അധികൃതര്‍ കനിഞ്ഞില്ല; മെഡിസിന് പഠിക്കുന്ന ആദിവാസി വിദ്യാര്‍ഥിയുടെ വീട് തകര്‍ന്നു
നിലമ്പൂര്‍: വീട് തകരുമെന്ന് കാണിച്ച് അധികൃതര്‍ക്ക് നല്‍കിയ നിവേദനം വെളിച്ചം കണ്ടില്ല. എം.ബി.ബി.എസിന് പഠിക്കുന്ന ആദിവാസി വിദ്യാര്‍ഥിയുടെ വീട് തകര്‍ന്നുവീണു. ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടം എസ്.ടി കോളനിയിലെ കവിയത്തുംകുഴി ഗോവിന്ദന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. കാലപ്പഴക്കത്തില്‍ ദ്രവിച്ചാണ് വീട് തകര്‍ന്നത്. ഇന്നലെ 12മണിയോടെയാണ് പട്ടികകള്‍ പൊട്ടി ഓട് വീടിനുള്ളിലേക്ക് പതിച്ചത്. ഈ സമയം ഗോവിന്ദന്റെ മകനും പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുമായ അഖില്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നു. പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. ഗോവിന്ദന്റെ ഭാര്യ മഞ്ജുള നിലമ്പൂരിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരിയാണ്. വീട് തകരുമ്പോള്‍ മഞ്ജുള പെട്രോള്‍ പമ്പിലായിരുന്നു. ഗോവിന്ദന്റെ മൂത്തമകനായ അമല്‍ ഗോവിന്ദിന് ഈ വര്‍ഷമാണ് എം.ബി.ബി.എസിന് അഡ്മിഷന്‍ ലഭിച്ചത്. സുമനസുകളുടെ സഹായത്തോടെയാണ് അമലിന്റെ പഠനം നടന്നുവരുന്നത്. ഇതിനിടെ വീട് ദ്രവിച്ച കാര്യം അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. കൊല്ലം വര്‍ക്കല എആര്‍.സി കോളേജിലെ വിദ്യാര്‍ഥിയാണ് അമല്‍ ഗോവിന്ദ്. കഴിഞ്ഞ നവംബര്‍ 11ന് വീടിന്റെ ദുരവസ്ഥ കാണിച്ച് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
വീട് തകര്‍ന്നതിനെ തുടര്‍ന്ന് വാര്‍ഡ് അംഗം അച്ചാമ്മ ജോസഫ് പട്ടിക വര്‍ഗ പ്രൊജക്ട് ഓഫിസര്‍ കൃഷ്ണന്‍, പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ എന്നിവരുമായി ബന്ധപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി വീടുനിര്‍മിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വീട് നിര്‍മിക്കും വരെ താല്‍ക്കാലികമായി വീട് വാടകക്ക് എടുത്തു നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് വീടു സന്ദര്‍ശിച്ച ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ രാജീവ് പറഞ്ഞു. ഇന്നുതന്നെ റിപ്പോര്‍ട്ട് പട്ടികവര്‍ഗ ഡയറക്ടര്‍ക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."