യു.എസില്‍ വിമാനത്തില്‍ വയോധികയെ വലിച്ചിഴച്ചു പുറത്താക്കി
മിഷിഗണ്‍: അമേരിക്കയില്‍ വിമാനത്തില്‍ സ്ത്രീയെ വലിച്ചിഴച്ചു പുറത്താക്കി. വയോധികയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കരുണയില്ലാത്ത നടപടിക്ക് ഇരയായത്. അമേരിക്കയിലെ ഡിട്രോയിറ്റ് മെട്രൊപൊളിറ്റന്‍ വിമാനത്താവളത്തില്‍ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. വിമാനത്തില്‍ കയറുന്നതിനു മുമ്പുള്ള ബോര്‍ഡിങ് പരിശോധനകള്‍ വേണ്ടവിധം പൂര്ത്തിയാക്കിയില്ലെന്നാരോപിച്ചായിരുന്നു നടപടി.
വിമാനത്തിന്റെ പിന്‍സീറ്റിലിരുന്ന ഇവരെ സീറ്റുകള്‍ക്കിടയിലൂടെ വലിച്ചിഴച്ച് പുറത്തുകൊണ്ടുവരികയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. വിമാനത്തില്‍ നിറയെ യാത്രക്കാരുണ്ടായിട്ടും വയോധികയായ സ്ത്രീയോട് ചെയ്ത ക്രൂരതയെ ആരും ചോദ്യംചെയ്യുകയോ തടയുകയോ ചെയ്തില്ല.
വിമാനത്താവള ടെര്‍മിനല്‍ ഗേറ്റില്‍ വച്ച് ലഗേജ് പരിശോധനയ്ക്കും മറ്റും സ്ത്രീ തയാറായില്ലെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പരിശോധനകള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ സ്ത്രീയോട് വിമാനത്തില്‍ നിന്ന് പുറത്തേക്ക് പോവാന്‍ ആവശ്യപ്പെട്ടു. ഇത് തയാറാകാത്തതിനാലാണ് അവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് കൊണ്ടുപോയതെന്നും എയര്‍ലൈന്‍സ് പറഞ്ഞു.
എന്നാല്‍ ബോര്‍ഡിങ് പരിശോധന പൂര്‍ത്തിയാക്കാത്ത ഒരാള്‍ എങ്ങനെ വിമാനത്തിലെത്തിയെന്നത് സുരക്ഷാസേനയോ വിമാനത്താവള അധികൃതരോ വ്യക്തമാക്കുന്നില്ല. സ്ത്രീയ്ക്കെതിരേ കേസ് എടുക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."