അലെപ്പോയില്‍ 82 സാധാരണക്കാരെ സൈന്യം കൊലപ്പെടുത്തി
ദമസ്‌കസ്: സിറിയയില്‍ വിമതരും സര്‍ക്കാര്‍ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ കിഴക്കന്‍ അലെപ്പോയില്‍ സര്‍ക്കാര്‍ സൈന്യം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 82 സാധാരണക്കാരെ കൊലപ്പെടുത്തി. ആക്രമണം ഭയന്ന് പലായനത്തിന് ശ്രമിച്ചവരെയാണ് സൈന്യം കൊലപ്പെടുത്തിയതെന്ന് യു.എന്‍ മനുഷ്യാവകാശ ഓഫിസ് വക്താവ് റൂപര്‍ട്ട് കോള്‍വില്ലെ പറഞ്ഞു. വിമതമേഖലയുടെ 98 ശതമാനം തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് സിറിയന്‍ സൈന്യം അവകാശപ്പെടുന്നത്.
അെലപ്പോയില്‍ കുടുങ്ങിയ സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതുലംഘിച്ച് ഇന്നലെ വീണ്ടും സൈന്യം ആക്രമണം തുടങ്ങി. വിമതസൈന്യത്തിനെതിരേ ഷെല്ലിങ് നടത്തുകയായിരുന്നുവെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് രണ്ടു ശതമാനം മേഖലയില്‍നിന്നു വിമതരെ തുരത്താനുള്ള ഷെല്ലിങാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
അതേസമയം മേഖലയില്‍ വിമതസൈന്യം ആക്രമണം നടത്തുന്നില്ലെന്ന് കിഴക്കന്‍ അലെപ്പോയില്‍ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഷെല്ലിങില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി വിവരമുണ്ട്. സിറിയന്‍ സൈന്യം ആക്രമണം പുനരാരംഭിച്ചതായി സിറിയയുടെ സൈനിക പങ്കാളിയായ റഷ്യയുടെ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. വിമതര്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ബുധനാഴ്ച അതിരാവിലെ ആക്രമണം അഴിച്ചുവിട്ടതാണ് സര്‍ക്കാര്‍ സൈന്യത്തെ നടപടിക്ക് പ്രേരിപ്പിച്ചതെന്ന് റഷ്യയുടെ ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി.
കിഴക്കന്‍ അെലപ്പോയില്‍ നിന്നു ഷെല്ലുകള്‍ പതിക്കുന്ന ശബ്ദം കേട്ടതായി യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും അറിയിച്ചു. എന്നാല്‍, എവിടെയെല്ലാമാണ് ഷെല്‍ പതിച്ചതെന്ന് വ്യക്തമല്ല. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് സര്‍ക്കാര്‍ ഷെല്ലിങ് പുനരാരംഭിച്ചിരിക്കുന്നതെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി കുറ്റപ്പെടുത്തി.
സിറിയയുടെ വാണിജ്യ കേന്ദ്രമായിരുന്ന അെലപ്പോ 2012 മുതലാണ് സംഘര്‍ഷ കേന്ദ്രമായി മാറിയത്. സര്‍ക്കാര്‍ നിയന്ത്രണമുള്ള പടിഞ്ഞാറന്‍ അലെപ്പോയും വിമതര്‍ക്ക് സ്വാധീനമുള്ള കിഴക്കുമായി വിഭജിക്കപ്പെടുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന് അെലപ്പോ നഗരത്തിന്റെ ബഹുഭൂരിഭാഗം പ്രദേശവും കൈവശമായിരിക്കുകയാണ്. ആഴ്ചകളോളം നീണ്ട നിരന്തരമായ പോരാട്ടവും വ്യോമാക്രമണങ്ങളുമാണ് നഗരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായകമായത്. ചൊവ്വാഴ്ച രാത്രിയിലാണ് ഏറ്റവും ശക്തമായ ഷെല്ലിങ് മേഖലയില്‍ അരങ്ങേറിയത്. പ്രധാനമായും കിഴക്കന്‍ അെലപ്പോയുടെ ഭാഗമായ ശീഈ ഭൂരിപക്ഷ പട്ടണങ്ങളായ കഫ്‌റയ, അല്‍ ഫുഅ എന്നിവിടങ്ങളില്‍ നിന്നായിരുന്നു ആദ്യ ഘട്ടത്തില്‍ താമസക്കാരെ വന്‍തോതില്‍ ഒഴിപ്പിച്ചത്. രണ്ടു മൂന്നു ദിവസങ്ങള്‍ക്കകം വിമതരെ പൂര്‍ണമായും തുരത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ആറായിരം സിവിലിയന്‍മാരും 366 വിമത സൈനികരും കിഴക്കന്‍ അെലപ്പോയില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."