നഗരസഭ ഉദ്യോഗസ്ഥനെ കൗണ്‍സിലര്‍ മര്‍ദിച്ചതായി പരാതി പരാതി അടിസ്ഥാനരഹിതമെന്ന് കൗണ്‍സിലര്‍
കൊച്ചി: കൊച്ചി നഗരസഭയിലെ റവന്യു വകുപ്പ് ജീവനക്കാരനെ കൗണ്‍സിലര്‍ മര്‍ദിച്ചതായി പരാതി. റവന്യു വിഭാഗത്തിലെ ഉദ്യോഗസ്ഥനായ പ്രതീഷ് ബാബുവാണ് കൗണ്‍സിലര്‍ ടി.കെ അഷറഫ് മര്‍ദിച്ചതായി പരാതിപ്പെട്ടത്. പ്രതീഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പ്രതീഷ് പറയുന്നതിങ്ങിനെ. ഇന്നലെ ഉച്ചയോടെ ടൗണ്‍ പ്ലാനിങ് കമ്മിറ്റി അധ്യക്ഷയുടെ മുറിയിലേക്ക് ആ കമ്മിറ്റിയിലെ അംഗം കൂടിയായ അഷ്‌റഫ് തന്നെ വിളിച്ചു വരുത്തുകയായിരുന്നു. അഷ്‌റഫിനൊപ്പം സുലൈമാന്‍ ഖാലിദും മറ്റൊരാളും ക്ലാര്‍ക്കും മുറിയിലുണ്ടായിരുന്നു. ഫയല്‍ കാട്ടി താന്‍ കാര്യങ്ങള്‍ വിശദമാക്കിയെങ്കിലും അനധികൃതമായ എത്രയോ കെട്ടിടങ്ങള്‍ ഉണ്ടായിട്ടും ഈ കെട്ടിടത്തിനെതിരെ മാത്രം തിടുക്കപ്പെട്ടു നടപടിയെടുത്തതെന്തിനെന്ന് ചോദിച്ച് അഷ്‌റഫ് തട്ടികയറുകയും അസഭ്യം പറയുകയും ഡ്യൂട്ടി സമയം കഴിഞ്ഞു പുറത്തു വരുമ്പോള്‍ കാണിച്ചു തരാമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതിനൊപ്പമാണ് കഴുത്തില്‍ പിടിച്ചു തള്ളിയത്. ബഹളം കേട്ട് ഓടിയെത്തിയ കൗണ്‍സിലര്‍മാര്‍ ചേര്‍ന്നു പിടിച്ചു മാറ്റുകയായിരുന്നുവെന്നും പ്രതീഷ് പറഞ്ഞു.
വിളിച്ചു വരുത്തിയതും വിശദീകരണം ചോദിച്ചതും ശരിയാണെന്നും എന്നാല്‍ താന്‍ മര്‍ദിച്ചുവെന്ന് പറയുന്നത് സത്യമല്ലെന്നും കെ.ടി അഷറഫ് പറഞ്ഞു. വാക്കേറ്റം ഉണ്ടായിട്ടുണ്ട്. പ്രതീഷ് മടങ്ങിപ്പോയി കുറേ സമയം കഴിഞ്ഞ ശേഷമാണ് താന്‍ കയ്യേറ്റം ചെയ്‌തെന്ന ആരോപണം ഉന്നയിച്ചത്. നോട്ടീസ് കൊടുക്കുകയോ വീട്ടുകാരോട് വിശദീകരണം ചോദിക്കുകയോ ചെയ്യാതെയാണ് 26,000 രൂപയോളം നികുതി നിശ്ചയിച്ചത്. പരാതിക്കാരന്‍ ആരെന്നു പോലും വ്യക്തമല്ല. ജീവിക്കാനായി സഫിയ സ്വന്തമായി ഒരു സ്ഥാപനം നടത്തുകയാണവിടെ. നഗരത്തിന്റെ പല ഭാഗങ്ങളിലും വീടുകളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൊന്നും നടപടിയില്ലാതെ ഈ കെട്ടിടത്തിനെതിരെ തിടുക്കത്തില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ നടപടി സ്വീകരിച്ചത് സ്ഥാപിത താല്‍പര്യത്തോടെയാണെന്നും അഷറഫ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് കൊച്ചി നഗരസഭ ജീവനക്കാര്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം പണി മുടക്കി. കോണ്‍ഗ്രസ്, സി.പി.എം അനുകൂലം യൂനിയനുകള്‍ സംയുക്തമായി പണിമുടക്കിയതോടെ ഉച്ചയ്ക്കു ശേഷം നഗരസഭ ഓഫീസ് പ്രവര്‍ത്തനം സ്തംഭിച്ചു. മേയര്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. അഷ്‌റഫും യൂനിയന്‍ നേതാക്കളും തങ്ങളുടെ വാദങ്ങളില്‍ ഉറച്ചു നിന്നതോടെയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഇന്ന് രാവിലെ വീണ്ടും ചര്‍ച്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."