍ പ്രകീര്‍ത്തന സദസുകളിലൂടെ തിരുനബി സ്‌നേഹമൂട്ടി വിശ്വാസികള്‍. പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ മുഖരിതമായ ഭക്തിസാന്ദ്രമായ ആഘോഷ പരിപാടികളാണ് നാടെങ്ങും നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ പള്ളികള്‍ മൗലീദ് സദസുകളും, രാവിലെ മഹല്ല്, മദ്‌റസാ തലത്തില്‍ മീലാദ് റാലി, അന്നദാനം, വിദ്യാര്‍ഥികളുടെ കലാവിരുന്ന്, നബിദിന സമ്മേളനങ്ങള്‍ എന്നിവ നടന്നു.
മഹല്ല് കമ്മിറ്റികളുടേയും മദ്‌റസകളുടേയും നേതൃത്വത്തില്‍ നടന്ന ഘോഷയാത്രകള്‍ വര്‍ണശബളമായി. തക്ബീര്‍ ധ്വനികളും പ്രവാചക പ്രകീര്‍ത്തനങ്ങളും മുഴങ്ങിയ റാലികളില്‍ മതപണ്ഡിതന്‍മാര്‍, മഹല്ല് കാരണവന്‍മാര്‍, മദ്‌റസ, ദര്‍സ് വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, യുവജനങ്ങള്‍ എന്നിവര്‍ അണിനിരന്നു. തിരുനബി സന്ദേശങ്ങള്‍ വിളംബരം ചെയ്ത ഘോഷയാത്രകളില്‍ പ്രകീര്‍ത്തന ഗാനങ്ങളും ദഫ്മുട്ട്, സ്‌കൗട്ട് സംഘങ്ങളും അണിനിരന്നു. നബിവചനങ്ങള്‍ ഉല്ലേഖനം ചെയ്ത പ്ലേകാര്‍ഡുകള്‍, സമസ്ത പതാക, വര്‍ണകൊടികള്‍ എന്നിവയേന്തിയ ഘോഷയാത്രക്കു വഴിയിലുടനീളം സ്വീകരണങ്ങള്‍ ലഭിച്ചു. മധുരപാനീയങ്ങളും മിഠായികളും കൈമാറി സന്തോഷം പങ്കുവെച്ചു. വിവിധ സ്ഥലങ്ങളില്‍ മുസ്്‌ലിം സഹോദരങ്ങളോടൊപ്പം ഇതര മതസ്ഥരും മിഠായികളും പാനീയങ്ങളും കൈമാറി സഹൃദം ഊട്ടിയുറപ്പിച്ചു.
മഹല്ല് തലങ്ങളില്‍ പുലര്‍െച്ച സുബ്ഹി വാങ്കിനു മുമ്പും നബിദിന സമ്മേളനത്തോടനുബന്ധിച്ചും മൗലീദ് മജ്‌ലിസുകളും തുടര്‍ന്നു ആയിരങ്ങള്‍ക്ക് ഭക്ഷണ വിതരണവും നടന്നു. മദ്‌റസാ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, വിവിധ മല്‍സരങ്ങള്‍, പ്രകീര്‍ത്തന ആസ്വാദനം, നബിദിന സമ്മേളനങ്ങള്‍ എന്നിവ നടന്നു. തിരുനബിയുടെ ജീവിതവും സന്ദേശവും പരിപൂര്‍ണമായും ഉള്‍ക്കൊണ്ടും, പ്രവാചക സ്‌നേഹം ഊട്ടിവളര്‍ത്തിയും ജീവിത കരുത്ത് ആര്‍ജിക്കാന്‍ നബിദിന സമ്മേളനങ്ങള്‍ ആഹ്വാനം ചെയ്തു. വിവിധ മദ്‌റസകളില്‍ തുടര്‍ദിവസങ്ങളിലായി മീലാദ് പരിപാടികള്‍ നടക്കും. സമസ്ത കോഡിനേഷന്‍ കമ്മിറ്റി പഞ്ചായത്ത്, മേഖലാ തലങ്ങളിലും മീലാദ് റാലി, പ്രഭാഷണം, സമ്മേളനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ മീലാദ് കാംപയിന്റെ ഭാഗമായി സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."