ഒരു കേയ്ക്ക് ഉണ്ടാക്കിയ കഥ
തലശ്ശേരി: ഇന്ത്യയിലാദ്യമായി ക്രിസ്മസ് കേയ്ക്ക് ഉണ്ടാക്കിയ തലശ്ശേരിയില്‍ കേയ്ക്കിന്റ 133ാം വാര്‍ഷികം ആഘോഷിക്കുന്നു. ഇന്ത്യന്‍ ക്രിസ്മസ് കേയ്ക്ക് പിറന്നതു ഡിസംബര്‍ 23നായിരുന്നെങ്കിലും വാര്‍ഷിക ചടങ്ങുകള്‍ ഇന്നു നടക്കും. ഉച്ചക്ക് രണ്ടിന് തലശ്ശേരി പ്രസ്‌ഫോറം ഹാളില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. മേരിമാതാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. പനത്തടി സെന്റ് മേരീസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് അസി.പ്രൊഫസര്‍ ജോര്‍ജ്കുട്ടി തോമസ്, റവ. ഡോ. ജി.എസ് ഫ്രാന്‍സിസ്, എം.കെ കുമാരന്‍, പ്രകാശ് മമ്പള്ളി, ഒ.സി ആന്ദവല്ലി, കെ.ജെ ജോര്‍ജ്, എന്‍ പ്രശാന്ത് സംസാരിക്കും.
1883 ഡിസംബര്‍ 23നാണ് ആദ്യ ക്രിസ്മസ് കേയ്ക്ക് ഇവിടെ പിറന്നു വീണത്. അഞ്ചരക്കണ്ടി കറപ്പതോട്ടം നിര്‍മിച്ച മാര്‍ഡോക്ക് ബ്രൗണിന്റെ മകനായ ബ്രൗണ്‍ സായിപ്പിനു വേണ്ടിയാണ് തലശ്ശേരിയിലെ മമ്പള്ളി ബാപ്പു ആദ്യ കേയ്ക്ക് നിര്‍മിച്ചു നല്‍കിയത്. ബാപ്പുവിന്റെ കേയ്ക്കിന്റെ രുചി സായ്പിനെ വിസ്മയിപ്പിച്ചു. തലശ്ശേരിയില്‍ 1880ലാണ് ബാപ്പു റോയല്‍ ബിസ്‌ക്കറ്റ് ഫാക്ടറി സ്ഥാപിച്ചത്. അന്നു സായ്പുമാരുടെയും ബട്‌ലര്‍മാരുടെയും ജീവിത രീതി ബാപ്പു മനസിലാക്കി. അവരുടെ ഭക്ഷണ രീതിയില്‍ എന്തൊക്കെയാണ് മെനുവെന്ന് ബാപ്പു പഠിച്ചു. അങ്ങിനെ റൊട്ടിയും ബിസ്‌ക്കറ്റും ഉണ്ടാക്കാന്‍ തുടങ്ങി. ധര്‍മ്മടത്തെ കൊല്ലപ്പണിക്കാരെ കൊണ്ട് കേക്കിന്റെ അച്ച് നിര്‍മിച്ചു. ബ്രൗണ്‍ സായ്പ് ഇംഗ്ലണ്ടില്‍ നിന്നു കൊണ്ടു വന്ന ക്രിസ്മസ് കേയ്ക്ക് ബാപ്പുവിന് സമ്മാനിച്ചിരുന്നു. ഇതു കണ്ടു മനസിലാക്കിയാണ് ബാപ്പു ആദ്യ ക്രിസ്മസ് കേയ്ക്ക് നിര്‍മിച്ചത്. കേക്കിലെ ചേരുവകള്‍ ബാപ്പുവിന് സായ്പ് പറഞ്ഞു കൊടുത്തിരുന്നു. തലശ്ശേരിയിലെ ബേക്കറി പാരമ്പര്യത്തിന് ഇന്നും കോട്ടം തട്ടിയിട്ടില്ല. ബാപ്പുവിന്റെ തലമുറ ഇന്നും തലശ്ശേരിയില്‍ മമ്പള്ളിയുടെ നാമത്തില്‍ ബേയ്ക്കറി നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."