വിരമിച്ച ന്യായാധിപന്മാര്‍ക്ക് വേണം നിയന്ത്രണം
ലോകത്ത് നിരവധി ഭരണക്രമങ്ങള്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്നും അതു തുടര്‍ന്നുവരുന്നു. ഭിന്നങ്ങളായ ഭരണസമ്പ്രദായങ്ങളില്‍ എന്തുകൊണ്ടും ഏറ്റവും ശ്രേഷ്ഠത അവകാശപ്പെടാവുന്ന രീതി ജനാധിപത്യമാണെന്നാണു വിശ്വസിക്കുന്നത്. ജനാധിപത്യം ഉടലെടുത്ത കാലത്ത് പ്രഭുക്കള്‍ക്കും പുരോഹിതര്‍ക്കുമേ അതില്‍ പങ്കാളിത്തമുണ്ടായിരുന്നുള്ളൂ. കാലവും കാഴ്ചപ്പാടും മാറിയപ്പോള്‍ അതിന് ഏറെ മാറ്റം സംഭവിച്ചു.
ഇന്ത്യയുടെ ഭരണഘടന വിഭാവന ചെയ്യുന്നതു വിശാലവും നിര്‍മലവും സുതാര്യവുമായ ജനാധിപത്യമാണ്. നിയമനിര്‍മാണസംവിധാനവും ഭരണനിര്‍വഹണസംവിധാനവും സ്വതന്ത്രമായ നീതിന്യായ സംവിധാനവും ജനാധിപത്യത്തിന്റെ ജീവവായുവാണ്. ജനാധിപത്യത്തിന്റെ നൈതികവും നൈയമികവുമായ ഗതിവിഗതികളെ നിയന്ത്രിക്കുന്നതു സ്വതന്ത്രവും സുതാര്യവും സംശുദ്ധവുമായ ജുഡീഷ്യറിയാണെന്നു പറയാം. അതിനു സംഭവിക്കുന്ന ഏതൊരു പുഴുക്കുത്തും ജനാധിപത്യസൗധം നിലം പൊത്തുന്നതിനു കാരണമാകും. അതുകൊണ്ടുതന്നെ ജുഡീഷ്യറിയെ മറ്റുള്ളവയില്‍നിന്നു വ്യത്യസ്തമായി കാണാനും പരിപാലിക്കാനും നാം ശ്രദ്ധിക്കാറുണ്ട്.
പക്ഷേ, ന്യായാധിപന്മാരെക്കുറിച്ച് അശുഭചിന്തകള്‍ക്കു നമ്മെ നിര്‍ബന്ധിക്കുന്ന പ്രവണത ക്രമേണ വര്‍ധിച്ചുവരുകയാണ്. ന്യായാധിപന്മാരില്‍ പലരും അഴിമതി ആസ്വദിക്കുന്നവരാണെന്ന് മുമ്പ് ഒരു മുഖ്യ ന്യായാധിപന്‍ പ്രസ്താവിച്ചത് ഓര്‍ത്തുപോകുന്നു. ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ തെരഞ്ഞെടുപ്പു മുതല്‍ കര്‍ക്കശമായ പെരുമാറ്റച്ചട്ടങ്ങള്‍ നിലവിലുണ്ടെന്നാണു വയ്പ്. ന്യായാധിപ പദവിയിലെത്തിപ്പെടുന്നവരെ നിരവധി നിരീക്ഷണങ്ങളിലൂടെ നിരന്തരം വിലയിരുത്തലുകള്‍ക്കു വിധേയരാക്കുന്നുവെന്നു പറയപ്പെടുന്നു. ന്യായാധിപ പദവിയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടാല്‍ പൊതുരംഗത്തെ ഇടപെടലുകള്‍ക്കു ലക്ഷ്മണരേഖയുണ്ട്.
ആ നിയന്ത്രണങ്ങള്‍ക്കനുസരിച്ച പരിഗണനയും പരിചരണവും സംരക്ഷണവും രാഷ്ട്രം അവര്‍ക്കു നല്‍കിവരുന്നുമുണ്ട്. ബഹുസ്വരരാഷ്ട്രത്തില്‍ ന്യായാധിപന്‍ പൂര്‍ണമായും നിഷ്പക്ഷനും ജീവിതവിശുദ്ധിയും നീതിചിന്തയും പാലിക്കുന്നവനുമായി ജീവിതകാലം മുഴുവന്‍ അനുവര്‍ത്തിക്കുമെന്നു പൊതുസമൂഹം വിശ്വസിക്കുന്നു.
പക്ഷേ, വിരമിച്ചുകഴിഞ്ഞാല്‍ പൊതുസമൂഹത്തിന്റെ ധാരണകള്‍ക്കും പ്രതീക്ഷകള്‍ക്കും വിരുദ്ധമായി, ന്യായാധിപന്മാര്‍ പലപ്പോഴും ആശാസ്യമല്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന പ്രവണതകള്‍ വര്‍ധിച്ചുവരുന്നതായി ജനം ഭയക്കുന്നു. വിരമിച്ച ന്യായാധിപനു സ്വന്തം ആവശ്യത്തിനു സഹായിയെ വയ്ക്കാനുള്ള വകപോലും ഈ ദരിദ്രരാജ്യം അനുവദിച്ചിട്ടുണ്ട്. അത് ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിയര്‍പ്പിന്റെ വിലയായ നികുതിപ്പണത്തില്‍നിന്നാണ്. അതുകൊണ്ടുതന്നെ വിരമിച്ചവരിലും രാജ്യമനസ്സിനു ചില പ്രതീക്ഷകളുണ്ട്. അതു കാത്തുസൂക്ഷിക്കുന്നതില്‍ ന്യായാധിപന്മാര്‍ പരാജയപ്പെടുന്നിടത്ത് രാജ്യത്തിന്റെ പൊതുബോധം ഒരു മൂക്കുകയര്‍ തേടേണ്ടതാണ്. ആ മൂക്കുകയര്‍ പെരുമാറ്റച്ചട്ടം പാലിക്കാന്‍ വിരമിച്ച ന്യായാധിപനെ നിര്‍ബന്ധിക്കുന്നതാവണം.
കഴിഞ്ഞ നവംബര്‍ മൂന്നാംവാരത്തില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വാര്‍ത്ത മേല്‍ ആവശ്യത്തിലേയ്ക്കു വിരല്‍ചൂണ്ടുന്നതാണ്. നീതിന്യായരംഗത്ത് തലയെടുപ്പുള്ള ന്യായാധിപ ശൃംഖല മലയാളക്കരയിലുണ്ട്. അതില്‍ എന്തുകൊണ്ടും പിന്‍നിരക്കാരനല്ലാത്ത ന്യായാധിപനാണു ജസ്റ്റിസ് കെ.ടി തോമസ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍പ്പോലും അദ്ദേഹം അവലംബിച്ച ശാസ്ത്രീയ പിന്‍ബലമുള്ള നിലപാടുകള്‍ ഏറെ ശ്രദ്ധേയമാണ്. പക്ഷംചേരലിന് അദ്ദേഹം തയാറായില്ലെന്നത് ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.
അത്തരമൊരാളില്‍നിന്നു പൊതുസമൂഹം പ്രതീക്ഷിക്കാന്‍ പാടില്ലാത്ത നിലപാടുകള്‍ അടുത്തിടെയുണ്ടായി. ഭാരതീയ വിചാരകേന്ദ്രം മേധാവിയെന്ന നിലയില്‍ അറിയപ്പെടുന്ന പി. പരമേശ്വരന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷപരിപാടികളുടെ സംഘാടക സമിതി അധ്യക്ഷന്‍ ജസ്റ്റിസ് കെ.ടി തോമസ് ആണ്. അതത്ര ശുഭസൂചകമായ കാര്യമല്ല. ഇന്ത്യന്‍ ഭരണഘടനയുടെ മൗലികതത്വമായ മതേതരത്വത്തിനു യോജിക്കാനാവത്ത ആശയത്തിന്റെയും സൈദ്ധാന്തിക അടിത്തറയുടെയും കാവല്‍ക്കാരനും ഗവേഷകനുമായ ഒരാളുടെ നവതിയാഘോഷത്തിനു ചുക്കാന്‍ പിടിക്കുന്നത് ഉന്നത നീതിപീഠത്തിലിരുന്നയാളാണെന്നു കേള്‍ക്കുന്നത് മതേതരവിശ്വാസികള്‍ക്കു ദഹിക്കാത്ത കാര്യമാണ്. ഫാസിസ്റ്റ് സംഘടനയുടെ നായകന്റെ നവതിയാഘോഷ സംഘാടകസമിതിയുടെ അധ്യക്ഷസ്ഥാനം ജസ്റ്റിസ് കെ.ടി തോമസ് ഇതുവരെ അലങ്കരിച്ച സ്ഥാനങ്ങളോളം വരുമോ. ഇല്ലതന്നെ.
പിന്നെന്തുകൊണ്ട് അതു സ്വീകരിച്ചുവെന്നു ചിന്തിക്കുന്ന മനസ് വംശീയതയുടെ ഉപശാലകളും ഇടനാഴികളും കടന്നു കക്ഷിരാഷ്ട്രീയത്തിന്റെ ഗോവണിച്ചുവട്ടില്‍ എത്തിച്ചേര്‍ന്നാല്‍ അദ്ഭുതപ്പെടാനില്ല. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിക്ക് നിലവിലെ സാഹചര്യത്തില്‍ സമുദായപിന്തുണയുണ്ടായാലും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ പിന്‍ഗാമിയാവാന്‍ ബി.ജെ.പി അനുവദിക്കില്ല. തങ്ങള്‍ക്കു പ്രിയങ്കരമായ നിലപാടുകള്‍ സ്വീകരിക്കുന്നവരെ ആ കസേരയിലിരുത്താന്‍ അവര്‍ക്കു താല്‍പ്പര്യമേയുണ്ടാകൂ. ജസ്റ്റിസ് കെ.ടി തോമസ് ആഗ്രഹിച്ചാലുമില്ലെങ്കിലും അതിനുള്ള സാധ്യത നിഷ്പക്ഷമായി ഇന്ത്യന്‍ രാഷ്ട്രീയം വിലയിരുത്തുന്നവര്‍ കാണുന്നുണ്ട്.
ജസ്റ്റിസ് എം. രാമചന്ദ്രന്‍ നായര്‍ വിരമിച്ചുകഴിഞ്ഞപ്പോള്‍ ഫാസിസത്തിന്റെ മറ്റൊരു വകഭേദമായ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാനാധ്യക്ഷ പദവിയിലെത്തി.
ജില്ലാ ജഡ്ജിയായി വിരമിച്ച ആലുവ സ്വദേശി സുന്ദരം ഗോവിന്ദ് ഇതേ പാതയില്‍ത്തന്നെയാണ്. ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ മുമ്പൊരിക്കല്‍ എന്‍.ഡി.എഫിന്റെ യോഗത്തില്‍ പങ്കെടുത്തതും സ്മരിക്കേണ്ട വസ്തുതകളാണ്. മേല്‍പ്പറഞ്ഞ ന്യായാധിപ പ്രമുഖരൊക്കെ എത്തിപ്പെട്ടത് സര്‍വരെയും ഉള്‍ക്കൊള്ളുന്നതും മാനവസ്‌നേഹത്തിലും സൗഹാര്‍ദത്തിലും വിശാലമായ ദേശീയതയിലും ഊന്നിനിന്നു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളിലല്ല.
മറിച്ച്, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അക്രമോത്സുകമായ അതിദേശീയതയുടെയും പ്രതിവംശീയ ഉന്മൂലനത്തന്റെയും ഭയപ്പെടുത്തുന്നതിന്റെയും ഭീകരമായ ഭീതിയുടെയും കാളകൂടം ഉല്‍പ്പാദിപ്പിച്ചു വിതരണം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ കൈകളിലായിപ്പോയി. ന്യായാധിപ പദവി വഹിച്ച കാലയളവുപോലും ഇതിനുള്ള പരിശീലനകാലമാക്കി മാറ്റിയോ എന്ന സംശയവും സ്വാഭാവികമാണ്. ഇവര്‍ നടത്തിയ വിധിപ്രസ്താവങ്ങളുടെ നിഷ്പക്ഷതപോലും ഇവിടെ ചോദ്യം ചെയ്യപ്പെടാം.
ഈ പ്രശ്‌നത്തെ സമഗ്രമായി സമീപിക്കുമ്പോഴാണു പെരുമാറ്റച്ചട്ടത്തിന്റെ മൂക്കുകയര്‍ വിരമിച്ച ന്യായാധിപര്‍ക്ക് അനിവാര്യമാക്കുന്നത്. ജീവിതകാലമത്രയും ഒരു പരിചാരകനുള്ള വകപോലും പൊതുഖജനാവില്‍നിന്നു നല്‍കി രാജ്യം ആദരിക്കുമ്പോള്‍ വിഭാഗീയത സൃഷ്ടിക്കുമ്പോള്‍ ഇത്തരം പ്രസ്ഥാനങ്ങളുമായുള്ള 'സംബന്ധം' ന്യായാധിപന്‍മാര്‍ വിരമിച്ചവരായാലും അസംബന്ധമെന്ന നിലയില്‍ത്തന്നെ കണ്ടു വിലക്കേണ്ടതാണ്. പക്ഷേ, പൂച്ചക്ക് ആരു മണി കെട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."