ഐ.എസ്.എല്‍ ഫൈനല്‍ കസേര ടിക്കറ്റുകള്‍ കിട്ടാക്കനി; ഗ്യാലറി ടിക്കറ്റിനും ക്യൂ
കൊച്ചി: പ്രഥമ സീസണിന്റെ ആവര്‍ത്തനമായി കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള കലാശപ്പോരാട്ടത്തില്‍ ആരായിരിക്കും ചരിത്രം കുറിക്കുകയെന്ന ആകാംക്ഷയിലാണു ഫുട്‌ബോള്‍ പ്രേമികള്‍. ഫൈനല്‍ കൊച്ചിയിലായതും ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുകയും ചെയ്തതോടെ ടിക്കറ്റുകള്‍ കട്ടാക്കനിയായ അവസ്ഥയാണിപ്പോള്‍. രണ്ടാം പാദ സെമി ഫൈനല്‍ മത്സര ഫലം വന്നതോടെ ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റു വില്‍പന സജീവമായിരുന്നു. ഇന്നലെ ഉച്ചയോടെ തന്നെ കസേരകളിലേക്കുള്ള ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റഴിഞ്ഞതായാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്. അവശേഷിക്കുന്ന ഗ്യാലറി ടിക്കറ്റുകളും ഇന്നലെ തന്നെ വിറ്റുതീരുന്ന അവസ്ഥയിലാണ്.
ഐ.എസ്.എല്‍ സംഘാടക സമിതിയും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും തമ്മിലുള്ള കരാര്‍ പ്രകാരമാണ് കൊച്ചിയിലെ ഐ.എസ്.എല്‍ ലീഗ് മത്സരങ്ങള്‍ നടന്നത്. എന്നാല്‍ ഫൈനല്‍ മത്സരത്തിന്റെ നടത്തിപ്പ് ഇതില്‍ നിന്നു വ്യത്യസ്തമായിട്ടാണ്. നടത്തിപ്പു ചുമതലയും ഉത്തരവാദിത്വവും ഐ.എസ്.എല്‍ സംഘാടക സമിതിക്കാണ്. സ്റ്റേഡിയത്തിന്റേയും അനുബന്ധ സേവനങ്ങളുടേയും ഉത്തരവാദിത്വം മാത്രമാണ് കെ.എഫ്.എയ്ക്കുള്ളതെന്നു സെക്രട്ടറി അനില്‍കുമാര്‍ പറഞ്ഞു. ഫൈനല്‍ മത്സരത്തിനുള്ള എല്ലാ പ്രവേശന ടിക്കറ്റുകളും ഐ.എസ്.എല്‍ മാനേജ്‌മെന്റാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വില്‍പനയില്‍ വലിയ മുന്നേറ്റമാണ്.
ഫൈനല്‍ സ്വന്തം ഗ്രൗണ്ടിലായതിനാല്‍ അരലക്ഷത്തിലധികം ഫുട്‌ബോള്‍ പ്രേമികളുടെ ആരവങ്ങളോടെ ചാംപ്യന്‍ഷിപ്പില്‍ മുത്തമിടാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സിനു സ്വന്തമായിരിക്കുന്നത്. ഉജ്ജ്വല ഫോമില്‍ തുടര്‍ച്ചയായി ആറു മത്സരങ്ങളാണ് ഹോം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. ഈ ഒരു മുന്‍തൂക്കം ആയിരിക്കും കേരളത്തിന്റെ സാധ്യത ഉയര്‍ത്തുക. മൂന്നു വര്‍ഷത്തിനിടെ രണ്ടു കീരീട നേട്ടങ്ങള്‍ എന്ന റെക്കോര്‍ഡ് കുറിക്കാനാണ് കൊല്‍ക്കത്ത ടീം കൊച്ചിയില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."