സമസ്ത തൊണ്ണൂറാംവാര്‍ഷികത്തില്‍ അധ്യക്ഷപദവിയില്‍
മലപ്പുറം: ഉന്നതസ്ഥാനീയരായ പണ്ഡിതരുടെ ശിഷ്യത്വവും പ്രാര്‍ഥനയും അഗാധ ജ്ഞാനവും സമ്മേളിച്ചാണ് കേരളീയ മുസ്‌ലിം നേതൃനിരയിലേക്കുള്ള കുമരംപുത്തൂര്‍ എ.പി ഉസ്താദിന്റെ ജൈത്രയാത്ര. സമസ്ത പ്രസിഡന്റായിരുന്ന ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും അസുഖബാധിതരായ സന്ദര്‍ഭം. സമസ്തയുടെ തൊണ്ണൂറാം വാര്‍ഷിക സമ്മേളനം ആലപ്പുഴയില്‍ നടക്കുകയാണ്. ജനലക്ഷങ്ങള്‍ പങ്കെടുത്ത ആലപ്പുഴ കടപ്പുറത്തു വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലെ സമാപന സമ്മേളന വേദിയില്‍ അധ്യക്ഷത വഹിക്കാനുള്ള നിയോഗം അന്ന് എ.പി ഉസ്താദിനായിരുന്നു.
ആദര്‍ശ രംഗത്തെ കണിശമായ നിലപാടുകളുടെ പ്രതീകമായിരുന്നു കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍. മതജ്ഞാനത്തിലെ അഗാധപാണ്ഡിത്യമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ അറിവിന്റെ ആഴമറിഞ്ഞു 'തഹ്ഖീഖുള്ള പണ്ഡിതനെ'ന്നായിരുന്നു പ്രസിദ്ധ സൂഫീവര്യന്‍ കണ്യാല അബ്ദുല്ലാഹില്‍ മൗല അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഫിഖ്ഹീ പാണ്ഡിത്യത്തില്‍ തലയെടുപ്പുള്ള കേരളീയ പണ്ഡിതരിലൊരാളായ ഗുരുശ്രേഷ്ഠന്‍ ദീര്‍ഘകാലം സമസ്തയുടെ ഫത്‌വാ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃപരമായ പങ്ക് വഹിച്ച് ജീവിതത്തില്‍ ഏറെ സാമ്യതകള്‍ നിറഞ്ഞ ജീവിതമായിരുന്നു കോയക്കുട്ടി ഉസ്താദിന്റേതും കുമരംപൂത്തൂര്‍ ഉസ്താദിന്റേതും. പിന്നീട് സമസ്തയില്‍ കോയക്കുട്ടി ഉസ്താദ് പ്രസിഡന്റും എ.പി ഉസ്താദ് വൈസ് പ്രസിഡന്റുമായി. സഹപ്രവര്‍ത്തകന്റെ വിയോഗത്തെ തുടര്‍ന്നു അധ്യക്ഷ പദവിയിലേക്കു കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് കോഴിക്കോട് സമസ്താലയത്തില്‍ ചേര്‍ന്ന മുശാവറ യോഗം എ.പി മുഹമ്മദ് മുസ്‌ലിയാരെ തിരഞ്ഞെടുക്കുന്നത്.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചു ഒരഭിമുഖത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'ഞാന്‍ ഒന്നിനും അര്‍ഹനായതു കൊണ്ടല്ല ഇതൊന്നും. ഗുരുത്വക്കേട് വരുമോ എന്നാണ് പേടി. കാരണം വലിയ വലിയ മഹാന്മാര്‍ ഇരുന്ന സ്ഥാനമാണ് സമസ്തയുടെ പ്രസിഡന്റ് പദവി. പിന്നെ, അല്ലാഹുവിന്റെ തഖ്ദീര്‍ അങ്ങനെയായിരിക്കും. ഏല്‍പ്പിക്കപ്പെട്ട ദൗത്യം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഭംഗിയായി ചെയ്തു തീര്‍ക്കുക എന്നതു തന്നെയാണു പ്രധാനം. അധികാരങ്ങളും സ്ഥാനമാനങ്ങളും അല്ലാഹുവിന്റെ തൃപ്തിയില്‍ മാത്രം ആകുമ്പോഴേ കാര്യമുള്ളൂ'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."