യു.എസ് തെരഞ്ഞെടുപ്പ്; പുടിന്‍ നേരിട്ട് ഇടപെട്ടെന്ന് സി.ഐ.എ ഉദ്യോഗസ്ഥര്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ നേരിട്ട് ഇടപെട്ടെന്ന വെളിപ്പെടുത്തലുമായി സി.ഐ.എ ഉദ്യോഗസ്ഥര്‍. അമേരിക്കന്‍ ചാനലായ എന്‍.ബി.സിയോടാണ് പേര് വെളിപ്പെടുത്താത്ത രണ്ട് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതായുള്ള വാര്‍ത്ത നേരത്തേ പുറത്തുവന്നിട്ടുണ്ടെങ്കിലും പുടിന്റെ നേരിട്ടുള്ള ഇടപെടല്‍ വ്യക്തമായിരുന്നില്ല.
ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റിയുടെ ഇ-മെയിലുകള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ പുറത്തുവിട്ടത്തിനു പിന്നില്‍ പുടിന് ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഹിലരി ക്ലിന്റനോടുള്ള പ്രതികാരമായാണ് റഷ്യ ഇത്തരം നീക്കം നടത്തിയതെന്നും എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ രാഷ്ട്രീയത്തിലെ അഴിമതി പുറത്തുകൊണ്ടുവന്ന് ലോകതലത്തില്‍ അമേരിക്കയുടെ വിശ്വാസ്യത തകര്‍ക്കുകയായിരുന്നു റഷ്യന്‍ പദ്ധതി. എന്നാല്‍, പുതിയ വെളിപ്പെടുത്തലിനോട് സി.ഐ.എയും ദേശീയ രഹസ്യാന്വേഷണ ഡയരക്ടറുടെ ഓഫിസും ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ വിജയത്തിന് ആവശ്യമായ സഹായങ്ങള്‍ റഷ്യ നല്‍കിയെന്ന് സി.ഐ.എ വിശ്വസിക്കുന്നതായി, പേര് വെളിപ്പെടുത്താത്ത രഹസ്യ ഉറവിടങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത പൂര്‍ണമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടി ഇ-മെയിലുകള്‍ ചോര്‍ത്തിയതടക്കമുള്ള നീക്കങ്ങള്‍ റഷ്യ നടത്തിയതായി എഫ്.ബി.ഐ ഉദ്യോഗസ്ഥരും വെളിപ്പെടുത്തി. എന്നാല്‍, വാര്‍ത്ത നിഷേധിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ സംഘടനകളടക്കമുള്ള അമേരിക്കന്‍ സ്ഥാപനങ്ങളുടെയും പൗരന്മാരുടെയും ഇ-മെയിലുകള്‍ ചോര്‍ത്താന്‍ റഷ്യന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നതായി കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗവും ദേശീയ രഹസ്യാന്വേഷണ ഡയരക്ടറുടെ ഓഫിസും പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് ട്രംപിനെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നതിന് വ്യക്തമായ തെളിവുണ്ടായിരുന്നില്ല.
റഷ്യന്‍ സര്‍ക്കാരിലുള്ള പുടിന്റെ സ്വാധീനം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അറിവില്ലാതെ റഷ്യന്‍ അധികൃതര്‍ ഇത്തരമൊരു നീക്കം നടത്തില്ലെന്ന് അമേരിക്ക ഉറപ്പിക്കുന്നത്. പുടിന്‍ അറിയാതെ ഇക്കാര്യം നടക്കില്ലെന്ന് 2012 മുതല്‍ 2014 വരെ റഷ്യയിലെ അമേരിക്കന്‍ അംബാസഡറായ മൈക്കല്‍ മക്‌ഫോള്‍ വ്യക്തമാക്കി. 2011ല്‍ പുടിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹിലരി നടത്തിയ പ്രസ്താവനയെതുടര്‍ന്ന് ദീര്‍ഘകാലമായി പുടിന് ഹിലരിയോട് പകയുണ്ടായിരുന്നു. റഷ്യയോടുള്ള ട്രംപിന്റെ നിലപാടുകള്‍ പുടിന്‍ ഇഷ്ടപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."