ജില്ലാ സ്‌കൂള്‍ കലോത്സവം: സ്വാഗതസംഘമായി
തിരൂര്‍: ഇരുപത്തിയൊന്‍പതാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമിട്ട് ജനുവരി മൂന്നിന് സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും നടക്കും. സാംസ്‌കാരിക ഘോഷയാത്ര പൊലിസ് ലൈനില്‍ നിന്നും ആരംഭിക്കും. മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ മുഖ്യാതിഥിയാകും. 17 ഉപജില്ലകളിലെ 2500 വിദ്യാലയങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. ജനുവരി മൂന്ന് മുതല്‍ 7 വരെ തിരൂരില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വിപുലമായ സ്വാഗതസംഘം രൂപവല്‍ക്കരിച്ചു. തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ് ഗിരിഷ് ചെയര്‍മാനും വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി സഫറുള്ള കണ്‍വീനറുമായുള്ള സ്വാഗതസംഘമാണ് രൂപവല്‍ക്കരിച്ചത്. വിവിധ സബ് കമ്മിറ്റികളുമായി. സംഘാടക സമിതി കലാമേളയ്ക്ക് ആതിഥ്യമരുളുന്ന തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കറി സ്‌കൂളില്‍ തിരൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നാജിറ അഷറഫിന്റെ അധ്യക്ഷതയില്‍ ഇന്നലെ ആദ്യ യോഗം ചേര്‍ന്നു.
വിദ്യഭ്യാസ ഉപഡയറക്ടര്‍ സഫറുള്ള മുന്നൊരുക്കങ്ങള്‍ വിശദീകരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍, എ.ഇ.ഒമാരായ ബാലകൃഷ്ണന്‍, ഇസ്മാഈല്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ബാവ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. നസ്‌റുള്ള, കൗണ്‍സിലര്‍ എ.പി ഷാജിറ, കെ.പി ഹുസൈന്‍, തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിബാവ സംബന്ധിച്ചു. സ്വാഗതസംഘത്തിന്റെ വിപുലമായ യോഗം 24 ന് വൈകിട്ട് മൂന്നിന് ബോയ്‌സ് ഹൈസ്‌കൂളില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."