കര്‍ക്കരെയുടെ രണ്ടാമത്തെ വധം
മുംബൈ പൊലിസ് മേധാവി ജൂലിയോ രിബെറോ മുംബൈ ഭീകരാക്രമണത്തിനിടെ രക്തസാക്ഷിയായ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) ചീഫായിരുന്ന ഹേമന്ത് കര്‍ക്കരെയെ അനുസ്മരിക്കുന്നു
തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി കര്‍ക്കരെ ജീവന്‍ വെടിഞ്ഞു. രാജ്യത്തെ ഓരോ ആണും പെണ്ണും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. മനുഷ്യരെ തമ്മില്‍ ആണാണോ പെണ്ണാണോ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ അദ്ദേഹം ഒരിക്കലും വേര്‍തിരിച്ചില്ല. തൊഴില്‍പരമായ ഔന്നത്യം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥനായിരുന്ന കര്‍ക്കരെ, ഉറച്ച രാജ്യസ്‌നേഹിയുമായിരുന്നു. ജാതിശ്രേണിയിലെ ഏറ്റവും ഉന്നത സ്ഥാനത്തായിരുന്നു കര്‍ക്കരെ. പക്ഷെ കാക്കി യൂനിഫോം അണിഞ്ഞാല്‍ അദ്ദേഹം ജാതിക്കും മതത്തിനും എല്ലാം അധീതനായി. എല്ലാവരെയും തുല്യരായി കണക്കാക്കുക എന്നതാണ് ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ കടമ. അദ്ദേഹം അത് കര്‍ശനമായി പാലിച്ചു. കറകളഞ്ഞ സത്യസന്ധതയുടെയും ധാര്‍മികതയുടെയും വക്താവുകൂടിയായിരുന്നു അദ്ദേഹം. നീതി പുലര്‍ന്നു കാണണം എന്നാഗ്രഹിച്ചവര്‍ കര്‍ക്കരെയെ അഭയം പ്രാപിച്ചു. സത്യം മാത്രം പറയണം, സത്യം മാത്രം പുലരണം എന്ന് അദ്ദേഹം ആഗ്രഹിച്ചു.
ജിഹാദി ഭീകരര്‍ അദ്ദേഹത്തിന്റെ ജീവന്‍ എടുക്കുന്നതിന് ഒരു ദിവസം മുന്‍പ് കര്‍ക്കരെ എന്നെ കാണാന്‍ വന്നിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. അസ്വസ്ഥതക്കുള്ള കാരണം അദ്ദേഹം പറഞ്ഞു. സ്വാധി പ്രജ്ഞാ സിങ്ങിനെ എ.ടി.എസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ആരോപണം അദ്ദേഹത്തെ വേദനിപ്പിച്ചു. താനൊരിക്കലും ആരെയും കള്ളക്കേസില്‍ കുടുക്കിയിട്ടില്ലെന്ന് അദ്ദേഹം ആണയിട്ടു പറഞ്ഞു. സത്യത്തിനു നിരക്കാത്ത ഒന്നും കര്‍ക്കരെ ചെയ്യില്ലെന്ന് ഉറച്ച ബോധ്യം ഉള്ളതിനാല്‍ എനിക്ക് അദ്ദേഹത്തെ പൂര്‍ണവിശ്വാസമായിരുന്നു.
ഞാന്‍ വേണമെങ്കില്‍ അദ്വാനിയോട് സംസാരിക്കാം എന്ന് ഞാന്‍ കാര്‍ക്കരെയോടു പറഞ്ഞു. കര്‍ക്കരെയുടെ ആത്മാര്‍ഥതയില്‍ എനിക്കു വിശ്വാസമുണ്ടായിരുന്നു. കേസിന്റെ മുഴുവന്‍ ഫയലുകളുംകൊണ്ടായിരുന്നു കര്‍ക്കരെ വന്നിരുന്നത്. അതു പരിശോധിക്കാനുള്ള സമയം എനിക്കില്ലായിരുന്നു. അതില്‍ ഞാന്‍ ഇപ്പോള്‍ ഖേദിക്കുന്നു. പരിശോധിച്ചിരുന്നുവെങ്കില്‍ ഈ സത്യസന്ധനായ മനുഷ്യന്റെ രക്ഷക്ക് വേണ്ടി മതിയായ തെളിവുകളുമായി എനിക്ക് വാദിക്കാമായിരുന്നു. സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അദ്ദേഹവും ഇന്ന് നമ്മോടൊപ്പമില്ല.
കേസ് ആദ്യം അന്വേഷിച്ച എ.ടി.എസിലെ കര്‍ക്കരെയുടെ മുന്‍ഗാമികള്‍ പതിവുകുറ്റവാളികളെ അറസ്റ്റ് ചെയ്തു. കര്‍ക്കരെ ടെലിഫോണ്‍ റെക്കോര്‍ഡ് തുടങ്ങിയ വ്യക്തമായ തെളിവുകളുമായി വേറൊരു വിഭാഗത്തെയും അറസ്റ്റ് ചെയ്തു. അവസാനം ഇപ്പോള്‍ എന്‍.ഐ.എ എല്ലാ തെളിവുകളും നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. കേസില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കാന്‍ തന്നോട് എന്‍.ഐ.എ ആവശ്യപ്പെട്ടതായി കേസിലെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സല്യാന്‍ പറഞ്ഞപ്പോള്‍ കേസ് പൂര്‍ണമായും എന്‍.എ.എ തേച്ചുമാച്ചു കളയുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. എന്നാല്‍, ഇന്ത്യന്‍ പൊലിസിലെ ഏറ്റവും സത്യസന്ധനും നിഷ്പക്ഷനുമായ കര്‍ക്കരെയുടെ വിശ്വാസ്യതയെ പോലും ബലി നല്‍കുകയാണ് എന്‍.ഐ.എ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. കര്‍ക്കരെയുടെ ഭാര്യ ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ തന്റെ ഭര്‍ത്താവിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ രംഗത്തുവരുമായിരുന്നു. അദ്ദേഹത്തിന്റെ മകളും വിദേശത്താണ്. അത് കൊണ്ടാണ് എന്നെപ്പോലെയുള്ള സുഹൃത്തുക്കള്‍ക്ക് ഈ ദൗത്യം ഏറ്റെടുക്കേണ്ടി വന്നത്.
കര്‍ക്കരെയുടെ വിശ്വാസ്യതയെ ബലികൊടുത്തു ഭരണകൂടത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നത്തിലുള്ള അസംതൃപ്തി ഞാന്‍ നിരവധി പൊലിസ് ഉദ്യോഗസ്ഥരുമായി പങ്കുവച്ചു. ഇതുതന്നെയാണ് ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും സംഭവിച്ചത്. വിരമിച്ചതിനു ശേഷം ആലങ്കാരിക പദവികള്‍ നല്‍കുന്നത് ഒഴിവാക്കിയാല്‍ പൊലിസും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധ ബാന്ധവം ഒരു പരിധി വരെ നിയന്ത്രിക്കാനാവും.
എന്‍.എ യുടെ തീരുമാനം ഹിന്ദുക്കളെയും മുസ്‌ലിംകളെയും അകറ്റാന്‍ ഹിന്ദുത്വ ശക്തികള്‍ വിജയിച്ചു എന്നുതെളിയിക്കുന്നു. കര്‍ക്കരെയുടെ കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഇന്ത്യ, പാകിസ്താനില്‍ നിന്ന് വിഭിന്നമാണ് എന്ന് നമുക്ക് അഭിമാനപൂര്‍വം പ്രഖ്യാപിക്കാമായിരുന്നു. ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കുന്ന ജിഹാദി ഭീകരരെ പാകിസ്താന്‍ സംരക്ഷിക്കുന്നു. നമ്മള്‍ അഭിമാനപൂര്‍വം അവകാശപ്പെട്ടിരുന്നത് നിയമവാഴ്ച നിലവിലുള്ള ഒരു രാജ്യമാണ് ഇന്ത്യ എന്നായിരുന്നു. മുസ്‌ലിംകളെ കൊല്ലുന്ന ഹിന്ദുക്കളെയും ഹിന്ദുക്കളെ കൊല്ലുന്ന മുസ്‌ലിംകളെയും ഒരു പോലെ നിയമം കൈകാര്യം ചെയ്യുമെന്ന് നാം അഹങ്കരിച്ചു. പക്ഷെ ആ അഭിമാനത്തിനു ഇന്ന് ക്ഷതം ഏറ്റിരിക്കുന്നു. രാജാവ് നഗ്‌നനാണ്. നിയമം, ഭീകരത, ന്യൂനപക്ഷങ്ങളോടുള്ള സമീപനം എന്നീ കാര്യങ്ങളില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വ്യത്യാസം കുറഞ്ഞു വരുന്നു. നിശ്പക്ഷമായും സത്യസന്ധമായും നീതി നടപ്പാക്കിയില്ലെങ്കില്‍ നമുക്ക് പാകിസ്താനുമായി മേനി നടിക്കാന്‍ ഒന്നുമില്ല എന്നതാണ് സത്യം.
എന്‍.ഐഎയുടെ തീരുമാനം വന്നപ്പോള്‍ എന്റെ ഹിന്ദു സുഹൃത്തുകള്‍ നിശബ്ദത പാലിച്ചു. ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് പലരും പ്രതികരിച്ചത്. ഹിന്ദുത്വ ഭീകരതയുടെ കാരണം മുസ്‌ലിം ഭീകരതയാണ് എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ എന്നോട് ആവേശത്തോടെ യോജിച്ചു. എന്റെ മുസ്‌ലിം ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ഇതിനെ പറ്റി എഴുതാന്‍ എന്നോട് ആവശ്യപ്പെട്ടു. ഭിന്നത വര്‍ധിക്കുകയാണ്. അത് രാജ്യത്തിന് ഗുണം ചെയ്യില്ല.
വിവ: താജുദ്ദീന്‍ പൊതിയില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."