അഴിമതിയും നോട്ട് നിരോധനവും പാര്‍ലമെന്റില്‍ ബഹളം
ന്യൂഡല്‍ഹി: ശീതകാലസമ്മേളനത്തിന്റെ 19ാംദിവസവും ഇരുസഭകളും ബഹളത്തില്‍ മുങ്ങി. നോട്ട് നിരോധനത്തിനു പുറമെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മന്ത്രി കിരണ്‍റിജിജുവിനെതിരായ അഴിമതിയാരോപണവും ഉന്നയിച്ചതോടെയാണ് സഭ ബഹളത്തില്‍ മുങ്ങിയത്. അരുണാചല്‍ പ്രദേശിലെ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 450 കോടിയുടെ അഴിമതി നടത്തിയ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയാണ് അഴിമതിയാരോപണം ഉന്നയിച്ചത്.
സര്‍ക്കാര്‍ എല്ലാത്തരം ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നും പ്രതിപക്ഷം ചര്‍ച്ചയ്ക്കു തയാറുണ്ടോ എന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ചോദിച്ചു.
രാജ്യസഭാ അധ്യക്ഷന്റെ അനുമതിയില്ലാതെ ഒരു അംഗത്തിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയ ഉപാധ്യക്ഷന്‍, റിജിജുവിനെതിരായ ആരോപണം തെളിയിക്കാനാകില്ലെന്നു വ്യക്തമാക്കി.
ലോക്‌സഭയില്‍ പ്രതിപക്ഷം ഒന്നടങ്കം റിജിജുവിന്റെ രാജിയാവശ്യപ്പെട്ടു. കോണ്‍ഗ്രസും തൃണമൂലും ഇടതു പാര്‍ട്ടികളും രാജിയാവശ്യത്തില്‍ ഉറച്ചു നിന്നു. ഇതിനിടെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ കോണ്‍ഗ്രസ് കമ്മീഷന്‍ വാങ്ങിയെന്ന ആരോപണവുമായി ഭരണപക്ഷവും ബഹളംവച്ചതോടെ ലോക്‌സഭ ബഹളത്തില്‍ മുങ്ങി. തുടര്‍ന്ന് ഇന്നത്തേക്ക് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.
ലോക്‌സഭയില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരും എത്തിയിരുന്നു.
എല്ലാ എം.പിമാരും പാര്‍ലമെന്റിലെത്തണമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ഇന്നലെ പ്രത്യേക നിര്‍ദേശവും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."