സി.പി.എം-ബി.ജെ.പി സംഘര്‍ഷം; പൊലിസിനെതിരേ മന്ത്രി
പാലക്കാട്: കഞ്ചിക്കോട്, പുതുശേരി മേഖലകളില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷത്തില്‍ പൊലിസിനെ വിമര്‍ശിച്ച് മന്ത്രി എ.കെ. ബാലന്‍. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ബി.ജെ.പി നേതൃത്വം ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസ് അക്രമസംഭവങ്ങളില്‍ കൃത്യമായി ഇടപെടുന്നില്ല. ഇടപെടുന്നുണ്ടെങ്കില്‍ അക്രമങ്ങള്‍ തുടരില്ല. പൊലിസ് കുറച്ച് കൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സമാധാനം പുലരുന്ന ഈ സമയത്ത് ജില്ലയില്‍ അക്രമം പടരുന്നത് ആശാസ്യമല്ല. അക്രമം ആരു നടത്തിയാലും അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. അതിന് പൊലിസിന് പൂര്‍ണ സ്വതന്ത്ര്യമുണ്ട്. അക്രമികള്‍ക്ക് ഭരണത്തിന്റെ സംരക്ഷണം ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കഞ്ചിക്കോട്, പുതുശേരി മേഖലകളില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാവുകയാണ്. ഇതിനോടനുബന്ധിച്ചുള്ള സമാധാനയോഗത്തില്‍ നിന്ന് ബി.ജെ.പി ഇറങ്ങിപ്പോവുകയും ചെയ്തു. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
പുതുശേരിയില്‍ കാഴ്ചകള്‍ ഭയാനകമാണ്. മൃഗങ്ങള്‍ക്ക് നേരെ വരെ അക്രമം നടന്നു. പുതുശേരി മേഖലയില്‍ 19 കുടുംബങ്ങള്‍ സി.പി.എമ്മിലേക്ക് വന്നുവെന്നും മന്ത്രി അവകാശപ്പെട്ടു. അതിന് നേതൃത്വം നല്‍കിയ പ്രവര്‍ത്തകന് നേരെയാണ് ബി.ജെ.പി അക്രമം അഴിച്ചുവിട്ടത്. നിരവധി വാഹനങ്ങള്‍ കത്തിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടര്‍ച്ചയായി അക്രമം നടക്കുകയും പല ആളുകളും രക്തസാക്ഷിത്വം വഹിക്കുകയും ചെയ്ത പ്രദേശമാണ് കഞ്ചിക്കോട്, പുതുശേരി മേഖല. ആ പഴയ സ്ഥിതിയിലേക്ക് ഇനിയും മേഖലയെ കൊണ്ടു പോകരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."