മാവോയിസ്റ്റുകളുടെ മൃതദേഹം വിട്ടുകിട്ടാന്‍ ഇടപെട്ട സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍
കോഴിക്കോട്: നിലമ്പൂരില്‍ പൊലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികളുമായി സഹകരിച്ച സര്‍ക്കാര്‍ ജീവനക്കാരനെ സര്‍വിസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നിര്‍വാഹക സമിതി അംഗവും കോഴിക്കോട് പോളിടെക്‌നിക്കിലെ ക്ലറിക്കല്‍ സ്റ്റാഫുമായ എടച്ചേരി സ്വദേശി രാജേഷ് കൊല്ലക്കണ്ടിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണറായ ഉമാ ബെഹ്‌റയാണ് സര്‍ക്കാര്‍ ജീവനക്കാരനായ രാജേഷിനെതിരേ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്. യു. എ. പി. എ പ്രകാരം കേസെടുക്കാന്‍ കഴിയുന്ന ഗൗരവപരമായ കുറ്റകൃത്യത്തില്‍ പങ്കാളിയായി എന്നാരോപിച്ചാണ് സര്‍വിസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പോളിയില്‍ ഒന്‍പതുവര്‍ഷമായി ക്ലറിക്കല്‍ സ്റ്റാഫായി ജോലിചെയ്യുകയാണ് രാജേഷ് കൊല്ലക്കണ്ടി.
ഇക്കഴിഞ്ഞ 24ന് നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനായി മനുഷ്യാവകാശ പ്രവര്‍ത്തകനായ രാജേഷ് ഇടപെട്ടിരുന്നു. നവംബര്‍ 25,26 തിയതികളില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇദ്ദേഹം സജീവമായിരുന്നു.
ഇതിനുശേഷം നവംബര്‍ 29നാണ് സര്‍വിസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി വ്യക്തമാക്കിയുള്ള അറിയിപ്പ് കിട്ടിയതെന്ന് രാജേഷ് കൊല്ലക്കണ്ടി പറഞ്ഞു. മൃതദേഹം വിട്ടുകിട്ടുന്നതിന് നിയമപരമായി സഹായിക്കുന്നത് സര്‍വിസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി. കൂടാതെ ഇന്നുവരെ കേരളത്തിലെ ഒരു സ്റ്റേഷനില്‍ പോലും തനിക്കെതിരേ യു.എ.പി.എ കേസുള്ളതായി അറിവിലില്ല. താന്‍ ജോലിചെയ്യുന്ന വകുപ്പിന് പൊലിസ് നിര്‍ദേശം നല്‍കിയ പ്രകാരമാണ് സസ്‌പെന്‍ഷനെന്നും ഇത് പ്രതികാര നടപടിയാണെന്നും അദ്ദേഹം വിശദമാക്കി.
മരണപ്പെട്ടയാളുടെ ശരീരം ബന്ധുക്കള്‍ക്ക് വിട്ട് കിട്ടാന്‍ നിയമ പ്രകാരം ഇടപെടുന്നത് സര്‍വിസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാകുന്നതെങ്ങനെയാണെന്നുള്ള ചോദ്യവും രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ഉന്നയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."