പട്ടിണി സമരം ഒരു മാസം പിന്നിട്ടു; സ്വാതന്ത്ര്യ സമര സേനാനിയുള്‍പ്പെടെ പന്തലിലെത്തി
പെരിയ; കേന്ദ്ര സര്‍വ്വ കലാശാലയില്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെരിയ മാളോത്തുംപാറ കോളനി നിവാസികള്‍ നടത്തുന്ന പട്ടിണി സമരം ഒരു മാസം പിന്നിട്ടു. സര്‍വ്വകലാശാലക്കു വേണ്ടി തങ്ങളുടെ സ്ഥലം വിട്ടുകൊടുക്കുമ്പോള്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാമെന്ന വാഗ്ദാനം അധികൃതര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് കോളനി നിവാസികള്‍ പട്ടിണി സമരം നടത്തുന്നത്.
ആദ്യ ഘട്ടത്തില്‍ കോളനിയിലെ രണ്ടു വീതം യുവാക്കള്‍ നടത്തിയിരുന്ന സമരം 25 ദിവസം പിന്നിട്ടപ്പോള്‍ സമരം സ്ത്രീകള്‍ ഏറ്റെടുക്കുകയായിരുന്നു.
കോളനിയിലെ എം.ബിന്ദു,കെ.എം.സുശീല എന്നിവരാണ് സ്ത്രീകളുടെ ഭാഗത്ത് നിന്നും ആദ്യഘട്ടത്തില്‍ പട്ടിണി സമരത്തിന് മുന്നിട്ടിറങ്ങിയത്.അവശരായ ഇവരെ പൊലിസ് അറസ്റ്റു ചെയ്തു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ സി.മാധവി,സി.കാര്‍ത്യായനി എന്നിവര്‍ സമരത്തിനിറങ്ങി. കഴിഞ്ഞ ദിവസം ഇവരും അവശരായതോടെ ഇവരേയും പൊലിസ് അറസ്റ്റു ചെയ്തു നീക്കി. ഇതേ തുടര്‍ന്ന് കോളനിയിലെ സൗമ്യ,സുനിത എന്നിവര്‍ കഴിഞ്ഞ ദിവസം മുതല്‍ സമരം തുടങ്ങി.
സമരം ഒത്തു തീര്‍പ്പിലാക്കാന്‍ കേന്ദ്ര സര്‍വ്വ കലാശാല അധികൃതര്‍ തയ്യാറാവണമെന്ന് ആര്‍.എം.പി നേതാവ് കെ.കെ.രമ പറഞ്ഞു.
പുനരധിവാസം സംബന്ധിച്ച് കോളനിവാസികള്‍ക്ക് അധികൃതര്‍ നല്‍കിയ വാഗ്ദാനത്തില്‍ നിന്നും പിന്നോട്ട് പോകാനുള്ള ശ്രമം ഒരിക്കലും അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനി കെ.ആര്‍.കണ്ണന്‍,ഗാന്ധിയന്‍ പഠന കേന്ദ്രം പ്രവര്‍ത്തകരായ ഡോ,ടി.എം.സുരേന്ദ്രനാഥ്,എ.വി.ശ്രീനിവാസന്‍,എം.രാഘവന്‍,കെ.ആര്‍.കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്നലെ സമര പന്തലിലെത്തി.
എന്നാല്‍ സമരം ഒരു മാസം പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല.
സമരം കിടന്ന് അവശരാവുന്നവരെ അറസ്റ്റു ചെയ്തു ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന നടപടി മാത്രമാണ് ഇത് വരെ ഉണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."