ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്
തിരൂര്‍: എറനാട് എക്‌സ്പ്രസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. തിരൂരിലെ സ്വകാര്യ സ്ഥാപനത്തിലെ എക്‌സറേ വെല്‍ഡിങ് വിദ്യാര്‍ഥിയും വള്ളിക്കുന്ന് അത്താണിക്കലിന് സമീപം കച്ചേരിക്കുന്ന് സ്വദേശി ചുള്ളിയില്‍ മുസ്തഫയുടെ മകനുമായ ഷംസുദ്ദീന്‍ (19) ആണ് ട്രെയിനില്‍ നിന്ന് വീണ് പരുക്കേറ്റത്. എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ഏറനാട് എക്‌സ്പ്രസില്‍ ക്ലാസ് കഴിഞ്ഞ് തിരൂരില്‍ നിന്ന് സുഹൃത്തുക്കളോടൊപ്പം കയറിയ ഷംസുദ്ദീന്‍ തിരൂരിനും താനൂരിനുമിടയിലെ വട്ടത്താണിയില്‍ വച്ചാണ് ട്രെയിനിനു പുറത്തേക്ക് തെറിച്ചുവീണത്.
ഇന്നലെ പകല്‍ 12ഓടെയായിരുന്നു അപകടം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ ഡോറിന് സമീപത്തു നിന്ന ഷംസുദ്ദീന്‍ ട്രെയിനിന്റെ വാതില്‍പടിയില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈവഴുതി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടസമയത്ത് കൂടെയുണ്ടായിരുന്ന സഹപാഠികള്‍ ഉടന്‍ തന്നെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി എത്തിയപ്പോഴേക്കും ട്രാക്കിന് സമീപത്ത് ചോരയില്‍കുളിച്ചു കിടന്ന ഷംസുദ്ദീനെ ഡ്രൈവര്‍മാരായ ബാവയും രാജനും മറ്റുള്ളവരും ചേര്‍ന്ന് റോഡിലേക്കെത്തിച്ചു. ഈ സമയം അതുവഴി വന്ന തിരൂരങ്ങാടി സ്റ്റേഷന്‍ പരിധിയിലെ ഹൈവേ പൊലിസ് വാഹനത്തില്‍ കയറ്റി തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശ്രുശ്രൂഷ നല്‍കിയതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തലയ്ക്കും താടിയെല്ലിനും സാരമായി പരുക്കേറ്റ ഷംസുദ്ദീന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ട്രോമാ കെയര്‍ പ്രവര്‍ത്തകന്‍ കൂടിയായ ഡ്രൈവര്‍മാര്‍ക്കൊപ്പം ഷംസുദ്ദീനെ ആശുപത്രിയിലെത്തിക്കാന്‍ തയാറായ സിവില്‍ പൊലിസ് ഓഫിസര്‍ എം.കെ പമിത്തുമാണ് രക്ഷകരായത്. അപകടത്തില്‍പ്പെട്ട ഷംസുദ്ദീനും സുഹൃത്തുക്കളും അഞ്ചുമാസം മുന്‍പാണ് തിരൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ എക്‌സറേ വെല്‍ഡിങ് കോഴ്‌സിന് ചേര്‍ന്നത്. ഇവര്‍ ദിനം പ്രതി ഏറനാട് എക്‌സ്പ്രസിലാണ് ക്ലാസ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിപോകാറുള്ളത്. ട്രെയിനിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രക്കാര്‍ക്ക് പിടിച്ചിറങ്ങാനായി സ്ഥാപിച്ച കമ്പിയില്‍ മഴവെള്ളമുണ്ടായതാണ് കൈവഴുക്കാനും ട്രെയിന് പുറത്തേക്ക് വീഴാനും കാരണമായതെന്നാണ് സഹപാഠികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."