നിലപാടുകളില്‍ വ്യക്തതയുള്ള പണ്ഡിത ശ്രേഷ്ഠന്‍
സമസ്ത കേരള ജംഇയ്യതുല്‍ ഉലമായുടെ പത്താമത്തെ പ്രസിഡന്റായി, കേരളീയ മുസ്‌ലിംകളുടെ ആധികാരിക പണ്ഡിത സഭയുടെ അമരത്ത് നിന്ന് നമ്മോട് വിപറഞ്ഞ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കൂമരംപുത്തൂര്‍ എന്റെ ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്നു.
നാലരപ്പതിറ്റാണ്ട് മുമ്പ് ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയിലെത്തുമ്പോള്‍ പഠന കാലത്ത് ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടേയും കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടേയും സഹാധ്യാപകനായി എ.പി മുഹമ്മദ് മുസ്‌ലിയാരും അവിടെ ഉണ്ടായിരുന്നു. മഹല്ലി, ജംഉല്‍ ജവാമിഅ് എന്നീ കിതാബുകള്‍ ഉസ്താദ് എ.പി മുഹമ്മദ് മുസ്‌ലിയാരില്‍ നിന്നാണ് ഞാനോതിയത്. അന്ന് മുപ്പത്തിയഞ്ച് വയസ്സില്‍ താഴെ മാത്രമായിരുന്നു എ.പി മുഹമ്മദ് മുസ്‌ലിയാരുടെ പ്രായം. ശംസുല്‍ ഉലമായുടെയും കോട്ടുമല ഉസ്താദിന്റെയും കൂടെ ജാമിഅയില്‍ അധ്യാപനം നടത്താന്‍ സാധിച്ചു എന്നത് അദ്ദേഹത്തിന്റെ വലിയ അംഗീകാരമായിരുന്നു. ഇന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് നേതൃത്വം നല്‍കുന്ന പല പ്രമുഖരുടേയും ഗുരുശൃംഖലയിലെ അവസാനകണ്ണിയാണ് എ.പി മുഹമ്മദ് മുസ്‌ലിയാര്‍.
ജാമിഅയില്‍ നിന്ന് ഞാന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷവും എ.പി ഉസ്താദുമായുള്ള ബന്ധം ശക്തമായി തുടര്‍ന്നു. ഏതാനും വര്‍ഷം ജാമിഅയില്‍ ജോലിയില്‍ തുടര്‍ന്ന ഉസ്താദ് പള്ളി ദര്‍സ് രംഗത്തേക്കു തന്നെ തിരിച്ചു പോയി. പിന്നീട് തൊണ്ണൂറുകളിലാണ് അദ്ദേഹം മാതൃ സ്ഥാപനമായ ജാമിഅയിലേക്കു തന്നെ തിരിച്ചു വരുന്നത്. ഇതിനിടയില്‍ നന്തി ദാറുസ്സലാമിലടക്കം വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിവിധ ഘടകങ്ങളിലും ഏതാനും സ്ഥാപനങ്ങളിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ഉണ്ടായി. വ്യക്തമായ നിലപാടും കൃത്യമായ കാഴ്ച്ചപ്പാടും എല്ലാ വിഷയങ്ങളിലും അദ്ദേഹത്തിന് ഉണ്ടായിരുന്നു. വിശിഷ്യാ ജാമിഅ നൂരിയ്യയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് അച്ചടക്ക കാര്യത്തില്‍ അദ്ദേഹത്തിന്റെ സേവനം വിലമതിക്കാനാകാത്തതാണ്. വിഷയങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ അധ്യാപന ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജാമിഅയുടെയും സഹസ്ഥാപനങ്ങളുടേയും വളര്‍ച്ചയെ വളരെ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് ഉസ്താദ് നോക്കി കണ്ടിരുന്നത്. മണ്ണാര്‍ക്കാട് ദാറുന്നജാത്തില്‍ ജാമിഅ ജൂനിയര്‍ കോളജ് സ്ഥാപിക്കുന്നതില്‍ മുന്‍കൈയെടുത്തതും ഉസ്താദായിരുന്നു.
കടുത്ത രോഗം തന്നെ ബാധിച്ചെന്നറിഞ്ഞപ്പോള്‍ ശയ്യാവലംബിയാകുന്നതിന് പകരം കൂടുതല്‍ കര്‍മ മേഖലകള്‍ രൂപപ്പെടുത്തി ചടുലമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് അദ്ദേഹം ചെയ്തത്. നവംബര്‍ നാലിന് മലപ്പുറത്ത് നടന്ന ശരീഅത്ത് റാലിയില്‍ തന്റെ അവശതകളെല്ലാം മറന്ന് പങ്കെടുത്ത ഉസ്താദിന്റെ ചിത്രം മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഡിസംബര്‍ മൂന്നിന് പാലക്കാട് ശരീഅത്ത് റാലിയിലും അദ്ദേഹം ആവേശപൂര്‍വം പങ്കാളിയായി. ഡിസംബര്‍ നാലിന് വൈകിട്ട് ജാമിഅയിലെത്തിയ അദ്ദേഹം പിറ്റേന്ന് ആരംഭിക്കുന്ന അര്‍ധവാര്‍ഷിക പരീക്ഷയുടെ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കിയാണ് ജാമിഅയില്‍ നിന്നും പടിയിറങ്ങിയത്. മലപ്പുറത്തെ ശരീഅത്ത് സംരക്ഷണ റാലിയില്‍ വച്ചാണ് അദ്ദേഹവുമായി അവസാനം വേദി പങ്കിട്ടത്.
അര നൂറ്റാണ്ടിലേറെക്കാലം അധ്യാപന രംഗത്ത് നിറഞ്ഞ് നിന്ന ഉസ്താദിന് സംസ്ഥാനത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ശിഷ്യ സമ്പത്തുണ്ട്. അധ്യാപനം തപസ്യയാക്കിയ അദ്ദേഹം മറ്റു സമയങ്ങളില്‍ മിക്കപ്പോഴും 'മുതാലഅ'യിലായിരുന്നു. സമസ്തയുടെ ഫത്‌വാ കമ്മിറ്റിയില്‍ അംഗമായ അദ്ദേഹം ഫത്‌വാ കമ്മിറ്റിക്ക് ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി തയാറാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. സമസ്തയുടെ പാഠപുസ്തക പരിശോധകനെന്ന നിലയില്‍ തന്റെ അവസാന ദിവസങ്ങളില്‍ വരെ വിദ്യാഭ്യാസ ബോര്‍ഡ് പരിഷ്‌കരിച്ച് പുറത്തിറക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന പാഠ പുസ്തകങ്ങളുടെ പരിശോധനാ ജോലികളില്‍ വ്യാപൃതനായിരുന്നു. സര്‍വ്വശക്തനായ അല്ലാഹു അദ്ദേഹത്തോടൊപ്പം നമ്മേയും സ്വര്‍ഗീയ ലോകത്ത് ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ - ആമീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."