ഇനി കൂടുതല്‍ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിന് പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇനി കൂടുതല്‍ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിന് പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് .
അവശ്യ സാധനങ്ങള്‍, വൈദ്യുതി ജല ബില്ലുകള്‍, സ്‌കൂള്‍ കോളജ് ഫീസ്, പ്രീ പെയ്ഡ് മൊബൈല്‍ ടോപ്അപ്പ് എന്നിവക്ക് അസാധുവാക്കിയ 500 രൂപ നോട്ട് ഉപയോഗിക്കാനുള്ള കാലാവധി ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് പുതിയ 500 രൂപ നോട്ടുകളുടെ അച്ചടി വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് രംഗത്തെത്തിയത്.
500, 2000 രൂപ നോട്ടുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത് മതിയായ സുരക്ഷാ സംവിധാനങ്ങളോടു കൂടെയാണെന്നും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
സമ്പദ് വ്യവസ്ഥയിലെ പണത്തിന്റെ കുറവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉയര്‍ന്ന മൂല്യമുള്ള 2000 നോട്ടുകള്‍ ആദ്യം എല്ലായിടത്തും എത്തിക്കാന്‍ ശ്രമിച്ചതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
നിലവില്‍ സാഹചര്യം സാധാരണഗതിയിലേക്ക് മാറുകയാണ്. 2000, 500, 100, 50, 20 നോട്ടുകളുടെ പ്രിന്റിങ് കൃത്യമായി പുരോഗമിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ അത്യാവശ്യ കേന്ദ്രങ്ങളില്‍ വളരെ പെട്ടെന്ന് വിമാന മാര്‍ഗം നോട്ടുകള്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ദാസ് പറഞ്ഞു.
പണക്ഷാമമുള്ള പ്രാദേശിക മേഖലകളില്‍ നോട്ടുകള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. നീതി ആയോഗ് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രോല്‍സാഹനം നല്‍കാനുള്ള സമ്മാനപദ്ധതി ആവിഷ്‌കരിച്ചത് പണരഹിത സമ്പത്ത് വ്യവസ്ഥയ്ക്ക് അടിത്തറ പാകാനാണെന്നും സാമ്പത്തിക സെക്രട്ടറി ഓര്‍മ്മിപ്പിച്ചു.
ചെറിയ മൂല്യമുള്ള നോട്ടുകള്‍, വര്‍ഷത്തില്‍ വിതരണം ചെയ്തിരുന്നതിനേക്കാള്‍ മൂന്നുമടങ്ങ് കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയ അവസാന തീയ്യതിയായ ഡിസംബര്‍ 30ന് ശേഷം എന്താവും സ്ഥിതിയെന്ന് കാത്തിരുന്നു കാണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിനോട് ഡിസംബര്‍ 30ന് ശേഷം എന്തുണ്ടാകുമെന്ന് അറിയില്ല. എന്നാല്‍ കാര്യങ്ങള്‍ ദിനംപ്രതി മെച്ചപ്പെടുന്നുണ്ട് എന്നായിരുന്നു ശക്തികാന്ത് ദാസിന്റെ പ്രതികരണം.
ബാങ്കുകളിലെല്ലാം നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഫലപ്രദവും ആസൂത്രിതവുമായ കൂടുതല്‍ റെയ്ഡുകള്‍ വരും ദിവസങ്ങളില്‍ നടക്കുംമെന്നും അദ്ദേഹം അറിയിച്ചു. പുതിയ നോട്ടുകള്‍ കൂടുതല്‍ സുരക്ഷ മാനദണ്ഡങ്ങള്‍ ഉള്ളവയും തദ്ദേശീയമായി ഡിസൈന്‍ ചെയ്തവയുമായതിനാല്‍ വ്യാജ നോട്ടുകള്‍ ഇറങ്ങുന്നതിനുള്ള സാധ്യത ഇല്ല. രണ്ട് ലക്ഷത്തോളം എടിഎമ്മുകള്‍ പുനക്രമീകരിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കലിന് ശേഷം ലഭ്യമായ നിക്ഷേപ തുകയുടെ ശരിയായ കണക്കുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."