ആറ്റിങ്ങല്‍ കൊലപാതകം: പ്രതികള്‍ പിടിയില്‍
ആറ്റിങ്ങല്‍: പൂവന്‍പാറ മനു വധക്കേസിലെ പ്രതികള്‍ പൊലിസ് പിടിയിലായി. ആലംകോട് തൊപ്പിച്ചന്ത ചരുവിള വീട്ടില്‍ മണികണ്ഠന്‍ (30), കടയ്ക്കാവൂര്‍ പന്തുകുളത്ത് അശോകന്‍ (44) എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.കടയ്ക്കാവൂരില്‍ വൃദ്ധയെ കുത്തിക്കൊന്ന കേസില്‍ പിടിയിലായതിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് മണികണ്ഠന്‍ മനുവിനെ കൊന്ന കാര്യം വെളിപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: മൂന്നാഴ്ചകള്‍ക്കു മുമ്പ് മണികണ്ഠനും സുഹൃത്ത് അശോകനും മദ്യപിക്കുന്നതിനായി പൂവമ്പാറയിലെത്തിയിരുന്നു. വെള്ളവും അച്ചാറും വാങ്ങാനെത്തിയപ്പോള്‍ ഇവരും കൊല്ലപ്പെട്ട മനുവും സുഹൃത്ത് വിഷ്ണുവുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മനുവും വിഷ്ണുവും ചേര്‍ന്ന് ഇവരെ മര്‍ദിക്കുകയും ചെയ്തു.
ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചത്. അന്നു മുതല്‍ ഇരുവരും ചേര്‍ന്ന് കൊലപാതകത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നു. മനുവിനേയോ സുഹൃത്തിനേയോ വകവരുത്തുകയായിരുന്നു ലക്ഷ്യം. മണികണ്ഠന്‍ ഒരാഴ്ചയോളം ജോലിക്കു പോലും പോകാതെയാണ് മനുവിനേയും വിഷ്ണുവിനേയും പിന്‍തുടര്‍ന്നത്.
പ്രതികളെ കുറിച്ച് സൂചനകളൊന്നും ലഭിക്കാത്തതിനാല്‍ അന്വേഷണം മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കാന്‍ പൊലിസ് തീരുമാനിച്ചിരുന്നു. കൊച്ചിയിലെ ഹവാല പണമിടപാടു സംഘങ്ങളിലേയ്ക്കു വരെ അന്വേഷണം ചെന്നെത്തുകയും ചെയ്തു. ഇതിനിടയ്ക്കാണ് വൃദ്ധയെ കുത്തിക്കൊന്ന കേസില്‍ മണികണ്ഠന്‍ കടയ്ക്കാവൂര്‍ പൊലിസിന്റെ പിടിയിലാകുന്നതും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതും.
ഇക്കഴിഞ്ഞ ആറിന് രാത്രി 9.30 മണിയോടെയാണ് വീട്ടുമുറ്റത്ത് വരാന്തയ്ക്കരികില്‍ മനുവിനെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ വീട്ടുകാര്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്ന് പിന്നിലേക്കു വീണ മനുവിന്റെ തല തറയിലോ മറ്റോ ഇടിച്ചതാകാം മരണകാരണമെന്നാണ് പൊലിസ് ആദ്യം കരുതിയത്. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് മൂര്‍ച്ചയുള്ള ഏതോ ആയുധം കൊണ്ടുള്ള ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നു കണ്ടെത്തിയത്. ഇതാണ് പൊലിസ്് അന്വേഷണത്തിന്റെ ഗതി മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."