യാഥാര്‍ഥ്യമാകുമോ... പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത..?
ഏറെ പ്രതീക്ഷയോടെ വയനാടന്‍ ജനത കണ്ടിരുന്ന ബദല്‍പാതയായിരുന്നു പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് റോഡിനായി തറക്കല്ലിട്ട് റോഡ് പ്രവൃത്തി ആരംഭിച്ചെങ്കിലും വനത്തിലൂടെ റോഡ് കടന്നുപോകുന്ന ഭാഗത്ത് വനംവകുപ്പിന്റെ പിടിവാശിമൂലം നിര്‍മാണം സാധ്യമായില്ല. മാറിവരുന്ന സര്‍ക്കാരുകള്‍ റോഡിനായി നിലകൊള്ളുമെന്ന് അറിയിക്കുകയല്ലാതെ ഒന്നും ചെയ്തില്ലെന്നാണ് റോഡിനെ ആശ്രയിക്കുന്നവരുടെ കുറ്റപ്പെടുത്തല്‍. റോഡ് നിലവില്‍ വന്നാല്‍ വയനാടിന്റെ സര്‍വമേഖലയിലുമുള്ള വികസനത്തില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വനത്തിലൂടെയുള്ള ഒന്‍പത് കിലോമീറ്റര്‍ റോഡുകൂടി യാഥാര്‍ഥ്യമാകാനായി വനംവകുപ്പിന് 104 ഏക്കര്‍ ഭൂമി 1992ല്‍ തന്നെ അന്നത്തെ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. ഒപ്പം റോഡ് വീതികൂട്ടാനായി പടിഞ്ഞാറത്തറ മുതല്‍ കുറ്റിയാംവയല്‍ വരെയുള്ള താമസക്കാര്‍ സൗജന്യമായി സ്ഥലം നല്‍കുകയും ചെയ്തു. എന്നാല്‍ ഇവരുടെയെല്ലാം ആത്മാര്‍ഥതയെ അസ്ഥാനത്താക്കുന്നതായിരുന്നു വനംവകുപ്പിന്റെ നടപടി. പതിറ്റാണ്ടുകള്‍ റോഡിനായി നിശബ്ദ വിപ്ലവം നടത്തിയ നാട്ടുകാര്‍ അവസാനം പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. കാപ്പിക്കളത്ത് ജനകീയ സമരസമിതിനടത്തുന്ന റിലേ സത്യാഗ്രഹം ഇന്നേക്ക് 45 ദിവസം പൂര്‍ത്തിയാക്കുകയാണ്. തങ്ങളുടെ സമരം വിജയത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സമരസമിതി പ്രവര്‍ത്തകര്‍. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ നാള്‍വഴിയിലേക്കുള്ള ഒരു എത്തിനോട്ടം നടത്തുകയാണ് സുപ്രഭാതം.
പൂഴിത്തോട്-തരിയോട് റോഡ്
പടിഞ്ഞാറത്തറ-പൂഴിത്തോടാവുന്നു
പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന് മുന്‍പ് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നത് തരിയോട്-പൂഴിത്തോട് റോഡായിരുന്നു. ഇതിനായി അന്നത്തെ സര്‍ക്കാര്‍ പഠനസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. 1967ലായിരുന്നു ഈ റോഡിനായി പ്രൊപ്പോസല്‍ വെക്കുന്നത്. വനത്തിലൂടെ ഒന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൂഴിത്തോട് നിന്നും തരിയോട് എത്തുമെന്നതായിരുന്നു അന്ന് സര്‍ക്കാരിനെ ഈ റോഡിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ബാണാസുര സാഗര്‍ ഡാം നിര്‍മാണമാരംഭിച്ചതോടെ തരിയോട് പ്രദേശം ഇല്ലാതായി. ഒരുകാലത്ത് വയനാട്ടിലെ ഏറ്റവും വലിയ ടൗണുകളിലൊന്നായിരുന്ന തരിയോട് ബാണാസുരയുടെ ആഴങ്ങളില്‍ അവസാനിച്ചു. ഇതോടെ ബദല്‍റോഡിന്റെ ചര്‍ച്ചകളും ഏതാണ്ട് അവസാനിച്ചു. പിന്നീട് 1979ലാണ് ഇതേ റോഡിനെ പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡായി അന്നത്തെ സര്‍ക്കാര്‍ മാറ്റിയത്.
റോഡിനെ നാടറിയുന്നത്
കാപ്പിക്കളം, പന്തിപ്പൊയിലുകാര്‍ക്ക് പടിഞ്ഞാറത്തറ എത്തണമെങ്കില്‍ മുള്ളന്‍കണ്ടി പുഴക്ക് കുറുകെ ഒരുപാലം അത്യാവശ്യമായിരുന്നു. ഈ ആവശ്യവുമായി നാട്ടുകാര്‍ പടിഞ്ഞാറത്തറ പഞ്ചായത്ത് അധികൃതരുടെ സമീപമെത്തി. തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.കെ.കെ ബാവയെ കാണുകയും ചെയ്തു. പാലത്തിനായി മന്ത്രിയെ സമീപിച്ച നാട്ടുകാര്‍ക്ക് ഇരട്ടി മധുരമായി ചുരം ബദല്‍പാതയാണ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. ഇതോടെ ജനകീയ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വേഗത കൈവന്നു. പൂഴിത്തോട് നിവാസികളുമായി നിരന്തരം ആശയ വിനിമയം നടത്തി സമിതി പ്രവര്‍ത്തകരായ എ.കെ അന്ത്രുവും എടക്കുന്നേല്‍ ജോണുമടക്കമുള്ളവര്‍ റോഡ് യാഥാര്‍ഥ്യമാക്കാനായി രാവെന്നോ പകലെന്നോ ഇല്ലാതെ ഓടിനടന്നു.
റോഡിനായി യോഗം ചേരുന്നു
പെരുവണ്ണാമുഴി റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് മന്ത്രി പി.കെ.കെ ബാവയുമായി ചക്കിട്ടപ്പാറ-പടിഞ്ഞാറത്തറ പഞ്ചായത്ത് ജനപ്രതിനിധികള്‍ ചര്‍ച്ച നടത്തി. യോഗത്തില്‍ 27 ഏക്കര്‍ വനം റോഡിനായി ഏറ്റെടുക്കേണ്ടി വരുമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. ഇതിന് പകരം ഇരട്ടി സ്ഥലം വനംവകുപ്പിന് നല്‍കാമെന്നും ധാരണയായി. ഇത് അംഗീകരിച്ച ജനപ്രതിനിധികള്‍ ഇരു ഭാഗങ്ങളിലും ഭൂമി കണ്ടെത്തി നല്‍കാമെന്നും ഉറപ്പ് നല്‍കി. തുടര്‍ന്ന് ഇരു പഞ്ചായത്തുകളും 54 ഏക്കര്‍ സ്ഥലം കണ്ടെത്തി. എന്നാല്‍ പിന്നീട് നടന്ന സര്‍വേയില്‍ 54 ഏക്കര്‍ വനഭൂമി നഷ്ടപ്പെടുമെന്ന് കണ്ടെത്തി. ഇതോടെ 104 ഏക്കര്‍ ഭൂമി വനംവകുപ്പിന് നല്‍കണമെന്നായി. എന്നാല്‍ ഇതിലൊന്നും തളരാന്‍ ഇരു പഞ്ചായത്തുകളിലെയും പ്രതിനിധികള്‍ തയ്യാറായിരുന്നില്ല. അവര്‍ നാട്ടുകാരുമായി ചേര്‍ന്ന് സ്ഥലം കണ്ടെത്താനുള്ള പദ്ധതികള്‍ ആരംഭിച്ചു.
തകൃതിയായി സ്ഥലം കണ്ടെത്തുന്നു
104 ഏക്കര്‍ ഭൂമിയെന്നത് ഇരു പഞ്ചായത്തുകള്‍ക്കും കൂട്ടിയാല്‍ കൂടുന്നതായിരുന്നില്ല. എന്നാല്‍ ഇവരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ അഭ്യുദയകാംഷികളടക്കം സ്ഥലം നല്‍കി. കോഴിക്കോട് കോട്ടുമ്മല്‍ കോയക്കുട്ടി ഹാജി 10 ഏക്കര്‍ സ്ഥലവും നാദാപുരം പൊര്‍ളോത്ത് പോക്കര്‍ ഹാജി അഞ്ച് ഏക്കര്‍ സ്ഥലവും വെറുതെ നല്‍കി. സര്‍ക്കാര്‍ 38 ഏക്കര്‍ റവന്യുഭൂമിയും തൊണ്ടര്‍നാട് പഞ്ചായത്തില്‍ വനത്തിനായി നല്‍കി. പടിഞ്ഞാറത്തറ പഞ്ചായത്ത് ഒരേക്കര്‍ ഭൂമി വിലക്ക് വാങ്ങിയും വനംവകുപ്പിന് നല്‍കി. ഇതോടെ വയനാട്ടില്‍ നിന്ന് വനംവകുപ്പിന് നല്‍കേണ്ട ഭൂമിയായി. ഇതേരീതിയില്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് അധികൃതരും ഭൂമി കണ്ടെത്തി നല്‍കിയതോടെ വനംവകുപ്പിന് 104 ഏക്കര്‍ ഭൂമി നല്‍കാനായി. ഇതോടെ അന്നത്തെ ബജറ്റില്‍ ഒന്‍പത് കോടി രൂപ സര്‍ക്കാര്‍ റോഡിനായി വകയിരുത്തുകയും ചെയ്തു.
തറക്കല്ലിടലും റോഡ് പ്രവൃത്തിയും
ഭൂമി കണ്ടെത്തി നല്‍കി, റോഡിനായി സര്‍ക്കാര്‍ ഫണ്ടും അനുവദിച്ചതോടെ റോഡിനായി പ്രവര്‍ത്തിച്ച നാട്ടുകാര്‍ ആവേശത്തിലായി. ഇവരുടെ ആവേശത്തിന് ഇരട്ടി മധുരം നല്‍കുന്ന രീതിയില്‍ 1992 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ റോഡിന് തറക്കല്ലുമിട്ടു.
പടിഞ്ഞാറത്തറ ടൗണില്‍ നടന്ന പ്രൗഡഗംഭീരമായ പരിപാടിയില്‍ റോഡ് എത്രയുംപെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. പ്രഖ്യാപനത്തിന് പുറമെ റോഡ് പ്രവൃത്തിയും തകൃതിയായി നടന്നു. പൂഴിത്തോട് നിന്ന് വനാതിര്‍ത്തി വരെ റോഡ് 12 മീറ്റര്‍ വീതിയില്‍ വീതികൂട്ടി ടാര്‍ ചെയ്തു. പടിഞ്ഞാറത്ത ടൗണ്‍ മുതല്‍ കുറ്റിയാംരവയല്‍ വരെയുള്ള റോഡും ഇതേരീതിയില്‍ വീതികൂട്ടി ടാര്‍ ചെയ്തു. എന്നാല്‍ വനാതിര്‍ത്തിയില്‍ എത്തിയതോടെ നാട്ടുകാരെ നിരാശരാക്കി റോഡിന്റെ പ്രവര്‍ത്തനം ഇരുഭാഗത്തും നിലച്ചു. പടിഞ്ഞാറത്തറയില്‍ നിന്ന് പൂഴിത്തോടേക്ക് 27.225 കീലോമീറ്ററാണ് ബദല്‍ റോഡിനായി വരുന്ന ദൂരം. നിര്‍ദിഷ്ട റോഡിന് വയനാട് ജില്ലയില്‍ 18.340 ഉം കോഴിക്കോട് 8.885 കിലോമീറ്റര്‍ ദൂരവുമാണുള്ളത്. 2005ല്‍ ഈ റോഡ് സ്‌റ്റേറ്റ് ഹൈവേയായി പ്രഖ്യാപിച്ചു. എന്നാല്‍ റോഡിന്നും വനത്തിന്റെ ഇരുഭാഗങ്ങളിലുമായി പാതിവഴിയില്‍ നില്‍ക്കുകയാണ്.
പാരയായത് ഡി.എഫ്.ഒയുടെ കത്ത്
റോഡ് പ്രവൃത്തിക്ക് തടസമായത് അന്നത്തെ കല്‍പ്പറ്റ ഡി.എഫ്.ഒ കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന് നല്‍കിയ കത്ത്. റോഡ് വനത്തിലൂടെ കടന്നുപോകുന്നത് അപൂര്‍വയിനം സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും നിലനില്‍പിനെ ബാധിക്കുമെന്നും ആനത്താരയെ പ്രതികൂലമായി ബാധിക്കുമെന്നും മൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് വിഘാതമാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഡി.എഫ്.ഒയുടെ കത്ത്. ഇതോടെ വനത്തിലൂടെ പാത വെട്ടുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ റോഡിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു.
ഒടുവില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്
ചുരം ബദല്‍ റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് കുറ്റിയാംവയല്‍-കാപ്പിക്കളം-പന്തിപ്പൊയില്‍ കേന്ദ്രീകൃതമായി രൂപീകരിച്ച ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭം ആരംഭിച്ചു.
കാപ്പിക്കളം അങ്ങാടിയില്‍ നവംബര്‍ ഒന്നിന് റിലേ സത്യാഗ്രഹം ആരംഭിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി സജേഷ് സമരം ഉദ്ഘാടനം ചെയ്തു. ഒന്‍പത് കിലോമീറ്റര്‍ ദൂരംമാത്രം പണി പൂര്‍ത്തീകരിക്കാന്‍ അവശേഷിക്കവേ മറ്റൊരു റോഡിനായി ചില തല്‍പര കക്ഷികള്‍ നടത്തുന്ന ശ്രമം തെരുവില്‍ ചെറുക്കുമെന്ന നിലപാടിലാണ് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍. ചെയര്‍മാന്‍ രാജന്‍ കുറ്റിയാണിക്കല്‍, കണ്‍വീനര്‍ കെ.എന്‍ സന്ദീപ്, പഞ്ചായത്തംഗം ശാന്തിനി ഷാജി, എം.വി തോമസ്, സജി, ബിജു, പുഷ്പരാജന്‍, ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സമരസമിതിയാണ് കാപ്പിക്കളത്ത് റിലേ സത്യാഗ്രഹം നടത്തുന്നത്.
പിന്തുണയുമായി സാമൂഹിക സാംസ്‌കാരിക രംഗം
നാടൊന്നിച്ച് സമരത്തിനിറങ്ങിയതോടെ പിന്തുണയുമായി സാമൂഹിക സാംസ്‌കാരിക രംഗവുമെത്തി. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, സി.പി.എം, സി.പി.ഐ, ബി.ജെ.പി എന്നിവയുടെ ജില്ലാ, മണ്ഡല നേതാക്കള്‍ സമര പന്തലിലെത്തി പിന്തുണയറിയിച്ചു. എസ്.വൈ.എസ്, കെ.സി.വൈ.എം അടക്കമുള്ള മത-സാംസ്‌കാരിക സംഘടനകളും വ്യാപാരികളും പിന്തുണയുമായി എത്തിയത് സമരക്കാര്‍ക്ക് പുത്തനുണര്‍വായി.
ഓരോദിവസവും ഓരോ മേഖലയില്‍ നിന്നുള്ള പ്രദേശത്തുകാരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ സമരപന്തലിലെത്തുകയും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത് ഇവരുടെ ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്. പടിഞ്ഞാറത്തറ പഞ്ചായത്ത് ഭരണസമിതിയും പ്രതിപക്ഷവും സമരത്തിന് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.
എസ്.വൈ.എസിന്റെ ഐക്യദാര്‍ഡ്യം
വയനാട്ടുകാരുടെ ചിരകാലാഭിലാഷമായ നിര്‍ദ്ദിഷ്ട പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കാനായി സമരത്തിനിറങ്ങിയ ജനകീയ ആക്ഷന്‍ കമ്മിറ്റിക്ക് ഐക്യദാര്‍ഢ്യവുമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുമെത്തി. ബദല്‍പാതയെന്ന ആവശ്യം വയനാടന്‍ ജനതയുടെതാണ്. ഉത്തരവാദപ്പെട്ടവര്‍ ഇത് ഉള്‍കൊള്ളണമെന്നും ആവശ്യമെങ്കില്‍ ബഹുജന പ്രക്ഷോഭത്തിന് തന്നെ എസ്.വൈ.എസ് നേതൃത്വം നല്‍കുമെന്നും ജനകീയ സമിതിയുടെ സമര പരിപാടികള്‍ക്ക് എസ്.വൈ.എസ് പൂര്‍ണ പിന്തുണ നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രകടനമായെത്തിയ ജില്ലാ-മേഖല ഭാരവാഹികളെ സമര സമിതി നേതാക്കളായ രാജന്‍, സന്ദീപ്, ബിജു, പുഷ്പരാജന്‍, ഷാജി തുടങ്ങിയവര്‍ സ്വീകരിച്ചു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാല്‍, വൈസ് പ്രസിഡന്റ് ഹാരിസ് ബാഖവി കമ്പളക്കാട്, ജന.സെക്രട്ടറി ശംസുദ്ദീന്‍ റഹ്മാനി, മേഖല പ്രസിഡന്റ് ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍ സംസാരിച്ചു. കെ മുഹമ്മദ് കുട്ടി ഹസനി, കെ.എ നാസര്‍ മൗലവി, അബ്ദുല്‍ ഖാദര്‍ മടക്കിമല, എ.കെ സുലൈമാന്‍ മൗലവി, ഇ മമ്മുട്ടി, മോയി ഹാജി കുപ്പാടിത്തറ, ഉസ്മാന്‍ ഫൈസി, ഹംസ മുസ്്‌ലിയാര്‍ പങ്കെടുത്തു.
ബഹുജന കണ്‍വന്‍ഷന്‍ ചേരും: എം.എല്‍.എ
പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കാന്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ എം.പിമാര്‍, എം.എല്‍.എമാര്‍, തദേശസ്വയംഭരണ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ച് ബഹുജന കണ്‍വന്‍ഷന്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. നിര്‍ദിഷ്ട പാതയിലുള്ള വനപ്രദേശം കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വിട്ടുതരാത്തതാണ് റോഡ് യാഥാര്‍ഥ്യമാകുന്നതിനുള്ള തടസം. ഇത് പരിഹരിക്കാനുള്ള കര്‍മപരിപാടികള്‍ കണ്‍വന്‍ഷനില്‍ ആസൂത്രണം ചെയ്യുമെന്ന് എം.എല്‍.എ പറഞ്ഞു.
റോഡ് യാഥാര്‍ഥ്യമായാല്‍
വയനാടിന്റെ ഹൃദയ ഭാഗത്തേക്ക് എത്തിപ്പെടുന്ന ഈ റോഡ് ജില്ലയിലെ എല്ലാ ഭാഗത്തുള്ളവര്‍ക്കും ഒരുപോലെ ഇതര ജില്ലകളിലേക്കുള്ള യാത്ര എളുപ്പമാക്കും
നിലവിലുള്ള കണക്കനുസരിച്ച് ലക്കിടി ചുരം റോഡിനെ അപേക്ഷിച്ച് കോഴിക്കോട് നഗരത്തിലേക്ക് 16 കിലോമീറ്റര്‍ ദൂരം കുറവ്
മൂന്ന് ഡാമുകളെ തമ്മില്‍(ബാണാസുര സാഗര്‍ അണക്കെട്ട്, കക്കയം, പെരുവണ്ണാമുഴി അണക്കെട്ട്) ബന്ധിപ്പിച്ച് കടന്നു പോകുന്ന റോഡ് ആയതിനാല്‍ ടൂറിസം മേഖലയില്‍ വളര്‍ച്ച സാധ്യമാകും
ഒരു രോഗിയെ മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ ലക്കിടി ചുരം റോഡിനേക്കാള്‍ എളുപ്പം
ഒരു ചരക്ക് വാഹനത്തിന് നിലവിലുള്ള ചിലവിനേക്കാള്‍ ഒരു വശത്തേക്ക് 2000 രൂപയുടെ ഇന്ധന ലാഭം(വിദഗ്ധ െ്രെഡവര്‍മാരുടെ അഭിപ്രായം)
ചുരമില്ല എന്ന പ്രത്യേകത ഉള്ളതിനാല്‍ വാഹനയാത്ര സുഗമവും അപകട രഹിതവുമാവും
യാത്രാ നിരോധനം നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട്-മാനന്തവാടി-കുട്ട വഴി കര്‍ണ്ണാടകത്തിലേക്കുള്ള രാത്രി യാത്ര എളുപ്പത്തിലാകും
ചുരം റോഡിനെ അപേക്ഷിച്ച് പ്രകൃതി മലിനീകരണം 30 ശതമാനം കുറയും
വനംവകുപ്പിന് രാത്രി പരിശോധന സാധ്യമാകുന്നതിനാല്‍ വനത്തിലേക്കുള്ള കടന്നുകയറ്റവും മൃഗവേട്ടയും തടയാന്‍ സാധിക്കും
ജില്ലയിലെ ആദിവാസികളടക്കമുള്ളവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും അതുവഴി നല്ലൊരു സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കും
യുവാക്കള്‍ക്ക് നഗരത്തിലെ തൊഴില്‍ മേഖലയിലെ പ്രയോജനപ്പെടുത്താന്‍ പാത സഹായകമാവും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."