കാരുണ്യ ഫാര്‍മസിയോടും കരുണ കാട്ടാതെ സര്‍ക്കാര്‍
കോഴിക്കോട്: കാരുണ്യ മരുന്നു ഷാപ്പുകളില്‍ ആവശ്യത്തിന് മരുന്നില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അവശ്യമരുന്നുകളെത്തിക്കുന്ന കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്റെ സാമ്പത്തിക ബാധ്യതയാണ് പ്രതിസന്ധിയിലാക്കിയത്. മരുന്നുകമ്പനികള്‍ക്കുള്ള കുടിശ്ശിക തീര്‍ക്കാന്‍ അടിയന്തര ധനസഹായം പോലും ലഭ്യമാക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കെ.എം.എസ്.സി.എല്ലിനോട് വിശദീകരണം തേടിയിട്ടുണ്ട്. ടെന്‍ഡര്‍ ഉടമ്പടി പ്രകാരം കെ.എം.എസ്.സി.എല്‍ മരുന്നുകള്‍ ലഭിച്ച് 45 ദിവസത്തിനകം കമ്പനികളുടെ കുടിശ്ശിക തീര്‍ക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഫണ്ട് വിഹിതത്തിലെ വന്‍ കുറവ് കാരണം ഈ വ്യവസ്ഥ പാലിക്കാന്‍ കോര്‍പറേഷന് സാധിച്ചിട്ടില്ല.
319 കോടി രൂപ വാര്‍ഷിക ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ കെ. എം.എസ്.സി. എല്ലിന് ലഭിച്ചത് 190 കോടി രൂപമാത്രമാണ്. സാധാരണക്കാര്‍ കുറഞ്ഞ നിരക്കില്‍ മരുന്നു ലഭിക്കാനായി കാരുണ്യ ഫാര്‍മസികളെയാണ് ആശ്രയിച്ചിരുന്നത്. മറ്റു മെഡിക്കല്‍ ഷാപ്പുകളെ അപേക്ഷിച്ച് 30 ശതമാനം മുതല്‍ 60 ശതമാനം വരെ വില കുറച്ചാണ് കാരുണ്യ ഫാര്‍മസികളില്‍ മരുന്നുകള്‍ നല്‍കുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് ഇത് വലിയ ആശ്വാസമായിരുന്നു. മെഡിക്കല്‍ കോളജുകളോടും ജില്ലാ ആശുപത്രികളോടുമനുബന്ധിച്ചും കാരുണ്യ ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍, മിക്കവയിലും അവശ്യമരുന്നുകളില്‍ പലതും ഇല്ല. ആളുകള്‍ സ്വകാര്യ മെഡിക്കല്‍ ഷാപ്പുകളെ ആശ്രയിക്കേണ്ടി വരുകയാണ്. മരുന്നുകമ്പനികള്‍ക്ക് നല്‍കാനുള്ള തുകയിനത്തില്‍ കുടിശ്ശിക ഒഴിവാക്കാന്‍ നൂറു കോടി രൂപയെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ ലിമിറ്റഡ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. സര്‍ക്കാരിന് കെ.എം.എസ്.സി. എല്‍ സമര്‍പ്പിച്ച കത്തില്‍ 129 കോടി രൂപയാണ് മരുന്നുകമ്പനികള്‍ക്ക് കുടിശ്ശിക തീര്‍ക്കാന്‍ നല്‍കാനുള്ളത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. 2013-14 വര്‍ഷത്തില്‍ 50.87 കോടിയുടെയും 2014-15 വര്‍ഷത്തില്‍ 96 കോടി രൂപയുമാണ് സര്‍ക്കാര്‍ കുടിശ്ശികയിനത്തില്‍ നല്‍കേണ്ടിയിരുന്നത്.
ഈ വര്‍ഷം മാത്രം 361 കോടി രൂപയുടെ മരുന്നുകളാണ് കെ.എസ്.എം.സി. എല്‍ മരുന്നുകമ്പനികളില്‍ നിന്നും വാങ്ങിയിരിക്കുന്നത്. സാമ്പത്തിക ബാധ്യത തുടര്‍ന്നാല്‍ കാരുണ്യ ഫാര്‍മസികള്‍ പാടെ നിലയ്ക്കുന്ന സാഹചര്യമാകും സംജാതമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."