അലെപ്പോയ്ക്ക് ഐക്യദാര്‍ഢ്യവുമായി ലോകം
പാരിസ്: അലെപ്പോയില്‍ സിറിയന്‍ സൈന്യം നടത്തുന്ന കൂട്ടക്കുരുതിക്കെതിരേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഗോളസമൂഹം. സേവ് അലെപ്പോ, സ്റ്റാന്റ് വിത്ത് അലെപ്പോ തുടങ്ങിയ ഹാഷ് ടാഗുകളില്‍ ഓണ്‍ലൈനില്‍ അലെപ്പോയ്ക്കുവേണ്ടി പ്രചാരണം ശക്തമാണ്. വിവിധ രാജ്യങ്ങളും അലെപ്പോ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഈമാസം 18നുള്ള ദേശീയ ദിനാഘോഷം റദ്ദാക്കി ഖത്തറാണ് ആദ്യം രംഗത്തെത്തിയത്. ദിനാഘോഷത്തിന്റെ ഭാഗമായ വെടിക്കെട്ടും ആഹ്ലാദപരിപാടികളും ഒഴിവാക്കും. അലെപ്പോയുടെ ദുഃഖത്തില്‍ പങ്കാളിയാകാന്‍ പാരിസിലെ ഈഫല്‍ ഗോപുരത്തില്‍ ഇന്നലെ രാത്രി എട്ടുമണിയോടെ വൈദ്യുതവിളക്കുകള്‍ അണച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടായിരുന്നു ഈ പ്രതിഷേധം. അലെപ്പോയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളില്‍ റാലികള്‍ നടന്നു.
കിഴക്കന്‍ അലെപ്പോയില്‍ കുടിയൊഴിപ്പിക്കല്‍ തുടരുന്നു
ദമസ്‌കസ്: സര്‍ക്കാര്‍ സേനക്കും വിമതര്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടരുന്നതിനിടെ സിറിയയിലെ യുദ്ധബാധിത പ്രദേശമായ കിഴക്കന്‍ അലെപ്പോയില്‍ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത് തുടരുന്നു.
അലെപ്പോയുടെ കിഴക്കന്‍ മേഖലയില്‍നിന്ന് പടിഞ്ഞാറന്‍ പ്രവിശ്യകളിലേക്കാണ് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത്. സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മിലുള്ള ആക്രമണത്തില്‍ പരുക്കേറ്റ നാട്ടുകാരെയാണ് ആദ്യമായി ഇവിടെനിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നത്. 30,000ത്തോളം പേരാണ് ആഭ്യന്തര യുദ്ധംരൂക്ഷമായതിനെ തുടര്‍ന്ന് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. റെഡ്‌ക്രോസ്, സിറിയന്‍ അറബ് റെഡ്ക്രസന്റ്, സര്‍ക്കാര്‍ എന്നിവയുടെ ആംബുലന്‍സ്, ബസ് എന്നിവ ഉപയോഗിച്ചാണ് മാറ്റിപ്പാര്‍പ്പിക്കല്‍.
കിഴക്കന്‍ അലെപ്പോയില്‍നിന്ന് 5,000ത്തോളം വിമതരെ നീക്കിയതായി സിറിയന്‍ സര്‍ക്കാരും സിറിയയുടെ പ്രധാന സഖ്യകക്ഷിയായ റഷ്യയും വ്യക്തമാക്കി. അതിനിടെ, കുടിയൊഴിപ്പിക്കുന്നവരുമായിപോയ വാഹനങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്ത ഒരാളെ സര്‍ക്കാര്‍ അനുകൂല സൈന്യം കൊലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."