ചുമട്ടുതൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ടുപേര്‍ക്കു വെട്ടേറ്റു
കഠിനംകുളം: കുളത്തൂര്‍ കരിമണലില്‍ സി.ഐ.ടി.യു , എ. ഐ.ടി.യു.സി ചുമട്ടുതൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. എ.ഐ.ടി.യു.സി തൊഴിലാളിയായ കുഴവിള മൂലയില്‍ വീട്ടില്‍ സുരേഷ് (41), സി.ഐ.ടി.യു തൊഴിലാളിയായ കരിമണല്‍ കാളമുക്കന്‍പാറ സ്വദേശി ഷാജി (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഇന്നലെ രാവിലെ എട്ടരമണിയോടെ കരിമണല്‍ ജങ്ഷനിലാണ് സംഭവം. നെഞ്ചിന് വെട്ടേറ്റ സുരേഷിനെ മെഡിക്കല്‍കോളജ് ആശുപത്രിയിലും തലയ്ക്ക് വെട്ടേറ്റ ഷാജിയെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാവിലെ രണ്ടുപേരും കുഴിവിള തമ്പുരാന് മുക്കില്‍ ജോലിക്ക് വരുമ്പോഴാണ് ഏറ്റുമുട്ടിയത്. സുരേഷും മറ്റു മൂന്നുപേരും നേരെത്തെ സി.ഐ.ടി.യു തൊഴിലാളികളായിരുന്നു. നാലുമാസം മുമ്പാണ് ഇവര്‍ സി.ഐ.ടി.യു വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന് എ.ഐ.ടി.യു. സി തൊഴിലാളികളായി മാറിയത്. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു.
പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട് രണ്ടുദിവസം മുമ്പ് ആറ്റിപ്രയില്‍ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കുളത്തൂരിലെ സി.പി.ഐയുടെ എല്‍.സി ഓഫിസ് സി.പി.എമ്മുകാരും ഡി.വൈ.എഫ്.ഐ കാരും ചേര്‍ന്ന് ആക്രമിച്ചതില്‍ ഇരുകൂട്ടര്‍ക്കും പരുക്കേറ്റിരുന്നു.
സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, സി.പി.ഐ യുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എന്നിവര്‍ കുളത്തൂരില്‍ എത്തിയിരുന്നു.
കുളത്തൂര്‍ ആറ്റിപ്ര മേഖലയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത പൊലിസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."