ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യ സെമിയില്‍
ലക്നോ: ഉജ്ജ്വല പോരാട്ടത്തിലൂടെ സ്പെയിനിനെ പരാജയപ്പെടുത്തി ആതിഥേയരായ ഇന്ത്യ ജൂനിയര്‍ ഹോക്കി ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം പിടിച്ചത്. ഒരു ഗോളിനു മുന്നിട്ടു നിന്ന ശേഷമാണ് സ്പെയിന് തോല്‍വി വഴങ്ങിയത്. ഇന്ത്യക്കായി സിമ്രന്‍ജീത് സിങും ഹര്‍മന്‍പ്രീത് സിങും ഗോളുകള്‍ നേടി. ഇന്നു നടക്കുന്ന സെമിയില്‍ ആസ്ത്രേലിയയാണ് ഇന്ത്യയുടെ എതിരാളി.
കളി തുടങ്ങി 22ാം മിനുട്ടില്‍ മാര്‍ക്ക് സെറാഹിമയിലൂടെ സ്പെയിന് ലീഡെടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ചു പൊരുതി കളിച്ച ഇന്ത്യ വിജയത്തിലെത്തി. 57ാം മിനുട്ടില്‍ സമ്രന്ജീത് സിങാണ് ഇന്ത്യക്ക് സമനില സമ്മാനിച്ചത്.
സ്കോര്‍ ഒപ്പമെത്തിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ നിരന്തരം ആക്രമണം നടത്തി. ഇന്ത്യക്ക് അനുകൂലമായി ഒന്‍പതോളം പെനാല്‍റ്റികള്‍ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാന്‍ സാധിച്ചില്ല. അതിനിടെ 66ാം മിനുട്ടില്‍ ലഭിച്ച സെറ്റ് പീസിലൂടെ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യക്ക് വിജയ ഗോള്‍ സമ്മാനിച്ചു.
മികച്ച പന്തടക്കം പുറത്തെടുക്കാന്‍ സാധിച്ചതൊഴിച്ചാല്‍ ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്ത മികവിന്റെ പൂര്‍ണത ഇന്ത്യക്ക് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അവകാശപ്പെടാനില്ല. എന്നാല്‍ 2005ല്‍ റോട്ടര്‍ഡാമില്‍ നടന്ന ലോകകപ്പിന്റെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പാനിഷ് കരുത്തിനു മുന്നില്‍ കീഴടങ്ങിയതിന്റെ മധുര പ്രതികാരം ചെയ്യാന്‍ ഇന്ത്യന്‍ യുവതയ്ക്കായി.
മറ്റു ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ബെല്‍ജിയം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ 4-1നു കീഴടക്കിയപ്പോള്‍ ജര്‍മനി- ഇംഗ്ലണ്ടിനെ 4-2നും ആസ്ത്രേലിയ- ഹോളണ്ടിനെ 2-1നും പരാജയപ്പെടുത്തി സെമി ഉറപ്പാക്കി. നാളെ ആദ്യ സെമിയില്‍ ജര്‍മനി- ബെല്‍ജിയം പോരാട്ടം അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."