മകളുടെ വിവാഹം കാണാനാകാതെ സഹപ്രവര്‍ത്തകന്റെ വിയോഗം; വേദനയോടെ പ്രവാസി സുഹൃത്തുക്കള്‍
മനാമ : മൂന്നര പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി സ്വന്തം മകളുടെ വിവാഹം മംഗളമാക്കാനാഗ്രഹിച്ച സഹ പ്രവര്‍ത്തകന്റെ അകാല വിയോഗത്തില്‍ വേദന കടിച്ചിറക്കുകയാണ് ബഹ്‌റൈനിലെ അല്‍നോ സൈഫ് കോണ്‍ട്രാക്ടിംഗ് കമ്പനിയിലെയും താമസസ്ഥലത്തേയും സുഹൃത്തുക്കള്‍.
നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടെ ഒരാഴ്ച മുമ്പു മരിച്ച കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ചൂരയില്‍ ശശി (58)യുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് നാട്ടിലേക്കയച്ചത്.
കഴിഞ്ഞ 35 വര്‍ഷമായി ബഹ്‌റൈനിലുള്ള ശശി ഇവിടെ അല്‍നോ സൈഫ് കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്.
ഈ മാസം 19ന് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നതിനാല്‍ കഴിഞ്ഞ മൂന്നാം തീയതി ഗള്‍ഫിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാനിരുന്നതാണ്. കമ്പനിയില്‍നിന്ന് ആനുകൂല്യങ്ങളെല്ലാം വാങ്ങി ടിക്കറ്റും ബുക്ക് ചെയ്ത് ഡിസംബര്‍ മൂന്നിനു താമസ സ്ഥലത്തേയ്ക്ക് മടങ്ങിയപ്പോഴാണ് ശരീരത്തിനു തളര്‍ച്ച അനുഭവപ്പെട്ടത്. തുടര്‍ന്ന് സല്‍മാബാദിലെ ഒരു ക്ലിനിക്കില്‍ കൊണ്ടുപോയി പരിശോധിപ്പിച്ച് മടങ്ങിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ തളര്‍ച്ച അനുഭവപ്പടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
പിന്നീട് സല്‍മാനിയ മെഡിക്കല്‍ കോളജില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കരളിന് അസുഖമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചുവെങ്കിലും കഴിഞ്ഞ ബുധനാഴ്ച ശശി മരണത്തിനു കീഴടങ്ങുകയായിരുന്നു. ജോലി ചെയ്ത കമ്പനിയുടെയും സഹപ്രവര്‍ത്തകരുടെയും നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് ശശിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."