പാരിസ്: ഫ്രഞ്ച് കപ്പിന്റെ ആവേശകരമായ ഫൈനലില്‍ ഒളിംപിക് മാര്സെല്ലിയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് പാരിസ് സെന്റ് ജെര്മെയ്ന് ചാംപ്യന്മാരായി. സൂപ്പര്‍ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ചിന്റെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ചാണ് പി.എസ്.ജി കിരീടം സ്വന്തമാക്കിയത്. അവസാന മത്സരത്തില്‍ ഇബ്രാഹിമോവിച്ച് നേടിയ ഇരട്ട ഗോളാണ് പി.എസ്.ജിയുടെ ജയം അനായാസമാക്കിയത്. ശേഷിച്ച ഗോളുകള്‍ ബ്ലെയ്സ് മാത്തിയൂഡിയും എഡിന്‍സന്‍ കവാനിയും സ്വന്തമാക്കി. പി.എസ്.ജിയുടെ 10ാം ഫ്രഞ്ച് കപ്പ് നേട്ടമാണ്.
ആക്രമണത്തിന് മുന്‍തൂക്കം നല്‍കിയാണ് പി.എസ്.ജി മത്സരം തുടങ്ങിയത്.
മൂന്നാം മിനുട്ടില്‍ തന്നെ പി.എസ്.ജി അക്കൗണ്ട് തുറന്നു. മാത്തിയൂഡിയായിരുന്നു സ്കോറര്‍. എന്നാല്‍ അധികം വൈകാതെ തന്നെ തൗവിന് മാര്‍സെല്ലിയുടെ സമനില ഗോള്‍ നേടി. ഈ ഗോളിന് ശേഷം മത്സരത്തിലേക്ക് തിരിച്ചുവന്ന മാര്‍സെല്ലി ആദ്യ പകുതിയില്‍ പി.എസ്.ജിയെ നന്നായി പ്രതിരോധിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഇബ്രാഹിമോവിച്ച് ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 47ാം മിനുട്ടില്‍ ടീമിന്റെ രണ്ടാം ഗോള്‍ നേടാന്‍ ഇബ്രയ്ക്ക് സാധിച്ചു. 57ാം മിനുട്ടില്‍ കവാനി സ്കോര്‍ ചെയ്തതോടെ ലീഡ് വീണ്ടും ഉയര്‍ന്നു. 82ാം മിനുട്ടില്‍ ഇബ്ര വീണ്ടും ടീമിനായി സ്കോര്‍ ചെയ്തു. അവസാന നിമിഷം ബാത്ഷുവായി മാര്സെല്ലിക്കായി രണ്ടാം ഗോള്‍ സ്കോര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."