മെഡിക്കല്‍ കോളജ് അര്‍ബുധ രോഗ വിഭാഗം പരിപൂര്‍ണ സ്തംഭനത്തിലേക്ക്
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജില്‍ നെഞ്ച് രോഗാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബുധ രോഗവിഭാഗം പരിപൂര്‍ണ സ്തംഭനത്തിലേക്ക് തകരാറിലായ പഴഞ്ചന്‍ കൊബാള്‍ട്ട് റേഡിയേഷന്‍ മെഷീന്റെ തകരാര്‍ പരിഹരിക്കുന്നതിന് ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. കഴിഞ്ഞ അഞ്ച് മാസമായി നീണ്ട വിശ്രമത്തിലാണ് മെഷീന്‍. ഭാഗികമായാണ് പ്രവര്‍ത്തനം.
നിരവധി നിര്‍ധന രോഗികളാണ് അധികൃതരുടെ കൊടിയ അനാസ്ഥമൂലം കണ്ണീര്‍ കയത്തില്‍ കഴിയുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ആശുപ ത്രിയിലെത്തി ദുരിതം നേരിട്ട് കണ്ടതാണ്. അനില്‍ അക്കര എം.എല്‍.എ ഹൈക്കോടതിയില്‍ സമര്‍പിച്ച ഹര്‍ജിയില്‍ കോടതി ഇടപെടുകയും ചെയ്തിരുന്നു. എന്നിട്ടും സംസ്ഥാന സര്‍ക്കാരിന് ഒരു കുലുക്കവുമില്ല.
നാല് ജില്ലകളില്‍ നിന്നായി പ്രതിദിനം നിരവധി അര്‍ബുധ രോഗികളാണ് മുളങ്കുന്നത്ത് കാവിലെത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും വിദഗ്ദ ചികിത്സ ആവശ്യമുള്ളവരുമാണ്. എന്നാല്‍ ഇവരെയെല്ലാം മറ്റ് ആശുപത്രികളിലേ ക്ക് പറഞ്ഞ് വിടുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ നടക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങള്‍ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ യാതൊരു മാര്‍ഗവുമില്ലാത്തവര്‍ നിത്യ ദുരിതത്തിലേക്ക് വലിച്ചെറിയപ്പെടുകയാണ്.
ഇവരുടെ തോരാത്ത കണ്ണീര്‍ വനിതാ ക്ഷേമം പ്രസംഗിച്ച് നടന്ന വനിതാ മന്ത്രി കാണാതെ പോവുകയാണ്. യന്ത്രത്തിന്റെ പ്രധാന ഭാഗമായ സോഴ്‌സ് ഇല്ലാത്തതാണ് പ്രതിസന്ധിയെന്ന് വിദഗ്ദര്‍ പറയുന്നു. ഇത് മാറ്റിവെക്കാതെ യന്ത്രം പ്രവര്‍ത്തന സജ്ജമാക്കാനാകില്ല. സോഴ്‌സ് എത്തിക്കേണ്ടത് ആറ്റമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡാണ്. എന്നാല്‍ ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാത്ത ആശുപത്രിയിലേക്ക് സോഴ്‌സ് നല്‍കാനാവില്ലെന്നാണ് ബോര്‍ഡ് പറയുന്നത്. ആശുപത്രിയുമായുള്ള ആശയവിനിമയം പോലും ബോര്‍ഡ് ഉപേക്ഷിച്ച നിലയിലാണ്. കഴിഞ്ഞ അഞ്ച് മാസമായി അതീവ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് മാത്രമാണ് റേഡിയേഷന്‍ നല്‍കി വരുന്നതെന്ന് നെഞ്ച് രോഗാശുപത്രി സൂപ്രണ്ട് ഡോ:ആര്‍.മഹാദേവന്‍ അറിയിച്ചു. 20 രോഗികള്‍ക്ക് മാത്രമാണ് റേഡിയേഷന്‍ നല്‍കാനാകുന്നത്. സോഴ്‌സ് മാറ്റിവെക്കാനും യന്ത്രത്തിന്റെ അറ്റകുറ്റ പണികള്‍ക്കും ഒരു കോടി രൂപ നേരത്തെ അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നതാണെങ്കിലും ഒന്നും എവിടെയുമെത്തിയിട്ടില്ല.
മെഡിക്കല്‍ കോളജില്‍ യന്ത്രം സ്ഥാപിച്ചത് ഒരു വിദേശ കമ്പനിയാണ് ഇവര്‍ക്ക് മുന്‍കാലങ്ങളില്‍ നല്‍കാനുള്ള കുടിശിഖ മൂലം ഇവര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ല.പുതിയ മെഷീന്‍ സ്ഥാപിക്കുമെന്ന് ശൈലജ ടീച്ചര്‍ നിരന്തരം പ്രഖ്യാപിക്കുന്നതാണെങ്കിലും ഒന്നും ഫലവത്താകുന്നില്ല. സ്ഥലം എം.എല്‍.എ അനില്‍ അക്കരയും മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഇപ്പോള്‍ തികഞ്ഞ മൗനത്തിലാണെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."