കള്ളനോട്ട് കേസിലെ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ചുരുളഴിഞ്ഞത്് എട്ടുവര്‍ഷം മുമ്പ് നടന്ന കൊലക്കേസ്
തലയോലപ്പറമ്പ്: എട്ടു വര്‍ഷം മുന്‍പ് നടന്ന പണമിടപാടുകാരന്‍ മാത്യു കോലക്കേസിന്റെ ചുരുളഴിയുന്നു. കള്ളനോട്ട് കേസില്‍ പിടിയിലായ ടി.വി പുരം പള്ളിപ്രത്തുശ്ശേരി ചെട്ടിയാംവീട്ടില്‍ അനീഷാണ് മാത്യുകൊലക്കേസിന്റെ നിര്‍ണായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇന്നുണ്ടായേക്കും. പ്രതിയെ പത്ത് ദിവസത്തേക്ക് കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
2008ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തലയോലപ്പറമ്പിലെ പ്രധാന പണമിടപാടുകാരനായിരുന്നു കൊല്ലപ്പെട്ട തലയോലപ്പറമ്പ് ആശുപത്രിക്കവലയ്ക്ക് സമീപമുള്ള കാലായില്‍ കാക്ക മാത്തന്‍ എന്നുവിളിക്കുന്ന മാത്യു. ആ സമയം ആശുപത്രിക്കവലയ്ക്ക് സമീപം അനീഷ് സ്റ്റിക്കര്‍ ജോലികള്‍ ചെയ്യുന്ന സ്ഥാപനം നടത്തുകയായിരുന്നു. വൈകുന്നേരങ്ങളില്‍ അനീഷിന്റെ കടയില്‍ സ്ഥിരസന്ദര്‍ശകനായിരുന്നു മാത്യു. ഇവര്‍ നല്ല സൗഹൃദത്തിലുമായിരുന്നു.
വീടിന്റെ ആധാരം പണയപ്പെടുത്തി അനീഷ് മാത്തനില്‍നിന്നും പണം വാങ്ങി. ഇത് തിരികെ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് സൗഹൃദം തകരുന്നതിനും പിന്നീട് കൊലപാതകത്തിനും കാരണമായതെന്ന് ചോദ്യം ചെയ്യലില്‍ അനീഷ് പറഞ്ഞതായാണ് വിവരം. മാത്തനെ കൊല ചെയ്തതിനുശേഷം കടയുടെ പുറകുവശത്ത് കുഴിയുണ്ടാക്കി കുഴിച്ചുമൂടുകയായിരുന്നു. ഇക്കാര്യത്തില്‍ അനീഷിന് സഹായികളുണ്ടോയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യലിനിടയില്‍ വെളിവായേക്കും. കൊലപാതകം നടന്ന സ്ഥലവും മൃതദേഹം താഴ്ത്തിയ കുഴിയുമെല്ലാം വിദഗ്ധ പൊലിസ് സംഘം ഇന്ന് പരിശോധിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."