ഒളികാമറ: കോടതി ജീവനക്കാരന്റെ മരണം വിഷം ഉള്ളില്‍ ചെന്നെന്ന് പൊലിസ്
തൊടുപുഴ: ജില്ലാ കോടതി സമുച്ചയത്തിലെ ശൗചാലയത്തില്‍ ഒളികാമറ വെച്ച സംഭവത്തില്‍ പൊലിസ് തിരയുന്നതിനിടെ മരിച്ച നിലയില്‍ കണ്ടെത്തിയ കോടതി ജീവനക്കാരന്റെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന് പൊലിസ്.
മൃതദേഹത്തിന് പത്ത് ദിവസത്തിലധികം പഴക്കമുണ്ടെന്നും ജീര്‍ണിച്ചതിനാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും പൊലിസ് പറഞ്ഞു.
ആലപ്പുഴ പട്ടണക്കാട് സ്വദേശിയായ വിജുവിനെ ഞായറാഴ്ച്ചയാണ് വാഗമണ്ണില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. 20 ദിവസത്തിലധികമായി വിജു ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മാസം 27ന് വിജു ബൈക്കിലത്തെി ബൈക്ക് റോഡരികില്‍ വെച്ച ശേഷം മൊട്ടക്കുന്നുകളുടെയടുത്തേക്ക് പോകുന്നത് കണ്ടതായും അന്നു മുതല്‍ ബൈക്ക് ഇവിടെയുണ്ടായിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
ബൈക്ക് വാഗമണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താന്‍ നിരപരാധിയാണെന്നും തന്നെ എല്ലാവരും ക്രൂശിക്കുകയാണെന്നും ഇയാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിലുണ്ട്. തന്നെ സഹായിക്കാന്‍ ആരും ഉണ്ടായില്‌ളെന്നും കത്തില്‍ പറയുന്നു. ഭാര്യക്കും മാതാപിതാക്കള്‍ക്കും തൊടുപുഴ മജിസ്‌ട്രേറ്റിനും പ്രത്യേകം എഴുതിയ ആത്മഹത്യാക്കുറിപ്പുകളാണ് ലഭിച്ചത്. മൃതുദേഹത്തില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് പാസ് ബുക്ക്, കോടതിയിലെ തിരിച്ചറിയില്‍ കാര്‍ഡ് തുടങ്ങിയവ ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."