കുറ്റിക്കാട്ടൂര്‍ അങ്ങാടിക്ക് സമീപത്തെ വലിയ തോട്ടില്‍ മാലിന്യക്കൂമ്പാരം
കോഴിക്കോട്: മാവൂര്‍-കോഴിക്കോട് റോഡിനു സമാന്തരമായി ഒഴുകുന്ന മാമ്പുഴയുടെ കൈവഴിയായ വലിയതോട്ടില്‍ മനുഷ്യവിസര്‍ജ്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുന്നുകൂടിക്കിടക്കുന്നു. ചില കടകളില്‍നിന്നു തോട്ടിലേക്കു പൈപ്പുകളില്‍ മാലിന്യം ഒഴുക്കിവിടുന്നുമുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലവും തോടിനടുത്തു തന്നെയാണു സ്ഥിതിചെയ്യുന്നത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കുറ്റിക്കാട്ടൂരിന്റെ താഴ്ഭാഗമായ മാമ്പുഴയുടെ പെരുമണ്ണ, ഒളവണ്ണ പഞ്ചായത്ത് പ്രദേശങ്ങളില്‍ നാഷനല്‍ സര്‍വിസ് സ്‌കീമിന്റെ നേതൃത്വത്തില്‍ മാമ്പുഴ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണു മറുവശത്ത് കുറ്റിക്കാട്ടൂര്‍ ഭാഗത്തുനിന്നു വ്യാപകമായ തോതില്‍ തോട്ടിലേക്കു മാലിന്യം നിക്ഷേപിക്കുന്നത്. മാലിന്യ നിക്ഷേപം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടികള സ്വീകരിക്കുമെന്ന് പെരുവയല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷറഫുദ്ദീന്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. സമീറും തോടിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. വിവിധ സ്ഥാപനങ്ങളില്‍നിന്നു തോട്ടിലേക്കു സ്ഥാപിച്ച പൈപ്പുകള്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിച്ചു.
നേരത്തെ, കുറ്റിക്കാട്ടൂര്‍ ഭാഗങ്ങളില്‍നിന്നു വ്യാപകമായ തോതില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ മാമ്പുഴ സംരക്ഷണ സമിതി പെരുവയല്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. മാമ്പുഴയിലും കൈവഴിയായ വലിയ തോട്ടിലും മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മാമ്പുഴ സംരക്ഷണ സമിതി അടിയന്തരമായി ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. 18ന് പയ്യടിമീത്തലില്‍ എത്തുന്ന മുഖ്യമന്ത്രിക്ക് മാമ്പുഴയില്‍ ബ്രിഡ്ജിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുന്നതു സംബന്ധിച്ചു നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. കെ.പി ആനന്ദന്‍, പി. കോയ, സി. രാജീവ്, റഹ്മാന്‍ കുറ്റിക്കാട്ടൂര്‍, കെ.പി സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."