അധികൃതര്‍ നോക്കുകുത്തി; പാണാവള്ളിയില്‍ നിലംനികത്തല്‍ വ്യാപകം
പൂച്ചാക്കല്‍: പാണാവള്ളി ആന്നലത്തോട് മേഖലകളില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി നിലംനികത്തല്‍ വ്യാപകം. നീരൊഴുക്കുള്ളതും തണ്ണീര്‍തടമായി പ്രഖ്യാപിച്ചവയില്‍ പെട്ടതുമായ ഏക്കര്‍ കണക്കിന് കൃഷി ഭൂമിയാണ് രാഷ്ട്രീയ നേതാക്കളുടെ പിന്‍ബലത്തില്‍ നികത്തുന്നത്. ആയുര്‍വേദ ആശുപത്രിയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം നികത്താന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞിരുന്നു.
തുടര്‍ന്നാണ് നിലവില്‍ കരിങ്കല്‍ തറ കെട്ടി അതിര് തിരിച്ച് മതില്‍ കെട്ടിമറച്ചിരിക്കുന്നത്. ഇതിനുള്ളില്‍ പൂഴിയിട്ട് നികത്താനുള്ള നീക്കമാണ് നടക്കുന്നത്. നിരവധി ട്രക്കുകളില്‍ രാത്രി കാലങ്ങളിലാണ് ഇവിടെ പൂഴിയടിച്ച് നികത്തിക്കൊണ്ടിരിക്കുന്നത്. ആന്നലത്തോട് പാലത്തിന്റെ രണ്ട് കരകളിലും റോഡിനോട് ചേര്‍ന്ന് കിടക്കുന്ന ഏക്കര്‍കണക്കിന് നിലമാണ് ഇത്തരത്തില്‍ നികത്താനൊരുങ്ങുന്നത്.
ആന്നലത്തോട് പ്രദേശം ഉള്‍പ്പെടുന്ന പാണാവള്ളി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ മുഴുവന്‍ സ്ഥലവും ചതുപ്പ് പ്രദേശമാണ്. മഴക്കാലത്ത് പെയ്ത്ത് വെള്ളം കെട്ടിക്കിടക്കുന്ന തണ്ണീര്‍തട കൃഷിഭൂമിയാണിത്. ഇത് വ്യാപകമായ തോതില്‍ നികത്തിയാല്‍ ശക്തമായ വെള്ളക്കെട്ടിന് സാധ്യത ഏറെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വെള്ളക്കെട്ട് മഴക്കാലത്ത് ജനജീവിതം ദുസ്സഹമാക്കും. നിലംനികത്തല്‍ തടയണമെന്ന് ആവശ്യപ്പെട്ട് റവന്യു , വിജിലന്‍സ്, പൊലീസ്, എന്നീ വകുപ്പുകള്‍ക്ക് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി സെക്രട്ടറി ടി. എം.ഹാഷിം പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."