തിളപ്പിച്ച ഔഷധ കുടിവെള്ള വിതരണം ദേവസ്വം ബോര്‍ഡ് വിപുലമാക്കി
പത്തനംതിട്ട: ശബരിമലയില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം നിരോധിച്ചതിന്റെയും തിരക്ക് വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തില്‍ അയ്യപ്പന്മാര്‍ക്കുള്ള തിളപ്പിച്ച ഔഷധ കുടിവെള്ള വിതരണം ദേവസ്വം ബോര്‍ഡ് വിപുലമാക്കി. സന്നിധാനത്ത് വലിയ നടപ്പന്തലില്‍ ഔഷധ കുടിവെള്ള വിതരണത്തിനായി 43 പേരെക്കൂടി അടിയന്തരമായി നിയോഗിച്ചതായി ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ ആര്‍. രവിശങ്കര്‍ പറഞ്ഞു.
വൈക്കം ക്ഷേത്ര കലാപീഠത്തില്‍നിന്നുള്ള 40 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമാണ് കുടിവെള്ള വിതരണത്തിന് പുതുതായി എത്തുന്നത്. ഇതിനു പുറമേ സീസണിലെ ആവശ്യകത മുന്നില്‍ക്കണ്ട് 150 പേരെക്കൂടി അധികമായി നിയമിക്കുന്നതിനും നടപടി തുടങ്ങി. ഈ വര്‍ഷം സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഔഷധ കുടിവെള്ള വിതരണത്തിനു മേല്‍നോട്ടം വഹിക്കുന്നതിനു മാത്രമായി മൂന്ന് സ്‌പെഷല്‍ ഓഫീസര്‍മാരെയാണ് ദേവസ്വം ബോര്‍ഡ് നിയോഗിച്ചത്.
തിരക്ക് വര്‍ധിച്ചതു കണക്കിലെടുത്ത് ഔഷധ കുടിവെള്ളത്തിനൊപ്പം ബിസ്‌ക്കറ്റും വിതരണം ചെയ്യുന്നത് അയ്യപ്പന്മാര്‍ക്ക് ഏറെ ആശ്വാസം പകരുന്നു. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ വെള്ളത്തിലിട്ട് തിളപ്പിച്ചാണ് ഔഷധ കുടിവെള്ളം തയാറാക്കുന്നതെന്ന് സന്നിധാനത്തെ ഔഷധ കുടിവെള്ള വിതരണത്തിന്റെ സ്‌പെഷല്‍ ഓഫീസറും അസിസ്റ്റന്റ് എന്‍ജിനിയറുമായ ഡി. മധു പറഞ്ഞു. സന്നിധാനം സ്‌പെഷല്‍ ഓഫീസറുടെ കീഴില്‍ 40 ഇടങ്ങളില്‍ ഔഷധ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. ഇതില്‍ 10 ഇടങ്ങള്‍ പുതുതായി ആരംഭിച്ചവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."