കാനയില്‍ നിന്ന് കോരിയ മാലിന്യങ്ങള്‍ റോഡില്‍ തള്ളി; മാര്‍ക്കറ്റ് റോഡില്‍ വെള്ളക്കെട്ട്
ആലുവ: കാനയില്‍ നിന്ന് കോരിയ മാലിന്യങ്ങള്‍ തൊഴിലാളികള്‍ റോഡില്‍ തള്ളി. ഇതുമൂലം മഴവെള്ളം റോഡില്‍ കെട്ടിനില്‍ക്കുന്ന സാഹചര്യമാണുള്ളത്. ബാങ്ക് കവലയില്‍ മാര്‍ക്കറ്റ് റോഡിലാണു സംഭവം. കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് ഈ ഭാഗത്തുനിന്നും ആരംഭിക്കുന്ന കാനയിലെ കുറച്ച് ഭാഗത്തെ മാലിന്യം നീക്കിയത്.
വര്‍ഷങ്ങളായി വേണ്ടവിധത്തില്‍ കാന വൃത്തിയാക്കാത്തതിനാല്‍ നിറയെ മണ്ണും മറ്റ് വസ്തുക്കളും നിറഞ്ഞിരുന്നു. ഇതുമൂലം ചെറിയൊരു മഴപെയ്താല്‍ പോലും മാര്‍ക്കറ്റ് റോഡില്‍ മണിക്കൂറുകളോളം വെള്ളം കെട്ടുമായിരുന്നു. മഴവെള്ളം കാനയിലെ തടസങ്ങള്‍ മൂലം വേഗത്തില്‍ ഒഴുകിപോകാത്തതാണ് ഇതിനു കാരണം. കാലങ്ങളായി കാന വൃത്തിയാക്കാന്‍ ആവശ്യപ്പെടാറുണ്ടെങ്കിലും ഇപ്പോഴാണ് നടപടിയായത്. എന്നാല്‍, ഇത് കൂടുതല്‍ ദോഷം ചെയ്യുകയാണുണ്ടായത്. രാവിലെ കുറച്ച് നേരം മാത്രമാണ് തൊഴിലാളികള്‍ പണി ചെയ്തിരുന്നത്. ഇവരാണെങ്കില്‍ കോരിയ മാലിന്യമത്രയും വലിയ കൂനയായി കാനയുടെ മുന്‍ വശത്ത് റോഡില്‍ തന്നെ കൂട്ടുകയും ചെയ്തു.
പിന്നീട് കാന വൃത്തിയാക്കല്‍ തുടരുകയോ കോരിയിട്ട മാലിന്യം നീക്കം ചെയ്യുകയോ ചെയ്തില്ല. ഇത് സമീപത്തെ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ദുരിതമായി മാറി. മാലിന്യം കെട്ടികിടക്കുന്നത് പകര്‍ച്ച വ്യാധികള്‍ക്കിടയാക്കാനും സാധ്യതയുണ്ട്. ഇതിനിടയില്‍ മഴ കൂടി പെയ്തതോടെ ദുരിതം ഇരട്ടിയായി. കാനയുടെ മുന്‍വശത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനാല്‍ വെള്ളമത്രയും റോഡില്‍ തന്നെ കെട്ടികിടക്കുകയാണ്. വെള്ളത്തില്‍ കാനയില്‍ നിന്ന് കോരിയ മാലിന്യങ്ങള്‍ കൂടി കലര്‍ന്നിട്ടുമുണ്ട്. നഗരത്തിലെ കാനകള്‍ ഭൂരിഭാഗവും മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. കാനകള്‍ വൃത്തിയാക്കാന്‍ ഓരോ വര്‍ഷവും ലക്ഷകണക്കിന് രൂപയാണ് നഗരസഭ ചിലവഴിക്കുന്നത്.
എന്നാല്‍, കാനകള്‍ മാത്രം വൃത്തിയാകാറില്ല. കാനകളില്‍ നിറഞ്ഞ് കിടക്കുന്ന മാലിന്യങ്ങള്‍ കൃത്യമായി നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകാറില്ല. മറിച്ച് കാനശുചീകരണ പദ്ധതികള്‍ അഴിമതിയില്‍ മുങ്ങുകയാണ് പതിവെന്ന് ആരോപണമുണ്ട്. ഇതാണ് പല ഭാഗത്തും വെള്ളക്കെട്ടിനിടയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."