ശശികല എ.ഐ.എ.ഡി.എം.കെ ജന.സെക്രട്ടറിയാകും
ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി ശശികല പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുമെന്ന് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചു. ശശികല ജനറല്‍ സെക്രട്ടറിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ അവര്‍തന്നെ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പാര്‍ട്ടി വക്താവ് സി.പൊന്നയ്യന്‍ പറഞ്ഞു.
54 കാരിയായ ശശികല നിലവില്‍ പാര്‍ട്ടി സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല. ശശികലയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് പാര്‍ട്ടി ഭരണഘടനയില്‍ ആവശ്യമായ ഭേദഗതി വരുത്തുമെന്നും വക്താവ് അറിയിച്ചു.
പാര്‍ട്ടിയെ ശശികല നയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ജയലളിതയ്ക്കൊപ്പമുണ്ടായിരുന്ന ശശികല തന്നെയാണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജയലളിതയുടെ മരണശേഷം അവരുടെ വസതിയായ പോയസ് ഗാര്‍ഡനിലാണ് ശശികല താമസിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് പാര്‍ട്ടി നേതാക്കളും പോഷക സംഘടനാ നേതാക്കളും പോയസ് ഗാര്‍ഡനിലെത്തി ശശികലയോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് അവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമെന്ന് വക്താവ് ഔദ്യോഗികമായി അറിയിച്ചത്.
30വര്‍ഷത്തോളം ജയലളിതയുടെ സന്തതസഹചാരിയായിരുന്ന ശശികലയെയാണ് നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വവും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ജയലളിതയുടെ പ്രവര്‍ത്തന ശൈലിയും ശശികലക്ക് ഉള്‍ക്കൊള്ളാനാകും. അമ്മയെ പോലെ ചിന്നമ്മക്കും ഒരോ പാര്‍ട്ടി പ്രവര്‍ത്തകരെയും നന്നായറിയാം. പാര്‍ട്ടിയുടെ അച്ചടക്കം തുടര്‍ന്നും നിലനിര്‍ത്താന്‍ ചിന്നമ്മ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകണമെന്നും പനീര്‍ ശെല്‍വം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."