ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഇംപീച്ച്മെന്റ് ഭീഷണിയില്‍
മനില: മയക്കുമരുന്ന് കേസില്‍ പിടിയിലായവരെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതത്തിനുപിറകെ ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂറ്റെര്ട്ടേ ഇംപീച്ച്മെന്റ് ഭീഷണിയില്‍.
ഡവാഓ സിറ്റിയില്‍ മേയറായിരിക്കെ നിരവധിപേരെ നേരിട്ട് കൊലപ്പെടുത്തിയെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡ്യൂറ്റെര്ട്ടേ കുറ്റസമ്മതം നടത്തിയത്. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രധാന എതിരാളികളടക്കമുള്ള സെനറ്റര്‍മാരും രാഷ്ട്രീയവൃത്തങ്ങളും ഡ്യൂറ്റെര്ട്ടേയുടെ ഇംപീച്ച്മെന്റ് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. പ്രസിഡന്റിന്റെ കുറ്റസമ്മതം അദ്ദേഹത്തെ പദവിയില്‍നിന്ന് പുറത്താക്കാനുള്ള നിയമപരമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് ഡ്യൂറ്റെര്ട്ടേയുടെ പ്രധാന വിമര്‍ശകയായ സെനറ്റര്‍ ലൈല ഡി ലിമയും സെനറ്റിന്റെ ജസ്റ്റിസ് കമ്മിറ്റി തലവന്‍ റിച്ചാര്‍ഡ് ഗോര്‍ഡണും പറഞ്ഞു.
പ്രസിഡന്റിന്റെ പ്രസ്താവന അതിശയോക്തിപരമാണെന്ന് നീതിന്യായമന്ത്രി വിറ്റാലിയാനോ അഗ്യൂറേ പറഞ്ഞു. ഡ്യൂറ്റെര്ട്ടേ ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ അത് നിയമപരമായ പരിധിക്കുള്ളില്‍നിന്നു മാത്രമായിരിക്കുമെന്നും കുറ്റവാളികള്‍ അറസ്റ്റ് വരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹം കൃത്യത്തിനു നിര്ബന്ധിതനായതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഡ്യൂറ്റെര്ട്ടേയെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ഇരുസഭകളിലും വിജയിക്കാന്‍ സാധ്യത കുറവാണ്. മയക്കുമരുന്നിനെതിരേ യുദ്ധം പ്രഖ്യാപിച്ച അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷമുണ്ട്.
ഡ്യൂറ്റെര്ട്ടേ അധികാരമേറ്റശേഷം ഫിലിപ്പൈന്‍സില്‍ 2,000ത്തിലേറെപേര്‍ വിവിധ മയക്കുമരുന്ന് വിരുദ്ധ ഓപറേഷനുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."