കടല്‍ക്ഷോഭത്തില്‍ വീടുകളില്‍ വെള്ളം കയറി
വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ അഴിമുഖത്ത് ശക്തമായ കടല്‍ക്ഷോഭത്തില്‍ രണ്ടുവീടുകളില്‍ വെള്ളംകയറി. അഴിമുഖത്തിന് തെക്കുഭാഗത്ത് കല്ലുങ്ങല്‍ വാസു, കാരാട്ട് കാര്‍ത്തി കേയന് എന്നിവരുടെ വീടുകളിലാണ് വെള്ളംകയറിയത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് കടല്‍ക്ഷോഭം തുടങ്ങിയത്. ശക്തമായ തിരമാലകള്‍ താല്കാലികമായി സ്ഥാപിച്ചിരുന്ന കടല്‍ഭിത്തിയും കവിഞ്ഞ് വീടുകളിലേക്ക് അടിച്ചുകയറുകയായിരുന്നു. വീടിനുള്ളില്‍ കടല്‍ വെള്ളത്തോടൊപ്പം മണലും നിറഞ്ഞ നിലയിലാണ്. വാതസംബന്ധമായ അസുഖമുള്ള വീട്ടമ്മ ഉള്പടെയുള്ള കുടുംബാംഗങ്ങള്‍ ഇതോടെ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പുണ്ടായ വേലിയേറ്റത്തില്‍ ഈവീടുകളില്‍ വെള്ളവും മണലും കയറിയിരുന്നു. അഴിമുഖത്തിന് തെക്ക് ഭാഗത്ത് ഏത്തായ് ബീച്ച് വരെ എഴുനൂറ് മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുമെന്ന അധികൃതരുടെ ഉറപ്പ് ഇനിയും പാലിക്കാത്തതാണ് ഇവിടെയുള്ള വീട്ടുകാര്‍ വീണ്ടും ദുരിതത്തിലാകാന്‍ കാരണം. മൂന്ന് വര്‍ഷത്തിനിടെ 50 മീറ്ററിലധികം കരഭാഗം കടല്‍ കവരുകയും നൂറോളം തെങ്ങുകളും രണ്ടുവീടുകളും നശിക്കുകയും ചെയ്തിരുന്നു. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.വി അശോകന് ഉള്പടെയുള്ള ജനപ്രധിനിധികള്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."