വേങ്ങരയിലെ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലപ്പുറം: ജില്ലയില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നത് തുടര്‍ക്കഥ. ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ സ്‌കൂള്‍ കെട്ടിടമാണ് കഴിഞ്ഞ ദിവസം വേങ്ങരയില്‍ തകര്‍ന്നുവീണത്. രണ്ടിലും ദുരന്തം ഒഴിവായതിനു കാരണം ഭാഗ്യം മാത്രമായിരുന്നു. വിദ്യാര്‍ഥികളെത്തും മുന്‍പ് അപകടം സംഭവിച്ചതിനാലാണ് ഇന്നലെ വന്‍ ദുരന്തം ഒഴിവായത്. തകര്‍ന്നുവീണ കെട്ടിടം അന്‍പത് വര്‍ഷം പഴക്കമുള്ളതായിരുന്നു. ഇന്നലെ അര്‍ധ വാര്‍ഷിക പരീക്ഷ തുടങ്ങുകയായതിനാല്‍ വിദ്യാര്‍ഥികള്‍ വൈകിയാണ് എത്തിയത്.
അതേസമയം കെട്ടിടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ നിമിഷങ്ങള്‍ക്കു മുന്‍പാണ് കെട്ടിട പരിസരത്തു നിന്ന് ക്ലാസുകളിലേക്കു പോയത്. നാലു ക്ലാസുറൂമുകള്‍ക്കു മുകളിലുള്ള മേല്‍ക്കൂരയും പിന്‍ഭാഗത്തെ ചുമരും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഈ അധ്യയന വര്‍ഷം കെട്ടിടത്തില്‍ ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കാനുള്ള ഫിറ്റ്‌നസ് ലഭിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വാദം. അതേസമയം തിങ്കളാഴ്ച ഈ കെട്ടിടത്തിന്റെ ഓടിട്ട മേല്‍ക്കൂര താഴ്ന്നു വരുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന എട്ടാം ക്ലാസുകള്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നെന്ന് പ്രധാനാധ്യാപകന്‍ പി.പി കുഞ്ഞാലി പറഞ്ഞു. 1957 ല്‍ സ്‌കൂള്‍ സ്ഥാപിതമായ കലത്തുളള കാലപ്പഴക്കം ചെന്ന മറ്റു രണ്ട് ഓടിട്ട കെട്ടിടങ്ങളും ഈ വിദ്യാലയത്തിലുണ്ട്.
ആറ് മാസം മുമ്പാണ് മങ്കട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മൂന്ന് ക്ലാസ് റൂമുകള്‍ ഉള്‍കൊള്ളുന്ന കെട്ടിടം തകര്‍ന്ന് വീണത്. അന്ന് ഞായറാഴ്ചയായതിനാലാണ് കുട്ടികള്‍ അപകടത്തില്‍ പെടാതിരുന്നത്. വെള്ളിയാഴ്ച വരെ ക്ലാസ് നടന്ന കെട്ടിടത്തിനു സമീപം നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പില്ലര്‍ സ്ഥാപിക്കാനായി കുഴിയെടുത്തതാണ് അന്ന് അപകടത്തിനിടയാക്കിയത്. നൂറ്റി ഇരുപതോളം കുട്ടികളാണ് ഈ ക്ലാസ് മുറികളില്‍ പഠനം നടത്തിയിരുന്നത്. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് വീണ്ടും മറ്റൊരു അപകടം കൂടി ഇന്നലെ വേങ്ങരയിലുണ്ടായത്.
രണ്ടായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് വേങ്ങരയില്‍ തകര്‍ന്നുവീണത്. ക്ലാസ് മുറിയില്‍ ഇരുന്ന് കെട്ടിടം തകര്‍ന്നു വീഴുന്നത് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ നേരിട്ടു കാണുന്നുണ്ടായിരുന്നു. അന്‍പത്തിയേഴ് വര്‍ഷം പഴക്കമുള്ള കെട്ടിടമായിരുന്നതിനാല്‍ ജീര്‍ണാവസ്ഥയിലായിരുന്നു ഈ കെട്ടിടം. അപകടം മുന്‍കൂട്ടി കണ്ട് അധ്യാപകര്‍ ഈ കെട്ടിടത്തിലെ ക്ലാസ് മുറികളില്‍ നിന്ന് പരീക്ഷ ഒഴിവാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."