മുസ്‌ലിം വിവരശേഖരണത്തിനെതിരേ ഫേസ്ബുക്കും രംഗത്ത്
സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ മുസ്‌ലിം വിവരശേഖരണത്തിനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്കെതിരേ ഫേസ്ബുക്കും രംഗത്ത്. അമേരിക്ക കേന്ദ്രമായുള്ള വാര്‍ത്താ പോര്‍ട്ടലായ 'ദ ഇന്റര്‍സെപ്റ്റി'നോടാണ് ഫേസ്ബുക്ക് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മുസ്‌ലിം വിവരശേഖരണത്തിന് സഹായം ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും തങ്ങള്‍ അത്തരമൊരു കൃത്യം ചെയ്യില്ലെന്നും ഫേസ്ബുക്ക് അറിയിച്ചു. നൂറുകണക്കിന് സാങ്കേതികവിദഗ്ധര്‍ ട്രംപിന്റെ നീക്കത്തിനെതിരേ ശക്തമായ വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് പ്രസ്താവനയുമായി രംഗത്തെത്തിയത്.
നേരത്തേ ട്വിറ്റര്‍ അധികൃതരും ട്രംപിന്റെ നീക്കത്തിനെതിരേ രംഗത്തെത്തിയിരുന്നു. ഇത്തരമൊരു നടപടി ഭരണഘടനാവിരുദ്ധവും ക്രൂരവുമാണെന്നു പറഞ്ഞാണ് ഇവര്‍ ഇതിനെ തള്ളിക്കളഞ്ഞത്.
മുസ്‌ലിം വിവരശേഖരണത്തെക്കുറിച്ച് തുറന്നു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് സാങ്കേതിക കമ്പനികള്‍ക്ക് 22ഓളം നിയമവിഭാഗങ്ങള്‍ കത്തയച്ചിരുന്നു. എന്നാല്‍, ആപ്പിളും ഗൂഗിളും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അമേരിക്കയിലെ മുസ്‌ലിംകളുടെ വിവരശേഖരണം നടത്തുമെന്നും രാജ്യത്തെ ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."